ആത്മകഥ എഴുതാൻ ആരേയും ഏൽപ്പിച്ചിട്ടില്ലെന്ന് സഞ്ജയ് ദത്ത്

സഞ്ജയ് ദത്ത്– ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയ്  എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്കെതിരെ നിയമ നടപടിയുമായി ബോളിവുഡ് താരം സഞ്ജയ് ദത്ത്. രേഖ, രാജേഷ് ഖന്ന എന്നിവരുടെ ആത്മകഥ എഴുതിയ യാസെർ ഉസ്മാനാണ് പുസ്തകം എഴുതിയിരിക്കുന്നത്. എന്നാൽ താൻ ഏതെങ്കിലും വ്യക്തിയേയോ പ്രസാധകരെയോ  ആത്മകഥ  എഴുതാൻ ഏൽപ്പിച്ചിട്ടില്ലെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. 

ആധികാരികമായ ഉറവിടത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് പുസ്തകത്തിന്‍റെ പ്രസാധകരായ ജഗർനോട്ട് പബ്ളിക്കേഷൻസ് താനയച്ച നോട്ടീസിന് നൽകിയ മറുപടിയിൽ പറയുന്നുണ്ട്. തന്‍റെ തന്നെ പഴയ അഭിമുഖങ്ങളിൽ നിന്നും പത്രവാർത്തകളിൽ നിന്നുമാണ് പല വിവരങ്ങളും ശേഖരിച്ചിരിക്കുന്നത്. എന്നാൽ പുസ്തകത്തിലെ ഉള്ളടക്കത്തിനുവേണ്ടി ആശ്രയിച്ചിരിക്കുന്നത് കൂടുതലും 90കളിലെ ടാബ്ളോയ്ഡുകളിലും ഗോസിപ്പ് കോളങ്ങളിലും വന്ന വാർത്തകളാണ്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണവ.  യാസെർ ഉസ്മാനെതിരെ എന്തു നിയമ നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നത് നിയമവിദഗ്ധർ നൽകുന്ന ഉപദേശമനുസരിച്ചായിരിക്കുമെന്നും സഞ്ജയ് ദത്ത് ട്വീറ്റിൽ പറയുന്നു.

90കളിൽ ബോളിവുഡിലെ സൂപ്പർ താരമായിരുന്ന മാധുരി ദീക്ഷിതുമായി സഞ്ജയ് ദത്ത് പ്രണയത്തിലായിരുന്നുവെന്നും ഇതാണ് ഭാര്യ റിച്ചയുമായുള്ള അകൽച്ചക്ക് കാരണമെന്നും വിശദീകരിക്കുന്ന അഭിമുഖം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് സഞ്ജയ് ദത്തിനെ പ്രകോപിപ്പിച്ചത്. 

ഇതേക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യയിലെ ഗോസിപ്പ് കോളങ്ങളിൽ നിറയുമ്പോൾ കാൻസർ ബാധിതയായി വിദേശത്ത് ചികിത്സയിലായിരുന്നു സഞ്ജയിന്‍റെ ഭാര്യ റിച്ച ശർമ.  വാർത്തകളിൽ മനം നൊന്ത്  ഡോക്ടർമാരുടെ അനുമതിയോടെ ഇന്ത്യയിലെത്തിയ ഭാര്യയേയും മകളേയും സ്വീകരിക്കാൻ പോലും സഞ്ജയ് എത്തിയില്ലെന്നും റിച്ചയുടെ സഹോദരി പറയുന്നു. സഞ്ജയുമായി ഒരുമിച്ച് ജീവിക്കാൻ ഇന്ത്യയിലെത്തിയ റിച്ച അതിന് സാധിക്കാതെ വന്നപ്പോൾ ന്യൂയോർക്കിലേക്ക് തന്നെ തിരിച്ചുപോയി. പിന്നീട് സഞ്ജയ് വിവാഹമോചനത്തിന് കേസും ഫയൽ ചെയ്തു. ഇത് റിച്ചയെ മാനസികമായി തളർത്തി. തുടർന്ന് രോഗം മൂർച്ഛിക്കുകയും 1996ൽ മരിക്കുകയുമായിരുന്നു എന്ന് സഹോദരി വെളിപ്പെടുത്തുന്നു. റിച്ചയുടെ മരണശേഷം മകൾ തൃഷാലയെ ലഭിക്കുന്നതിന് വേണ്ടി സഞ്ജയ് ദത്തും റിച്ചയുടെ കുടുംബവും തമ്മിൽ നിയമപോരാട്ടം നടന്നു. 

Full View
Tags:    
News Summary - Sanjay Dutt- The crazy untold story of bollywood's bad boy-LIterature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT