പെരുമൺ തീവണ്ടിയപകടം നടന്ന ദിവസമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിവാഹം

തിരുവനന്തപുരം: പിന്നിലെത്ര ആളുണ്ടെന്നും മുന്നിലെത്ര ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ സഖാവ് മേഴ്സിക്കുട്ടിയമ്മയെ അളക്കരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഓഖിക്കോ സുനാമിക്കോ അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വർഗ്ഗ ബോധത്തേയും എടുത്തു കൊണ്ടുപോകാനാവില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 

പെരുമൺ തീവണ്ടിയപകടം നടന്ന ദിവസമായിരുന്നു സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ വിവാഹം. മിന്നുകെട്ടിന്റെ ചടങ്ങുകൾ മുഴുവൻ കഴിയുന്നതിനു മുൻപ് വിവാഹ വേദിയിൽ നിന്ന് ദുരന്തഭൂമിയിലേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ അവരെ രാഷ്ട്രീയ മര്യാദകളോ മാനുഷികതയോ പഠിപ്പിക്കുവാൻ മറ്റൊരാൾ മുതിരേണ്ടതില്ല. ഒരു സുപ്രഭാതത്തിൽ ആരെങ്കിലും വെള്ളിത്താലത്തിൽ വെച്ചു നീട്ടിക്കൊടുത്തു തുടങ്ങിയതല്ല അവരുടെ രാഷ്ട്രീയ ജീവിതം. 

മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കഷ്ടതകളുടെയും ദുരിതങ്ങളുടെയും ഇടയിൽ തന്നെ അവരോടൊപ്പം കരഞ്ഞും പൊരുതിയും വളർന്ന സഖാവിന്റെ, സ്ഥിരമായി സഹാനുഭൂതി പടർന്നു നിൽക്കുന്ന മുഖത്ത് ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട് ആ പോരാട്ടങ്ങളുടെ ഓർമ്മകളും ചരിതങ്ങളും. വിപ്ലവ ബോധമോ സഹജീവി സ്നേഹമോ അവർക്ക് ഒരിക്കലും ഒരു പ്രകടനമോ കയ്യടിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളോ ആയിരുന്നില്ല. വിവാദമുണ്ടാക്കാനായി അവരിന്നു വരെ ഒരു വാക്കും ഉരിയാടിയിട്ടുമില്ല. കടപ്പുറത്തുള്ളവർ താത്കാലിക ക്ഷോഭത്താലോ വേദനയാലോ എന്തു പറയുമ്പോഴും മേഴ്സിക്കുട്ടിയമ്മക്ക് അവരേയും അവർക്ക് മേഴ്സിക്കുട്ടിയമ്മയേയും തിരിച്ചറിയാം. സുനാമി ദുരിതകാലത്തെ ഫണ്ടു തിന്നു മുടിച്ചവരുടെ രാഷ്ട്രീയ കാലമൊക്കെ പെട്ടെന്നു മറന്ന് പോകരുത്. അന്നും മേഴ്സിക്കുട്ടിയമ്മ സ്വാർഥം നോക്കി പ്രവർത്തിച്ചിട്ടില്ല. വാവിട്ടു കരയുന്ന ദുരിതബാധിതരുടെ ചില വാക്കുകൾ ,അവരുടെ ക്ഷോഭങ്ങൾ അത് മേഴ്സിക്കുട്ടിയമ്മയെ അപമാനിക്കാനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങൾ തിരിച്ചറിയാനുള്ള വിവേകം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുണ്ട്. അവർക്കൊപ്പം എക്കാലത്തും നിന്നിരുന്ന സഖാവിനൊപ്പമേ അവർ നിൽക്കൂ..

പിന്നിലെത്ര ആളുണ്ടെന്നും മുന്നിലെത്ര ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ സഖാവ് മേഴ്സിക്കുട്ടിയമ്മയെ അളക്കരുത്.അവർ ആളു വേറെയാണ്. ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വർഗ്ഗ ബോധത്തേയും. കാരണം കാരുണ്യവും രാഷ്ട്രീയവും അവർക്ക് ഒരു ഫേസ് പാക്ക് മാത്രമല്ല..

Tags:    
News Summary - Saradakutty about J Mercikutty Amma-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.