മാധവിയെക്കുട്ടിയെ 'സിനിമയിലെടുത്തു'

തിരുവനന്തപുരം: മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാൻ ശ്രമിച്ചത് കമൽ എന്ന ശരാശരി സംവിധായകനായിപ്പോയത് നിർഭാഗ്യമായിപ്പോയിയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. എടുത്താൽ പൊങ്ങാത്തത് എടുത്ത് കാൽ വഴുതി വീഴുകയാണ് കമൽ. വിദ്യാബലൻ രക്ഷപ്പെട്ടു, മഞ്ജു വാര്യർ പെട്ടു എന്നാണ് വിവാദത്തിൽ കമലിനെ കുറ്റപ്പെടുത്തിക്കൊണ്ട് ശാരദക്കുട്ടി പറയുന്നത്.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്‍റെ പെൺ സങ്കൽപ്പത്തെ പിടിച്ചിരുത്തിയാൽ അതിന് വല്ലാതെ പൊള്ളും.

ലൈംഗികത എന്തെന്നും സ്ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവർ ഊർജ്ജവതികളായ ചില സ്ത്രീകളെ നേർക്കുനേർ കാണുമ്പോൾ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവർ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാൻ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്നങ്ങളെ പടിക്കു പുറത്തു നിർത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാൻ ശ്രമിച്ചത് നിർഭാഗ്യവശാൽ കമൽ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താൽ പൊങ്ങാത്ത വി.കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാൽ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ 'സിനിമയിലെടുത്തു' എന്ന ആ അന്ധാളിപ്പിൽ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈർമല്യം, മൂക്കുത്തി, മഞ്ജു വാര്യർ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലൻ രക്ഷപ്പെട്ടു മഞ്ജു വാര്യർ പെട്ടു എന്നു പറയുന്നതാകും ശരി.

Tags:    
News Summary - Saradakutty says about director Kamal-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT