പശുശാപമുണ്ടോ എന്നറിയില്ല, പക്ഷെ ശിശുശാപം തീർച്ചയായുമുണ്ട്

കോഴിക്കോട്: പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ടെന്ന് സ്വതന്ത്ര്യദിനത്തിൽ എഴുതിയ ഫേസ്ബുക് പോസ്റ്റിൽ പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രൻ. മിണ്ടാപ്രാണികളായ  കുരുന്നുകൾക്കു വേണ്ടിയാണ് ഞാൻ ശബ്ദിക്കുന്നത് എന്ന് പറയുന്ന സുഭാഷ് ചന്ദ്രൻ നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാർശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെ നിങ്ങൾ ഇന്നേ കൊന്നിരിക്കുന്നു എന്നും ഗോരഖ്പുർ ദുരന്തത്തെ പരാമർശിച്ചുകൊണ്ട് എഴുതിയിരിക്കുന്നു. പ്രാണവായു നിഷേധിക്കപ്പെട്ട്‌ പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല അവർക്ക്‌ വോട്ടവകാശവും ഇല്ല. അതുകൊണ്ടാണ് മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ ശബ്ദിക്കുന്നതെന്ന് സുഭാഷ് ചന്ദ്രൻ വ്യക്തമാക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

ഉജ്ജ്വലനായ ഒരു ദേശീയ നേതാവിന്‍റെ പേരുകിട്ടാൻ അഞ്ചു വയസ്സിൽ അച്ഛനോട് കരഞ്ഞു വാശി പിടിച്ച കുട്ടിയായിരുന്നു ഞാൻ. അതുകൊണ്ട്‌ കുട്ടിത്തം എന്താണെന്ന് , അതിന്റെ ശക്തി എന്താണെന്ന് എനിക്കു നന്നായി അറിയാം. കടുത്ത ആസ്ത്മക്കാരനായ കുട്ടിയായിരുന്നതുകൊണ്ട്‌, നേരെ കിടന്ന് പ്രാണൻ പോകട്ടെ എന്ന് ആശംസിച്ചുകൊണ്ട്‌ നെഞ്ചിൽ നിന്നു പറിച്ചെടുത്ത്‌ അമ്മ പായിൽ മലർത്തിക്കിടത്താറുള്ള ശിശുവായിരുന്നു ഞാൻ.
അതുകൊണ്ട്‌ പ്രാണവായു കിട്ടാതെയുള്ള മരണം എന്താണെന്നും എനിക്കു നന്നായി അറിയാം.
കഴിഞ്ഞു പോയ വർഷങ്ങളിൽ ആളുകളായ ആളുകൾ മുഴുവൻ കൊടിയുടെ നിറത്തിന്‍റെ പേരിൽ, തങ്ങൾ വിശ്വസിക്കുന്ന സംഘടനയുടെ പേരിൽ, താനുൾപ്പെട്ട ജാതിയുടെയും മതത്തിന്‍റെയും പേരിൽ, ലിംഗത്തിന്‍റെയും സ്വത്തിന്‍റെയും ബലാബലങ്ങളുടെ പേരിൽ ചേരി തിരിഞ്ഞ്‌ വാക്കുകൊണ്ടും ആയുധം കൊണ്ടും പോരടിച്ചുകൊണ്ടേയിരുന്നപ്പോൾ ഞാൻ മിണ്ടാതിരുന്നത്‌ ഞാൻ ഊമയായതുകൊണ്ടല്ല. എന്‍റെ വാക്കിനെ എന്നേക്കാൾ ഊക്കിൽ പറയാൻ ഇവിടെ ലക്ഷക്കണക്കിനു പേർ വേറേയും ഉണ്ടായിരുന്നതുകൊണ്ടാണ്.

എന്നാൽ ഇന്നെനിക്കു ശബ്ദിക്കേണ്ടിയിരിക്കുന്നു.
കാരണം പ്രാണവായു നിഷേധിക്കപ്പെട്ട്‌ പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല.
തങ്ങൾ ഏതു മതത്തിൽ ഏതു ജാതിയിൽ ഏതു ലിംഗത്തിൽ എന്ന വിഷവാക്സിൻ എടുക്കാൻ അവർക്കു പ്രായമായിരുന്നില്ല.
ഓ, അവർക്ക്‌ വോട്ടവകാശവും ഇല്ലായിരുന്നല്ലോ.
അതുകൊണ്ട്‌ മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ ശബ്ദിക്കുന്നു.
ഇത്‌ അനീതിയാണ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ട്‌. കാരണം നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാർശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെ നിങ്ങൾ ഇന്നേ കൊന്നിരിക്കുന്നു!

സുഭാഷ്‌ ചന്ദ്രബോസിന്റെ പേരു ഞാൻ അന്നേ കരഞ്ഞു സ്വന്തമാക്കിയത്‌ എന്റെ ദേശസ്നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തിൽ ഇന്നീ വരികൾ കുറിക്കുവാനുള്ള അർഹതയ്ക്കുവേണ്ടിയാണ്. പായിൽ മലർത്തിക്കിടത്തിയപ്പോൾ അന്നു പ്രാണനുപേക്ഷിക്കാതെ പിടിച്ചു നിന്നത്‌ ഈ സ്വാതന്ത്ര്യദിനത്തിൽ ആ എഴുപത്തിയാറു മിണ്ടാപ്രാണികൾക്കു വേണ്ടി മിണ്ടാനാണ്. വന്ദ്യവയോധികനായ ഒരു മഹാകവിയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ
"നിന്നെക്കൊന്നവർ കൊന്നൂ പൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ!"

Full View
Tags:    
News Summary - Subhash chandran on Gorakhpur tragedy-literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.