‘‘കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ കണ്ടെത്തി’’ മനം മടുപ്പിച്ച ടെലിവിഷൻ കാഴ്ചയിൽ നിന്നാണ് അന്നത്തെ പുലരി ആരംഭിച്ചത്. പ്രതീക്ഷ എന്ന മൂന്നക്ഷരം വിധിയുടെ ആഴങ്ങളിൽ നിന്ന് തിരികെ എത്തിച്ച നഷ്ടപ്പെടലിെൻറ, സങ്കടത്തിെൻറ, ഇല്ലാതാകലിെൻറ തിരിച്ചറിവിലേക്ക് വഴി മാറിയ രാവ് ഇരുട്ടി വെളുക്കും വരെയുള്ള സമയം.
നമുക്ക് എന്തെങ്കിലും കാര്യമായി സംഭവിക്കുമ്പോൾ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത് ഒന്നുമല്ല വേദന എന്ന് നാമോരോരുത്തരും തിരിച്ചറിയാൻ ശ്രമിക്കുന്നത്. ഇതുവരെ നേരിൽ കണ്ടിട്ട് പോലുമില്ലാത്ത, നമ്മുടെ ആരുമല്ലാഞ്ഞിട്ട് കൂടി ചില വാർത്തകൾ സങ്കടക്കയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് തടയാൻ കൺപീലികൾക്ക് വിദഗ്ധമായ പരിശീലനം തന്നെ ഞാൻ നൽകിയിട്ടുണ്ട്. ചില ദുഃഖ സിനിമകൾ കാണുമ്പോൾ നിറഞ്ഞുതുളുമ്പി വരുന്ന കണ്ണീർ തുള്ളികൾ ആരും കാണാതെ, പോക്കറ്റിൽ നിന്നും ടവ്വൽ എടുത്ത്, മുഖത്തെ പൊടി തുടക്കാൻ എന്ന വ്യാജേന എത്ര വട്ടം കഴുകി കളഞ്ഞിരിക്കുന്നു. മൂക്കിനു താഴെയുള്ള മീശ പറയുന്നത് താൻ ഒരു പൗരുഷ പ്രതീകം ആണെന്നും അതുള്ളവൻ കരയാൻ പാടില്ലെന്നും സങ്കട കാഴ്ചകൾ വന്നാൽ ഒഴിവാക്കണം എന്നുമാണ്. വാർത്താ ചാനലുകൾ നിറഞ്ഞു കവിഞ്ഞു മിന്നുന്ന ഫ്ലാഷ് വാർത്തകൾ എല്ലാം ഇത്തിക്കരയാറും, മരണപ്പെട്ട പിഞ്ചുബാലികയുടേതുമായതിനാൽ ടിവി ഓഫ് ചെയ്തു. നെറ്റ് ഓണാക്കിയപ്പോൾ സകല ഗ്രൂപ്പുകളിൽ നിന്നും പുറത്തേക്ക് നിർഗമിച്ചതും ഇതു തന്നെയായിരുന്നു. മിക്കവരുടെയും വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആ ഒന്നാം ക്ലാസുകാരിയുടെ നിഷ്ക്കളങ്ക മുഖമായിരുന്നു. വല്ലാത്ത മടുപ്പ് തോന്നി.
നമ്മുടെ ആരുമല്ലാത്ത, എവിടെയോ ഉള്ള ഏതോ ഒരു കുട്ടിയുടെ സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ ഇടാൻ വല്ല മത്സരവും നടക്കുന്നുണ്ടോ എന്ന് തോന്നിപ്പോയി. പിന്നെ ഓർത്തു, നമ്മുടെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഇത് ഇടാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരിക്കില്ലല്ലോ നാം ഉണ്ടാവുക. മൊബൈൽ നോക്കിക്കൊണ്ടിരിക്കെ വീട്ടിലുള്ള മൂന്നു വയസുകാരി ഓടിയെത്തി. സംശയങ്ങളുടെ, തീർത്താൽ തീരാത്ത ചോദ്യങ്ങളുടെ, മതിവരാത്ത ഉത്തരങ്ങളുടെ ഒരു കലവറയുമായി ഫോൺ 'ആശാത്തി' കൈക്കലാക്കാൻ ശ്രമിക്കുകയാണ് ഇനി. ഇന്നലെ കരഞ്ഞപ്പോ വെച്ചു തന്നില്ലേ, ആ കാക്കയുടെ, മിയാവൂ പൂച്ചയുടെ, പിന്നെ താറാവിെൻറ, എലിയുടെ, (ടോം ആൻഡ് ജെറി യാണ് സംഭവം), ലുട്ടാപ്പി, മൊട്ടക്കാരൻ കുട്ടപ്പൻ വഴി ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാറിൽ എത്തുമ്പോഴേക്കും ഉറങ്ങി ഉറങ്ങി എെൻറ നെഞ്ചിൽ സുരക്ഷിതമായി വീഴുന്നവൾ. എനിക്കു വേണ്ടിയുള്ള മൂന്നുവയസ്സുകാരിയുടെ ഓരോ കാത്തിരിപ്പിലെയും രാവു തീരുന്നത് ഇങ്ങനെയൊക്കെയാണ്. ചുവപ്പ് അക്കങ്ങൾ ഇല്ലാത്ത കലണ്ടർ ഉണ്ടല്ലോ അത് ഒരു സഹനമാണ്.
‘‘പപ്പാച്ചി നാളെ ചുവപ്പ് ആണ്’’, കലണ്ടർ നോക്കാൻ ഒന്നും അറിയൂലെങ്കിലും ഞായറാഴ്ചകൾ മൂന്ന് വയസുകാരിക്ക് അവധി ദിനമാണ്. ‘‘വന്നിട്ട് പാർക്കിൽ കൊണ്ടോണം ട്ടോ’’ എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ സൺഡേ ഈവനിങ്ങുകളും.
കലണ്ടറിലെ ചുവപ്പ് അക്കങ്ങൾ ആഘോഷിക്കാൻ പറ്റാത്ത അവസ്ഥകളിലൂടെ ഒരിക്കലും കടന്നു പോകേണ്ടി വന്നിട്ടില്ലാത്തവർക്ക്, 50 കിലോമീറ്റർ പോലും ദൂരത്തിൽ ജോലി ചെയ്യേണ്ടി വന്നിട്ടില്ലാത്തവർക്ക്, പ്രഹസനവും ദുരിതവുമായ ഒരു ലൈഫ് ആയി മാത്രമേ എന്നെ പോലുള്ളവരോട് തോന്നൂ. പാതിരാത്രിയിൽ ബസിലെ തിരക്കിൽ എപ്പോഴെങ്കിലും നിന്നു യാത്ര ചെയ്തിട്ടുണ്ടോ.? കുറേ നേരം നിന്ന് നിന്ന് മടുക്കുമ്പോ ഇറങ്ങി പോകണം എന്ന തോന്നലിനെ ഇല്ലാതാക്കാൻ മാത്രം പവർ ഫുള്ളാണ് മൂന്നു വയസുകാരിക്ക് കൊടുത്ത പ്രോമിസ്. പലർക്കും ഇഷ്ടമില്ലാത്ത ഈ ജോലിയിലെ കുറ്റപ്പെടുത്തലുകളിലൂടെയും പാതിരക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥകളിലൂടെയും കടന്നു പോകാത്തവർക്ക് ഒരിക്കൽ പോലും മനസ്സിലാകാത്ത, ഒന്നിൽ കൂടിയാണ് എെൻറ ലൈഫ് ലൈൻ ഓടുന്നത്. അവധി കഴിഞ്ഞ് തിരിച്ച് പോകുന്ന ദിവസം രാവിലെ കുഞ്ഞാവയെ കാണാതെ ഒളിച്ചും പാത്തും പതുങ്ങിയും വീട്ടിൽ നിന്ന് ഒരിക്കലെങ്കിലും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ടോ? കുഞ്ഞുറങ്ങി കിടക്കുമ്പോ തങ്ങളുടെ കൈ വിരലുകളിൽ മുറുക്കി പിടിച്ചിരിക്കുന്ന മകളുടെ കുഞ്ഞിളം കൈകൾ നിഷ്ക്കരുണം തട്ടിമാറ്റി പിടഞ്ഞെണീറ്റ് ട്രെയിൻ കയറാൻ വേണ്ടി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒരിക്കൽപ്പോലും പോകേണ്ടി വരാത്തവർക്ക് ഇതെല്ലാം സിനിമാക്കഥയേക്കാൾ വിചിത്രമായിരിക്കും. അങ്ങനെ ഇറങ്ങിപ്പോകുമ്പോൾ, കലണ്ടറിലെ ഒരിക്കലും വരാത്ത ചുവപ്പ് അക്കങ്ങൾ തേടി അലയുന്ന ഒരു ഇരുട്ടാണ് ഞാൻ. മൂന്ന് വയസുകാരിക്ക് മാത്രം പ്രകാശം നിറക്കാൻ കഴിവുള്ള ഒരു പരാജിതൻ. പാർക്കിലെ ഊഞ്ഞാലിൽ ആടിയും ഐസ്ക്രീം കഴിച്ചും നമ്മളൊക്കെ വളർന്നു വന്ന വഴികളിൽ ചിലതൊക്കെയല്ലേ അവളിലൂടെ ഞാനീ കണ്ടു കൊണ്ടിരിക്കുന്നത്.
‘‘ആർ ഫോർ റെഡ് -ചുവപ്പ്, െഎ ഫോർ ഐശ്ക്രീം’’ അസൂയ തോന്നുന്നു അവളോട്.. ചൂണ്ടി കാണിക്കുന്ന കളിപ്പാട്ടം ഏതാണെങ്കിലും കിട്ടുമെന്ന് ഉറപ്പുള്ളവളേ, വാങ്ങി കൊടുക്കുന്ന ദിവസം തന്നെ നിബ് ഒടിച്ചു വലിച്ചെറിയാൻ ഉള്ളതാണെന്ന് അറിയാമായിട്ടും, വീണ്ടും വീണ്ടും സ്കെച്ച് പേനകളും വലിച്ചു കീറി കളയാൻ മാത്രമുള്ള കളറിങ്ങ് ബുക്കുകളും പിന്നെയും പിന്നെയും വാങ്ങുന്ന ഞാൻ പരാജിതനും വിഡ്ഢിയും അല്ലാതെ മറ്റെന്താണ്.? ഏറെ ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ എത്ര ആഗ്രഹങ്ങളും എത്ര കളിപ്പാട്ടങ്ങളും എത്ര സ്വപ്നങ്ങളും അനുഭവങ്ങളും ആണെന്നോ ഞാൻ എെൻറ തന്നെ ഉള്ളിൽ പിടിച്ച് നിർത്തി വെച്ചിരിക്കുന്നത്. ഞാൻ വഴക്ക് പറയുമ്പോൾ മാത്രം വിങ്ങി പൊട്ടി കരയുന്നവൾക്ക് ഒരു ദിവസം മാത്രമേയുള്ളൂ ആഴ്ചയിൽ എനിക്ക് നൽകാൻ. തിങ്കളാഴ്ച്ചകൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് ആ പെണ്ണ്.. എല്ലാ ദിവസവും തിങ്കളാഴ്ച ആയിരുന്നെങ്കിൽ എന്ന് ആഗ്രിക്കുന്നവൾ. ഒപ്പമുണ്ട് എന്ന് കള്ളം പറഞ്ഞ്..പറഞ്ഞ് ഞാൻ ഇതെങ്ങോട്ടാണ് ഓടിക്കൊണ്ടിരിക്കുന്നത്....( എത്രയും നിസ്സഹായനായ ഒരു പിതാവ് ).
പിന്നെ എങ്ങനെയാണ് ഒരു പകൽ മുഴുവൻ കേരളം കാത്തിരുന്ന നല്ല വാർത്ത രാവ് പുലർന്ന നേരം കൊണ്ട് നഷ്ടമായ, ഇല്ലാതായ മോശം വാർത്ത കൊണ്ട് ഞാൻ സ്റ്റാറ്റസാക്കിയിടുക. ഓരോ സ്റ്റാറ്റസ് അപ്ഡേറ്റുകളും ഒരു ഉൾവിളിയാണ്. എന്തൊക്കെയോ ആരെയൊക്കെയോ അറിയിക്കാനുള്ള വെറും ത്വര തന്നെയാണത്. ചില സമയങ്ങളിൽ അത് അറിവാണ്, ചിലപ്പോഴത് ഓർമപ്പെടുത്തലാണ്, ഏറെ പ്രിയപ്പെട്ട ഒരാൾ ഇവിടെ ഉണ്ടെന്ന് ഓർമിപ്പിക്കേണ്ടി വരുന്ന ഗതികേട്. നഷ്ടപ്പെടലിെൻറ കണക്കു പുസ്തകത്തിൽ ബാക്കിയായത് ഇതൊക്കെയാണെന്നത് സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന നിസ്സഹായതക്കും സ്റ്റാറ്റസ് എന്ന് തന്നെയാണ് ഇപ്പോൾ പേര്. എങ്കിലും മരണം കൂട്ടിക്കൊണ്ടുപോയ ആ പിഞ്ചു പൈതലിെൻറ സ്റ്റാറ്റസ് വല്ലാതെ മനം പൊള്ളിക്കുന്നുണ്ട്. മനഃപൂർവ്വം സ്റ്റാറ്റസ് ഇടാൻ മറന്നവരേ, നിങ്ങൾ ചെയ്തതാണ് ശരി. കൂടെ, വേണ്ടവരെ ആഴത്തിൽ അള്ളിപ്പിടിച്ചോണം. ആർക്കുമാരും ആവശ്യക്കാരല്ല.. അവനവെൻറ മനസും ശരീരവും പോലും ഒരേ ദിശയിലല്ല.. പിന്നെയാണ്....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.