കശ്മലകാക്കയുടെ കുഞ്ഞുങ്ങൾ

കശ്മല കാക്ക മുട്ടയിട്ടു വിരിഞ്ഞത് പൂച്ചവന്നു പറഞ്ഞപ്പോള്‍ ചിന്നുവും പപ്പിയും മെഹര്‍ബാ കോഴിയും പൂച്ചയും കല്യാണിപ്പശുവും കൂടി കുഞ്ഞുങ്ങളെ കാണാന്‍പോയി. മൂന്നു കാക്കക്കുഞ്ഞുങ്ങളെയും കശ്മല പരിചയപ്പെടുത്തി. ആദ്യത്തേത് ഷാരൂക്ക്, രണ്ടാമത്തേത് സല്‍മാന്‍, മൂന്നാമത്തേത് പെണ്‍കുഞ്ഞായതുകൊണ്ട് കാജോള്‍ എന്നും പേരിട്ടു. അവര്‍ കുഞ്ഞുങ്ങളെ കണ്ടു തിരിച്ചുവരുമ്പോള്‍ കശ്മല കാക്കയും കൂടെ വന്നു. അപ്പോള്‍ പതുങ്ങിയിരുന്ന നരിമാന്‍ വന്നു കുഞ്ഞുങ്ങളെ വിളിച്ചു. 

‘നരിമാനാ മോനേ ഷാരൂക്കേ വാതില്‍ തുറക്ക്’ ആരും മിണ്ടിയില്ല. ആരുവന്നാലും വാതില്‍ തുറക്കരുതെന്ന് കശ്മല കാക്ക ഏല്‍പിച്ചിട്ടാണ് പോയത്. നരിമാന്‍ പിന്നെയും പറഞ്ഞു. ‘സല്‍മാന്‍ മോനേ വാതിലു തുറക്ക്’. 
ആരും മിണ്ടിയില്ല.

‘കാജോളു മോളേ നീയെങ്കിലും തുറക്ക്, നരിമാമന്‍ ഇപ്പൊ കരയുമേ, കരഞ്ഞുകരഞ്ഞു ചാകുമേ’
‘നരിമാമാ, വാതില്‍ ചാരിയിട്ടേയുള്ളൂ, മാമനു തള്ളിയാല്‍ തുറക്കാം’. കാജോള്‍ മധുരമായി പറഞ്ഞു. നരിമാമന്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന് മൂന്നാളെയും വിഴുങ്ങി. വയ്യാതെ അവിടെ വീണുറങ്ങി. കശ്മല കാക്ക തിരിച്ചുവന്നപ്പോള്‍ ഒറ്റനോട്ടത്തില്‍ കാര്യം മനസ്സിലാക്കി. 

ഉടന്‍ പോയി അടുപ്പത്ത് വലിയൊരു കലത്തില്‍ വെള്ളംവെച്ചു. എന്നിട്ട് നരിമാനെ വിളിച്ചുണര്‍ത്തി ചോദിച്ചു. ‘നരിമാമന് ചോറുവേണോ ഗോതമ്പുണ്ടവേണോ അത്താഴത്തിന്?’
കണ്ണുമിഴിയാതെ ലക്കുകെട്ട് നരിമാമന്‍ അടുപ്പിന്‍െറ ചുവട്ടില്‍ വീണുറങ്ങിക്കൊണ്ട് പിറുപിറുത്തു. ‘എന്തായാലും മതി, കശ്മല കാക്കേ, ഞാനൊന്നുറങ്ങട്ടെ’. 

കശ്മല തിളച്ചവെള്ളം നരിയുടെ ദേഹത്തേക്ക് ചരിച്ചു. നരിപൊള്ളി ചത്തുപോയി. നരിയുടെ വയറുകീറി മൂന്നു മക്കളെയും പുറത്തെടുത്ത് കശ്മല സുഖമായി താമസിച്ചു.

Tags:    
News Summary - Ashitha's story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.