അയലത്തെ കോവിഡ്​ രോഗി -കഥ

‘‘നി​​​െൻറ വീട്ടിനടുത്തു ഒരു കോവിഡ് ഉണ്ടല്ലേ...? ’’ വേലായുധേട്ട​​​െൻറ ചോദ്യം കേട്ട് എൻറ്റുള്ളൊന്ന് പിടഞ്ഞു.. ഈശ്വരാ...! ആർക്കാ...?

കുറ്റിക്കോട്ട് സോമന്...പുള്ളി ഗുജറാത്തീന്ന് വന്നതാ. 

കഷ്​ടിച്ച്​ അര കിലോമീറ്റർ ദൂരെയാണ് സോമേട്ട​​​െൻറ വീട്. സോമേട്ടൻ നാട്ടിൽ വന്നു താമസിച്ചതാണ്. സ്വദേശം 10 കിലോമീറ്റർ അകലെയും. ഞാൻ വല്ലാതായി.. കോവിഡ്​ 19 എ​​​െൻറ നാട്ടിലും..!!!

സോമേട്ട​​​െൻറ കുടുംബം ഗുജറാത്തിലാണ്. മകളുടെ പ്രസവത്തിനു വേണ്ടി അവിടേക്ക് പോയി ലോക്ക് ഡൗണിന് മുമ്പ്​. പെട്ടു..! മൂന്നു മാസം.. സോമേട്ടന് സഹികെട്ടു..! ഒറ്റക്ക് തിരികെ പോന്നു... ഒറ്റക്ക്..!!!

ഞാൻ ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു. ചാറ്റൽ മഴയുണ്ട്.. ഫോൺ ബെല്ലടിക്കുന്നു. സൈഡ് ആക്കി ഫോൺ എടുത്തു.. രഞ്ജുവേട്ടൻ..

"അറിഞ്ഞില്ലേ...?"
എന്ത്..?
ശ്രദ്ധിക്കണേ...സോമേട്ടന്....!!!!"
-ഉള്ള്​ പിന്നേം കാളി..!

വീട്ടിലെത്തി. നേരെ ബാത്ത്​റൂമിലെത്തി.. സോപ്പും വെള്ളവും ഉപയോഗിച്ചു ശരിക്കും കുളിച്ചു.. ഫോണിൽ മൂന്ന്​ മിസ്ഡ് കാൾ.. തിരിച്ചു വിളിച്ചു. എല്ലാവരും തുടങ്ങിയത് ഇങ്ങനെ തന്നെ. ‘അറിഞ്ഞില്ലേ....?!!!’
ടെൻഷൻ കൂടി. വാർഡ് മെംബറെ വിളിച്ചു.

‘സൈനബാ മെംബറെ...’ മെമ്പർ കലി തുള്ളി നിൽക്കുന്നു..
എന്തേ ?.. -ആ മറുപടിയിൽ തന്നെ രോഷം പ്രകമാണ്. ‘സോമേട്ടൻ..’ പറഞ്ഞു തുടങ്ങിയില്ല..

‘‘ൻറള്ളാ...ഞാൻ തോറ്റ്.. ങ്ങള് ഒരു മനുഷ്യൻ അല്ലെ.. ഇതിപ്പോ 24ാമത്തെ ആളാണ് വിളിക്കുന്നത്​. ഞാൻ പറഞ്ഞ്​ പറഞ്ഞ്​ തോറ്റ്...!! എല്ലാ ടെസ്റ്റും കഴിഞ്ഞു ഹോം ക്വാറൻറീനിൽ കഴിയുന്ന ഒരു സാധുവിനെ നിങ്ങളെല്ലാവരും കൂടി എന്തിനാ ഉപദ്രവിക്കുന്നത്​.? നോക്കൂ.. അയാളും ഒരു മനുഷ്യനാണ്. അയാൾക്ക് ഒന്നും ഇല്ല. നമ്മളെ പോലെ തന്നെ ഒരു സാധാരണ മനുഷ്യൻ...!!’’

‘‘ഓ.കെ മെംബറെ.. ഞാൻ പേടിച്ചു പോയി..അതുകൊണ്ടാ. സമാധാനമായി.’’-ദാ വരുന്നു അടുത്ത കാൾ. ഉണ്ണിയേട്ടൻ.. ‘‘എന്താ ഉണ്ണിയേട്ടാ..’’

സോമൻ അവിടുന്ന് വണ്ടി സ്റ്റാർട്ട് ആക്കുന്നുണ്ടല്ലോ. അവൻ രാത്രി മുങ്ങാൻ ഉള്ള പ്ലാൻ ആണ്​ ട്ടോ..

പടച്ചോനെ..!! പുള്ളി തറവാട്ടിലേക്ക് പോകാനുള്ള പരിപാടി ആണോ..? -അല്ലായിരുന്നു. പാവം മൂന്ന്​ മാസം മുമ്പ്​ നിർത്തിയിട്ട് പോയ ബൈക്ക്​ സ്റ്റാർട്ട് ആകുമോന്ന് നോക്കിയതായിരുന്നു.. കുറെ കിക്ക് ചെയ്ത്​ ഒടുവിൽ സ്റ്റാർട്ട് ആയപ്പോ ഒന്നു റേസ് ചെയ്‌തു..! ലോകമേ...!! -സോമേട്ടനെ ഒന്നു വിളിച്ചാലോ.. വിളിച്ചു. 

representational image
 

‘‘എന്തൊക്കെയാ..ഭക്ഷണം ഒക്കെ ഉണ്ടോ..? ’’
ഉണ്ട്..!
ഒാ.കെ.. ശ്രദ്ധിക്കണം. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചോളൂ..! എന്നു പറയുമ്പോഴും വിളിക്കല്ലേ എന്നു മനസ്സ് പറഞ്ഞിരുന്നോ...?!!
ഫോൺ ചാർജിൽ ഇട്ടു നേരെഡൈനിങ്ങ് ടേബിളിലേക്കു..! 

ഫോൺ അതാ അടിക്കുന്നു.-ഭാര്യയുടെ ശബ്ദം. ഫോണിനടുത്തെത്തി. പടച്ചോനെ സോമേട്ടൻ..!!!

എന്താ സോമേട്ടാ...?!
‘‘എനിക്ക് ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി തരോ..? ഫുഡ് ഒക്കെ ഇവിടുണ്ട്.. ഇതു കിട്ടിയാൽ നന്നായിരുന്നു. വിൽസ് ആണേ..വിൽസ്.! ’’
ഒരു ലഹരിവിരുദ്ധ പ്രവർത്തകനോട് ചോദിക്കാൻ പറ്റിയ കാര്യം.. !!
ആദ്യം എനിക്ക് ദേഷ്യം വന്നു. പിന്നെ ഓർത്തപ്പോ സങ്കടവും..!

എന്തെങ്കിലും ആട്ടെ.. ഞാൻ രണ്ട്​ 50 രൂപ നോട്ടുകളെടുത്ത്​ കടയിലെത്തി. 50 രൂപ നൽകി​ സ്വകാര്യമായി പറഞ്ഞു ഒരു പേക്ക് വിൽസ്..!
പീടികയിലെ വിജയേട്ടൻ ചിരിച്ചു. ‘‘വിൽസ് പേക്കറ്റിന് 110 രൂപയാ..! ’’

കണ്ണു തള്ളി പോയി.. ഒരു പേക്കറ്റിന് 110 രൂപയോ..? !! -എന്നാൽ അര പേക്ക് മതി. ഞാൻ രണ്ടാമത്തെ അമ്പതും പോക്കറ്റിൽ നിന്നെടുത്തു..

‘‘സോമേട്ടന് ആയിരിക്കും ലെ..! ’’ വിജയേട്ടൻ കണ്ണിറുക്കി ചിരിച്ചു.. ചിരി എല്ലാവരും കണ്ടു, പറഞ്ഞത് ആരും കേട്ടിട്ടില്ല..!!

smoking is injurious to health
 

ഞാൻ വിൽസുമായി സോമേട്ട​​​െൻറ വീട്ടിൽ എത്തി.

‘സോമേട്ടാ...!’ വിളി അൽപം ഉച്ചത്തിലായിപോയി. ചുറ്റുപാടു നിന്ന്​ ആരെക്കെയോ എന്നെ നോക്കുന്നുണ്ട്.
കടുവക്കൂട്ടിലേക്ക് കടന്നു വന്നവനെ നോക്കും പോലെ..! വിൽസ് പടിയിൽ വച്ചു. സോമേട്ടൻ ഹാപ്പി...!!

വീട്ടിലെത്തിയപ്പോൾ ഭാര്യ ഹാൻഡ് വാഷും ബക്കറ്റും വെള്ളവുമായി പടിയിൽ നിൽക്കുന്നു. മൂന്ന്​ മാസമായിട്ട്​ ഇങ്ങനെ ഞാൻ കണ്ടിട്ടില്ല. ഈശ്വരാ..!! ക്വാറൻറീൻ ഇങ്ങനെ ആണേൽ കോവിഡ് ആണേൽ എന്തായിരിക്കും സ്ഥിതി..!

ചെവികളിൽ ‘വെറുപ്പിച്ച’ ആ ഡയലർ ടോൺ വീണ്ടും മധുരമായ് മുഴങ്ങി. ‘ചെറുത്തു തോൽപിക്കേണ്ടത് കോവിഡിനെയാണ്.. കോവിഡ് രോഗികളെയല്ല..! ’

(കഥ കാര്യമാണെങ്കിലും കഥാപാത്രങ്ങൾ സാങ്കല്പികം.!)

Tags:    
News Summary - covid patient beside home story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.