തനിച്ചിനി എത്രനാള്‍? -കഥ

ന്നലെയും കളളന്‍ വന്നിരുന്നു. ഇന്നും വരും, നാളെയും. ഇന്നലെ കളളന്‍ വന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയിലാണ്. കളളനെ നിരീക്ഷിച്ചിരിക്കുന്നത് രസകരമാണ്. എന്തുമാത്രം ബുദ്ധികൂര്‍മ്മതയും കൗശലവുമാണ് കളളന്‍റെ കൈയിലുളളത്. അവസാനത്തെ രീതി കാണുമ്പോള്‍ തോന്നും, ഇതോടെ കഴിഞ്ഞു, ഇനി പുതിയതൊന്ന് അവന്‍റെ പക്കലുണ്ടാവില്ല എന്ന്​. പക്ഷേ അടുത്ത കുറി അതുവരെ പ്രയോഗിക്കാത്ത മറ്റൊന്ന് അവനെടുക്കും. കളളനു മുന്നില്‍ എപ്പോഴും പുതിയ വഴികള്‍ തുറന്നു കൊണ്ടിരുന്നു. കളളന്‍ പുതിയവ സൃഷ്ടിച്ചുകൊണ്ടിരുന്നു. അതു നോക്കിയിരിക്കുമ്പോഴാണ് ഒരു കളളനാവുക എത്ര വിഷമം പിടിച്ച കാര്യമാണെന്ന് തിരിച്ചറിയുക. 

വാതിലും ജനാലയും ഭദ്രമായി അടച്ചിരുന്നു. എല്ലാ മുറിയും താഴിട്ടു പൂട്ടിയില്ലേ എന്ന്​ കിടക്കുന്നതിനു മുമ്പ്​ ഒന്നൂടെ തിട്ടപ്പെടുത്തിയിരുന്നു. ഒരേ ഒരു വഴിയേ കളളനു മുന്നില്‍ ഉണ്ടായിരുന്നുളളൂ. വാതില്‍ പഴുതിലൂടെ വായു രൂപത്തില്‍ പുളഞ്ഞു വരിക. മനുഷ്യനൊരിക്കലും വായുരൂപം ആർജ്ജിക്കാനാവില്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു. ഇന്നലെ ആ സാധ്യതതയും കളളന്‍ പ്രയോജനപ്പെടുത്തുന്നത് ഞാന്‍ നോക്കിയിരുന്നു. എന്തു മുന്‍കരുതലെടുത്താലും ഏതെങ്കിലും രൂപത്തില്‍ കളളന്‍ വരുമെന്നതില്‍ എനിക്ക് സംശയമില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്കുറക്കമേ വന്നില്ല. എത്രയോ രാത്രികളായി ഞാനൊന്നു നന്നായുറങ്ങിയിട്ട്. എന്നും പാതിരക്ക് കളളന്‍ കയറുന്ന ഒരു വീട്ടിലെ വീട്ടമ്മക്കെങ്ങനെയാണ് സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുക? 

നേര്‍ത്ത വരമാതിരിയുളള ജാലകപഴുതിലൂടെ കോടമഞ്ഞു പോലെ വെളുത്ത പുക വന്നുകൊണ്ടിരുന്നു. അദ്ദേഹം തൊട്ടപ്പുറത്ത് കിടക്കുന്നുണ്ട്. പാവം ഇത്ര നേരം ഉറക്കമൊഴിച്ചിരുന്ന് ഇപ്പോഴാണ് ഒന്നു കണ്ണടച്ചത്. ക്ഷീണിച്ചു തളര്‍ന്നുറങ്ങുന്നതു കണ്ടപ്പോള്‍ വിളിച്ചുണര്‍ത്താന്‍ തോന്നിയില്ല. അദ്ദേഹം ഉണര്‍ന്നിട്ടും കാരൃമൊന്നുമില്ല. ദുര്‍ബലരായ ഒരു വൃദ്ധക്കും വൃദ്ധനും കാളക്കൂറ്റനെപ്പോലെ എന്തിനുംപോന്ന ഒരു ചെറുപ്പക്കാരനെതിരെ എങ്ങിനെ പിടിച്ചു നിൽക്കാനാണ്.? 

കോടമഞ്ഞു നിറമുളള പുക സാവകാശം ഒരു മനുഷ്യനായി. ആറടിനീളത്തില്‍ ആരോഗ്യ ദൃഢഗാത്രനായ കളളന് മുഖമില്ല. മുഖത്തിന്‍റെ സ്ഥാനത്ത് പാള കീറിയുണ്ടാക്കിയ ഒരു മാസ്ക് വെച്ചിരുന്നു. എന്തു വികാരമാണ് അവിടെയുളളതെന്ന് അറിയുക വയ്യ. കളളന്‍ അടിവെച്ചടുത്തു വന്നു. കൈയില്‍ അതേ ഇരുമ്പുദണ്ഡ്. അവന്‍റെ തന്നെ കൈതണ്ടയോളം വണ്ണത്തിലും നീളത്തിലും. അതുകൊണ്ടൊന്നു ഊക്കിലടിക്കേണ്ടതില്ല. ഒന്നു വീശിയാല്‍ മതി. വായുവില്‍ ചീറി വരുന്ന അതിന്‍റെ ശീല്‍ക്കാരത്തില്‍ ഞങ്ങള്‍ വീണു പോകും. ഒരു മനുഷ്യമൃഗത്തിന്‍റെ ശക്തി മുഴുവനെടുത്ത് ആഞ്ഞടിച്ചാല്‍..... ശരീരത്തിലെങ്ങുമല്ല, നെറും തലയില്‍.... എന്തുണ്ടാകും... 

കളളന്‍ ആഞ്ഞടിച്ചത് എന്‍റെ നെറുകയിലാണ്. എന്‍റെ ശിരോപാളി ഇരുവശത്തേക്കും പിളര്‍ന്നകന്നത് ഞാനറിഞ്ഞു. എത്രത്തോളം ഉറക്കെ കരഞ്ഞെന്ന് എനിക്കോര്‍മ്മയില്ല. പക്ഷേ, കഴിഞ്ഞ എഴുപത്തിരണ്ടു വര്‍ഷം പലതരം ജീവിതദുരിതങ്ങളിലൂടെ കടന്നുവന്ന ഞാന്‍ അനുഭവിച്ചു മറന്ന വേദനകളൊന്നും ആ ഒരു വേദനക്കടുത്തെത്തുമായിരുന്നില്ല. അബോധാവസ്ഥയില്‍ ആരെയൊക്കെയോ വിളിച്ച് ഉറക്കെ കരയാനെ എനിക്കു കഴിഞ്ഞുളളൂ....ഇപ്പോഴും ഞാനതു മാത്രം ചെയ്തുകൊണ്ടിരിക്കുന്നു. 

പൊലീസ് സ്റ്റേഷന്‍ വിദ്യാലയമായിരുന്നില്ല. ചെറുപ്പക്കാരനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിദ്യാർഥിയും പരാതിക്കാരനായ വൃദ്ധന്‍ അധ്യാപകനുമായിരുന്നില്ല. പണ്ടെന്നോ തന്നെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും എന്തൊക്കെയോ ചില്ലറ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഓര്‍മ്മിപ്പിക്കാനല്ല, അശരണനായ ഒരു വൃദ്ധ പൗരന്‍ പരാതിക്കാരനായി മുന്നിലിരിക്കുകയാണെന്ന് കരുതിയാല്‍ മതി. ഇന്‍സ്പെക്ടര്‍ ആദരവോടെ, ചിന്താധീനനായി പരാതിക്കാരനെ നോക്കിയിരുന്നു. കളളന്‍ എന്നു ഞാന്‍ പറയുന്നില്ല  അയാളും ഒരു മനുഷ്യനായിരിക്കുമല്ലോ, പിടി കിട്ടിയാല്‍ അടിച്ചു ചതക്കാതെ ഒന്നു  ചോദിക്കുക. എന്തിന്, കൊച്ചു കുട്ടികളെപ്പോലെ ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ഞങ്ങള്‍ക്കിടയില്‍ ഒരു ദുരന്തമായി വന്നുവെന്ന്.... ചോദിക്കുന്നതൊക്കെ കൊടുക്കുമായിരുന്നല്ലോ, എന്‍റെ  കൊച്ചമ്മുവിന്‍റെ നെറും തലയൊഴികെ..

‘‘മാഷിന് എന്തൊക്കെയാണ് നഷ്ടമായിരിക്കുന്നത് പണമായി, ദ്രവ്യങ്ങളായി..’’

പണവും ദ്രവ്യവും പോകട്ടെ. സ്വസ്ഥ ശാന്തമായി, ആരെയും ഉപദ്രവിക്കാതെ  കഴിഞ്ഞുപോന്ന ഞങ്ങളുടെ വാര്‍ദ്ധക്യമാണവന്‍ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നത്. നിയമപാലകന്‍ നിശബ്ദനായിരുന്നു. തുമ്പില്ലാതെ തേഞ്ഞുമാഞ്ഞു പോകുന്ന നൂറുകണക്കിനു കളവുകേസുകളിലൊന്നാകുമോ ഇതെന്നും അയാള്‍ക്കുറപ്പില്ലായിരുന്നു. പൊലീസ് സ്റ്റേഷന്‍റെ പടവുകള്‍ സാവകാശമിറങ്ങി പോവുന്ന ഗുരുവിനെ പിറകില്‍ നിന്നു വിളിക്കാനുളള ധൈര്യം ആ ശിഷ്യനില്ലായിരുന്നു. 

ഇന്നും കളളന്‍ വന്നിരുന്നു. ഞാന്‍ ശരിക്കും അത്ഭുതത്താല്‍ വിറച്ചു പോയി. കഴിഞ്ഞ ദിനങ്ങള്‍ പോലെയായിരുന്നില്ല. ഞാന്‍ സുരക്ഷിതമായ ഇടത്തായിരുന്നു. ചുറ്റും മാലാഖകുഞ്ഞുങ്ങളെപോലുളള പെന്‍കുട്ടികള്‍. എപ്പോഴും വന്നു നോക്കി പോകുന്ന ഡോക്ടര്‍. നീലനിറത്തില്‍ നില്‍ക്കുന്ന സെക്യൂരിറ്റിക്കാര്‍. പോരാത്തതിന് ഞാനൊരു ചില്ലുമുറിക്കകത്തും. കാറ്റായോ, മഞ്ഞായോ, മഴയായോ കള്ളന് വരാനാകില്ല. ഇനിയെനിക്ക് സുഖമായുറങ്ങാം. അദ്ദേഹം അപ്പുറത്തെ ബെഡില്‍ സമാധാനമായുറങ്ങട്ടെ.

സുരക്ഷിതത്വമാണ് ടീച്ചറുടെ പ്രശ്നം. അന്നത്തെ ആ പ്രഹരം എപ്പോഴും വേട്ടയാടുന്നു. ആ വീട്ടിലും അന്തരീക്ഷത്തിലും ആ കാളരാത്രിയുടെ സാന്നിധ്യമുണ്ട്. അധ്യാപകന്‍റെ ശിഷ്യരേറെയും മിടുമിടുക്കന്‍മാരായിരുന്നു. ഡോക്ടറും അദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്നു. അനുസരണയുളള ഒരു വിദ്യാർഥിയെപ്പോലെ ശിഷ്യന്‍ പറയുന്നത് മാഷ് കേട്ടുകൊണ്ടിരുന്നു.

മാഷുടെ മക്കളൊക്കെ എവിടെയാണ്? നാട്ടിലില്ലേ?...
രണ്ടുപേരും വിദേശത്താണ്...
ആരേയും അറിയിച്ചില്ലേ...
അറിയിച്ചു. പക്ഷേ രണ്ടുപേര്‍ക്കും ഇപ്പോഴാണത്രെ നല്ലൊരു കരിയറില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റിയിരിക്കുന്നത്. തിരിഞ്ഞുനിന്നൊന്നു തുമ്മാന്‍ പോലും അവര്‍ക്കവധിയില്ല. പിന്നെങ്ങനെയാണ് നാട്ടില്‍ വന്ന് അച്ഛനേയും അമ്മയേയും കാണുക. 

മാതാപിതാക്കളെന്നാല്‍ ശൈശവ ബാല്യ കൗമാരത്തിലെ സംരക്ഷണം മാത്രമായിരിക്കുന്നു. യൗവനത്തിന്‍റെ പടികയറുമ്പോള്‍ തിരിഞ്ഞുനോക്കി സംരക്ഷിക്കുന്നവരെ കൂടെ കൂട്ടാൻ അവര്‍ക്കാകുന്നില്ല. മത്സര ജീവിതലോകത്തില്‍ ബന്ധങ്ങളേക്കാള്‍ പ്രാധാന്യം മറ്റെന്തിനൊക്കെയോ ആണ്. 

ഈ അന്തരീക്ഷത്തില്‍ നിന്നൊന്നു മാറി നിന്നാല്‍ ടീച്ചര്‍ക്കാശ്വാസം കിട്ടിയേക്കുമെന്നാണ്..... പറഞ്ഞുമുഴുമിക്കുന്നതിനു മുന്‍പേ ഉച്ചത്തിലുളള ഒരു നിലവിളിയില്‍ അവിടം വിറച്ചു. വാര്‍ദ്ധക്യം മറന്ന് മാഷ് കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റു. ഒപ്പം ഡോക്ടറും. അല്‍പനേരത്തിനു ശേഷം ആത്മസംയമനം വീണ്ടെടുത്തപ്പോള്‍ മാഷ് ശിഷ്യനെ നോക്കി. ഡോക്ടര്‍ നിസഹായനായി കണ്ണടച്ച് പെരുവിരല്‍ നെറ്റിയില്‍ അമര്‍ത്തിയിരിക്കുകയായിരുന്നു.

ഇന്നലത്തോടെ ഒന്നെനിക്കു പരിപൂര്‍ണ ബോധ്യമായി. കളളനില്‍ നിന്നൊരു രക്ഷയില്ല. എവിടെ പോയൊളിച്ചാലും എത്രമാത്രം സുരക്ഷാവലയങ്ങള്‍ തീര്‍ത്താലും അവനതൊന്നുമല്ല. കളളനെന്നാല്‍ മനുഷ്യനല്ല. പിശാചാണ്. ഇന്നലെ രാത്രി ഞാനൊന്ന് കണ്ണടക്കാന്‍ തുടങ്ങുമ്പോഴാണ് കട്ടിലിനരികില്‍ അവന്‍ പ്രത്യക്ഷപ്പെട്ടത്. അതേ ഇരുമ്പു ദണ്ഡുമായി, എന്തെന്ന് തിരിച്ചറിയാന്‍ എടുക്കുന്ന ഒരു സെക്കന്‍റുപോലും വേണ്ടിയിരുന്നില്ല അവന് രൂപം പ്രാപിക്കാന്‍. ഒരു കണ്ണാടിയില്‍ പ്രതിബിംബം കാണും വിധം. സമയം കളയാതെ അവന്‍ എന്‍റെ നെറുകില്‍ ആഞ്ഞടിച്ചു. നെറ്റി പിളര്‍ന്ന വേദനയില്‍ ഞാന്‍ അലറിക്കരഞ്ഞു. ഇപ്പോഴെനിക്ക് പകല്‍ പോലും ഭയമായിരിക്കുന്നു. അന്തരീക്ഷത്തിലെവിടെയോ കളളന്‍ പതിയിരിക്കുന്നുണ്ട്. ആ ഇരുമ്പുദണ്ഡും നീട്ടി. തല വെട്ടിപൊളിയുന്ന ഈ വേദന സഹിക്കാന്‍ എനിക്കു വയ്യ. ഭയവും പെരുകുന്നു...എവിടെ നോക്കിയാലും കാണുന്നവര്‍ക്ക് മുഖമില്ല. കയ്യില്‍ ഒരു ഇരുമ്പുദണ്ഡുമുണ്ട്. അദ്ദേഹത്തെ പോലും ചിലനേരത്ത് എനിക്കു തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ... ഈശ്വരാ...

എല്ലാം കഴിഞ്ഞു ചിത എരിഞ്ഞടങ്ങി പുകയായി മാറിയപ്പോേള്‍ ഓരോരുത്തരായി പിരിയാന്‍ തുടങ്ങി. അവസാനം മാഷും ആ രണ്ടു ശിഷ്യന്‍മാരും മാത്രമവശേഷിച്ചു. ശിഷ്യന്‍മാര്‍ എങ്ങിനെ യാത്ര പറഞ്ഞുതുടങ്ങണമെന്നറിയാതെ തപ്പി തടഞ്ഞു. നിശബ്ദരായ അവരെ നോക്കി മാഷ് പറഞ്ഞു. ഒന്നിപ്പോള്‍ ഞാന്‍ വല്ലാതാഗ്രഹിച്ചു പോകുന്നു. ഈ എഴുപത്തിയേഴു വര്‍ഷത്തെ ജീവിത പുസ്തകത്തില്‍ അത്തരമൊരു കാളരാത്രി വരച്ചു വെച്ച ആ ഒരു പേജില്ലായിരുന്നെങ്കില്‍... ഞാന്‍ ജീവിച്ചു തീർത്ത ദിനങ്ങളും നിമിഷങ്ങളുമെല്ലാം ആ ഒരു ദിനത്തിനു മുന്നില്‍ എരിഞ്ഞടങ്ങി തീര്‍ന്നു പോകുന്നു. ഇനി തനിച്ച് എത്ര നാളിങ്ങനെ കഴിയാനാകുമെന്നെനിക്കൊരു രൂപവുമില്ല... മഴ പെയാന്‍ തുടങ്ങിയപ്പോള്‍ ശിഷ്യന്‍മാര്‍ ഇരുവഴിക്കും പിരിഞ്ഞു. മഴമൂടി വഴി അവ്യക്തമായപ്പോള്‍ കാറിനകത്തെ അരണ്ട വെട്ടത്തിലിരുന്ന് ഡോക്ടര്‍, ഗുരുപത്നി ഗുരുവിന് എഴുതിയ അവസാനത്തെ കത്ത്, ആര്‍ക്കും കാണിച്ചുകൊടുക്കാതെ അയാള്‍ മാറ്റി വെച്ച ആ കത്ത് തുറന്നു.

ഇന്നലെയും കളളന്‍ വന്നിരുന്നു. സുരക്ഷിതത്വത്തിന്‍റെ കോട്ടകൊത്തളങ്ങളെല്ലാം പിളര്‍ന്ന് അവന്‍ വരുന്നു. ആരോരും തുണയില്ലാതെ, എപ്പോഴും ഭയന്നുവിറച്ച് വേദനയാല്‍ പുളഞ്ഞ് കഴിയാന്‍ എനിക്ക് വയ്യാതായിരിക്കുന്നു. തനിച്ചാക്കിപോകുന്നതില്‍ എന്നോട് ദേഷ്യപ്പെടരുത്. എനിക്കൊട്ടും സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്... മഴമാറിയപ്പോള്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ തെളിഞ്ഞ വഴിയിലൂടെ, ആശുപത്രിയിലേക്കു പോകുന്നതിനു പകരം അയാള്‍ വീട്ടിലേക്ക് കാറോടിച്ചു. സീറ്റില്‍ അയാള്‍ക്കരികില്‍ ചെമന്ന മഷി കൊണ്ടെഴുതിയ ആ കത്ത് തുറന്നു തന്നെ കിടന്നു.
 

Tags:    
News Summary - how long days alone -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.