പാടത്തെ നീളിക്കണ്ടത്തിൽനിന്നും നേന്ത്രക്കുലകൾ വെട്ടി, അത് ഗുഡ്സിലേക്ക് കയറ്റാൻ ൈഡ്രവർ പയ്യനെ സഹായിക്കുന്നതിനിടയിലാണ് കുനിയൻ ഗോപാലൻ ആടുകളെയും കൊണ്ട് കലങ്കോടൻ കുന്നിറങ്ങി വരുന്ന ചൂര് മുഹമ്മദ്ക്കാക്ക് കിട്ടിയത്.
‘‘വെളവ് കൊറവാണല്ലോ മയമ്മാക്കാ, എന്തര് വെളവ്ണ്ടൈന്യെ കണ്ടാണിത്...! ’’ ഗോപാലൻ പറഞ്ഞു. തലയുയർത്തി നോക്കിയ മുഹമ്മദ്ക്കയുടെ നരച്ച കണ്ണുകളിൽ നേർത്തൊരു പുഞ്ചിരി തളർന്നു:
‘‘എന്ത് ചെയ്യാനാ ഗോവാലാ, വളമിട്ട് നനച്ച് കൊട്ക്കാനല്ലേ നമ്മക്ക് പറ്റ്വള്ളൂ....’’ വാപ്പ മരിച്ചപ്പോൾ മുഹമ്മദ്ക്കയുടെ ഓഹരിയായി കിട്ടിയതാണ് 50 സെേൻറാളം വരുന്ന ഈ നീളിക്കണ്ടം. കൊയ്തുകൂട്ടിയ കറ്റകൾ തല്ലി മെതിച്ച്, കലങ്കോടൻ കുന്നുപോലെ കൂട്ടിയിട്ട നെല്ല് പുഴുങ്ങി, ചാണകംതേച്ച പരമ്പിൽ പരത്തിയുണക്കി പഞ്ഞകാലത്തിലേക്കായി വല്ലക്കൊട്ടകളിൽ പാത്തുവെച്ചത് മനസ്സിൽനിന്നുപോലും മാഞ്ഞുതുടങ്ങിയിരിക്കുന്നു! ഇന്നവിടെ നെല്ലിനുപകരം വാഴയും പൂളയും ചേമ്പും ചേനയുമൊക്കെയാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. പണിയെടുക്കാൻ ആളെക്കിട്ടാത്ത ഇക്കാലത്തും നീളിക്കണ്ടത്തിൽ പച്ചപ്പിങ്ങനെ തഴച്ചുപന്തലിച്ചു നിൽക്കുന്നത് നാട്ടുകാരിൽ ചിലർക്കൊക്കെ അത്ഭുതവും അസൂയയുമാണെന്ന് ഓർക്കുമ്പോൾ മുഹമ്മദ്ക്കയുടെ വരണ്ടചുണ്ടത്തൊരു നിർവൃതിയുടെ ചിരിവിരിയും. എങ്കിലും അധ്വാനത്തിെൻറ ഫലം വേണ്ടപോലെ തിരിച്ചു കിട്ടുന്നില്ലല്ലോ എന്ന ഒരു പുരുഷായുസ്സിെൻറ നൈരാശ്യം അദ്ദേഹത്തിെൻറ മുഖത്ത് ആരുമറിയാതെ കൂടുകെട്ടിയിരുന്നു.
‘‘അല്ലാ, ങ്ങളെ മക്കളും പേരക്കുട്ട്യാള്വൊക്കെ എത്തീട്ട്ണ്ടല്ലോ പെരീല്, ഓരൊന്നും പാടത്ത്ക്ക് വന്നില്ലേ...?’’
‘‘ഓര്ക്ക് ഇതൊന്നും അറ്യൂല ഗോവാലാ, ഓരൊക്കെ പുതിയ കാലത്തെ മക്കളല്ലേ...!’’
മുഹമ്മദ്ക്കയുടെ ചിന്തകളിൽ ഒരു വിളവെടുപ്പിെൻറ വിത്തുകൾ പാകിയിട്ടാണ് ഗോപാലൻ ആടുകളെയും തെളിച്ച് സ്ഥലം വിട്ടത്. വാഴക്കുല കയറ്റിയ ഗുഡ്സ് കണ്ണിൽനിന്നും മറഞ്ഞപ്പോൾ, തോർത്തുമുണ്ടൊന്നു ചുഴറ്റിവീശി തോളിലിട്ടുകൊണ്ട് വാഴത്തറയിൽ കുടചൂടി നിൽക്കുന്ന ചേമ്പിലച്ചോട്ടിലെ തണുത്ത മണ്ണിൽ അയാൾ അൽപനേരം ഇരുന്നു. നിവർന്നു തളർന്നു കിടക്കുന്ന വലതുകാലിലെ തള്ളവിരലിലേക്ക് വാഴച്ചാലിലെ നനഞ്ഞ മണ്ണിൽനിന്നും ഒരു മണ്ണിര പതിയെ തലയുയർത്തിവെച്ചു. മുട്ടിലിഴഞ്ഞുവന്ന്, തെൻറ പേരക്കുട്ടി കാലിൽ പിടിച്ചുകയറുന്നതാണ് അയാൾക്ക് ഓർമ വന്നത്. മണ്ണു പുരണ്ട് വിയർപ്പുതിളങ്ങുന്ന ദേഹത്ത്, ചേമ്പിലകൾക്കിടയിലൂടെ ഇളങ്കാറ്റുവന്നു മുത്തിയപ്പോൾ ഒരു ദീർഘനിശ്വാസത്തിനൊപ്പം അയാൾ ചിലതൊക്കെ ഓർത്തെടുത്തു.
17 വർഷത്തെ പ്രവാസം. മക്കളെയൊക്കെ ഒരു കരപറ്റിക്കാനും, നല്ലൊരു വീടുവെക്കാനും കഴിഞ്ഞതിെൻറ ചാരിതാർഥ്യമുണ്ട്. മൂത്ത മകനെ ഡോക്ടറാക്കി. നടുവിലത്തവനെ, അവെൻറ ഇഷ്ടപ്രകാരം ബംഗളൂരുവിൽ വിട്ട് കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരിയാക്കി. ഇളയവളെ ഒരു മാനേജ്മെൻറ് സ്കൂളിൽ ടീച്ചറായി കയറ്റുകയും, അവൾക്ക് അനുയോജ്യനായൊരു അധ്യാപകനെക്കൊണ്ട് കെട്ടിക്കുകയും ചെയ്തു. ആൺമക്കളെക്കൊണ്ട് നല്ല തറവാട്ടിൽനിന്നും കല്യാണം കഴിപ്പിച്ച് അയാൾ അവരുടെ മക്കളുടെ ഗ്രാൻഡ്പയായി! സുഖം. സന്തോഷം.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ, പാടത്തെ നനവുള്ള മണ്ണും, വാഴത്തോപ്പിലെ തണുത്ത കാറ്റും പിന്നെയും മാടിവിളിക്കുകയായിരുന്നു. അങ്ങനെയാണ് കൈക്കോട്ടുമെടുത്ത് വീണ്ടും നീളിക്കണ്ടത്തിലേക്കിറങ്ങിയത്. മക്കൾക്കൊന്നും അതത്ര പിടിച്ചിട്ടില്ലെന്ന് അയാൾക്കും നിശ്ചയമുണ്ട്.
ഗോപാലൻ പാകിയിട്ടുപോയ വിളവെടുപ്പിെൻറ വിത്ത് അയാൾക്കുള്ളിൽ ഒരു കണക്കെടുപ്പായി മുളച്ചപ്പോൾ, വാഴത്തറയിലെ ഈറൻ മണ്ണിലിരുന്നുകൊണ്ട്, ഉയരുന്ന ബീഡിപ്പുകയുടെ വലയങ്ങൾ അയാളുടെ ചിന്തകളിലും വട്ടമിട്ടു.
തോർത്തുമുണ്ട്, ഒന്നു കുടഞ്ഞ് തോളിലിട്ടുകൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ, എവിടെയോ ഒരു ന്യൂനതയുടെ അസ്വാസ്ഥ്യം അയാളെ മഥിച്ചുകൊണ്ടിരുന്നു.
ഭാര്യയെയും മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയുമൊക്കെ ജീവനാണ് അയാൾക്ക്. അവർക്ക് തിരിച്ചും അങ്ങനെത്തന്നെ. എന്നിട്ടും എന്തോ ഒരു...
കഴിഞ്ഞ പ്രാവശ്യം മകൻ ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന വിലകൂടിയ മൊബൈലാണ് ഇപ്പോഴും മണ്ണുപുരണ്ട കുപ്പായക്കീശയിലുള്ളത്. അതിൽ അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളൊക്കെ പഠിച്ചെടുക്കാൻ അയാൾ തുടക്കത്തിൽ നന്നേ പാടുപെട്ടു.
‘‘ഇതൊന്നും ഇനിക്കറ്യൂല മക്കളേ...!’’ അയാൾ പറഞ്ഞു.
‘‘ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും ഗ്രാൻപാ..!’’ പേരമക്കൾ വിട്ടുകൊടുത്തില്ല. വാട്സ്ആപ്പിൽ മെസേജ് അയക്കുന്നതും, ഫോട്ടോ അയക്കുന്നതുമൊക്കെ അവരാണ് അയാളെ പഠിപ്പിച്ചെടുത്തത്.
‘‘ഇങ്ങളിതൊന്ന് കേട്ടോക്കാണീം....’’ ഹെഡ്സെറ്റ് ചെവിയിൽ വെച്ചുകൊടുത്ത് ഭാര്യ അയാളോട് പറഞ്ഞു. ചെവിയിൽ തിരുകിവെച്ച, കറിയിലിട്ട പാൽച്ചേമ്പിെൻറ വിത്തുപോലെയുള്ള വെള്ളക്കുരുവിൽ നിന്നും ജീവിതത്തിലാദ്യമായി അന്നയാൾ പാട്ടുകേട്ടു:
ഖൽബില് തേനൊയ്ക്ണ
കോയ്ക്കോട്
കടലമ്മ മുത്ത്ണ കര കോയ്ക്കോട്
ഹലുവാ മനസ്സുള്ളൊരീ
കോയ്ക്കോട്
വേണേൽ കണ്ടോളീം, ചങ്ങായീ
ഞമ്മളെ കോയ്ക്കോട്....
അയാൾക്കതൊരു ഹരമായി. തലയിളക്കി താളംപിടിച്ചുകൊണ്ട് അയാളൊരു പഴയ പാട്ടായി!.
മകെൻറ കൂട്ടുകാരനായ അയൽക്കാരൻ പയ്യൻ അവെൻറ കാറിൽ ചും എന്ന് അയാളെ കടന്നുപോയി. ജോലിയിൽനിന്നു പിരിഞ്ഞ പോസ്റ്റുമാൻ രാഘവൻ നായരുടെ വീട്ടുപടിക്കലെത്തിയപ്പോൾ, അയാളുണ്ട് വെളുത്ത വസ്ത്രമണിഞ്ഞ് വീട്ടിൽനിന്നിറങ്ങുന്നു.
‘‘ഒരു മരണമുണ്ട് മുഹമ്മദേ, അവിടെയൊന്ന് പോണം....’’ കൈ നീട്ടിക്കൊണ്ട് രാഘവൻ നായർ പറഞ്ഞു.
‘‘ൈകയ്യിലൊക്കെ മണ്ണാണ് രാഗവാ...’’ പകുതിയോളം നീണ്ട കൈ ഒന്നു മടിച്ചു.
‘‘ഈ മണ്ണല്ലേ മുഹമ്മദേ, നമ്മുടെയൊക്കെ ചോറ്..,’’ മടിയൊട്ടുമില്ലാതെ ആ കൈ പിടിച്ചുകൊണ്ട് അയാൾ പുഞ്ചിരിച്ചു:
‘‘കുട്ട്യോൾക്കൊക്കെ സുഖല്ലേ...?’’
‘‘അൽഹംദുലില്ലാഹ്...’’ അയാൾ പറഞ്ഞു.
നടന്ന് വീടെത്താറായപ്പോഴേക്കും അയാൾക്ക് നന്നേ ക്ഷീണം തോന്നി. തൊണ്ട നല്ലപോലെ വരണ്ട് ഒട്ടിപ്പിടിച്ചു.
പോർച്ചിൽ മകൻ വന്ന കാർ കിടക്കുന്നുണ്ട്. മകളും മരുമകനും പേരക്കുട്ടികളും വന്ന വാഹനവും തൊട്ടപ്പുറത്തുണ്ട്. പുറത്തൊന്നും ആരെയും കാണുന്നില്ല. വാതിൽ അടഞ്ഞു കിടക്കുന്നു.
അയാൾക്കറിയാം, അവരെല്ലാം ഇപ്പോൾ ഓരോ തുരുത്തുകളിൽ ആയിരിക്കും. ചെവിയിൽ ഹെഡ്ഫോണും വെച്ചുകൊണ്ട് ഭാര്യ അടുക്കളയിൽ ചപ്പാത്തി മേക്കറിൽ ചപ്പാത്തി വീർപ്പിച്ചെടുക്കുകയോ, ചിക്കൻ പൊരിക്കാനുള്ള മസാലക്കൂട്ട് തയാറാക്കുകയോ ആയിരിക്കും.
മക്കളും മരുമക്കളും, പേരക്കുട്ടികളും ഒക്കെ മൊബൈലിൽ ഗെയിം കളിക്കുകയോ, ചാറ്റ് ചെയ്യുകയോ ആയിരിക്കും. ഇപ്പോൾ വിളിച്ചാലോ, കാളിങ് ബെല്ലടിച്ചാലോ ആരും കേൾക്കാനിടയില്ലെന്ന് അയാൾക്ക് അനുഭവമുണ്ട്.
അയാൾ തെൻറ കീശയിൽനിന്ന് മൊബൈൽ ഫോണെടുത്ത്, വാഴക്കറപുരളാതെ ശ്രദ്ധിച്ചുകൊണ്ട്, വാട്സ്ആപ്പിലെ ഫാമിലി ഗ്രൂപ്പിൽ മലയാളത്തിൽ എഴുതാൻ തുടങ്ങി:
‘ഞാനിവടെ, വീടിെൻറ പുറത്തുണ്ട്. എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം...’
തോളിലെ തോർത്ത് മുണ്ടെടുത്ത് കസേരയിൽ വിരിച്ചിട്ട്, മൊബൈലിെൻറ ചാറ്റ് ബോക്സിൽ നീല ടിക്കുകൾ വരുന്നതും നോക്കി അയാൾ പതിയെ ചാരുകസേരയിലേക്ക് ചാഞ്ഞു.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.