ചിത്രീകരണം: അരുണിമ

വേലുവിന്റെ ദിനങ്ങൾ

കല്ലടയാറിന്റെ തീരത്തെ മിന്നലേറ്റ് വിണ്ടുകീറിയ കമ്പകമരത്തിന്റെ ചോട്ടിൽ കറുത്ത അട്ടകളുടെ ഇടയിൽ കിടന്ന് വേലു പുളഞ്ഞു. പുഴയിലേക്ക് ചാഞ്ഞുനിന്ന മരം വേലുവിനെ വിളിച്ചു.

നീ ഇന്ന് താമസിച്ചു പോയി ..വാ ..

അതിന്റെ ചാഞ്ഞ കൊമ്പിലൂടെ അറ്റം വരെ നടന്നാൽ പുഴയുടെ ആഴമുള്ള ഭാഗത്ത് ചാടാൻ പറ്റും. മുങ്ങി അടിയിലെ കരിംപായല് മൂടിയ പാറയിൽ ചവിട്ടി പൊങ്ങി വരുമ്പോൾ അങ്ങ് ദൂരെ പച്ചമലയുടെ പിന്നാമ്പുറത്ത് സൂര്യൻ പതുക്കെ പൊങ്ങിവരുന്നത് കാണാം. ചുവന്ന പ്രകാശം വെള്ളയാവുന്നതുവരെ വേലു നീന്തും. പഴയപോലെ വയ്യ. കിതപ്പൊണ്ട്. കാലിലെ പുണ്ണ് കരിയുന്നില്ല. അതിൽ കടിച്ചു തൂങ്ങുന്ന മീനിനെ പായിക്കാൻ പാടുപെടണം. പിന്നെ അടിത്തട്ടുവരെ ചെന്ന് പുഴയുടെ അടിയിലെ തിളങ്ങുന്ന മണല് കാണാനും പറ്റുന്നില്ല. അത്രയും മുങ്ങി താഴ്ന്നു ചെന്ന് മണ്ണിൽ തൊടുമ്പോൾ ഒരു രാജ്യം കീഴടക്കിയ അഹങ്കാരം ഉണ്ടായിരുന്നു. ഇപ്പൊ വയ്യ. ദേഹം വഴങ്ങുന്നില്ല. നീന്തിക്കയറി പായലും അഴുക്കും നിറം പകർന്ന തോർത്ത് കൊണ്ട് ദേഹം തുടച്ച്, മുടി കോതി, രണ്ടു ചെവിയും മറയതക്ക വീതിയിൽ തോർത്ത് മടക്കി തലയിൽ കെട്ടി നെഞ്ച് വിരിച്ച് മലയുടെ മുകളിലോട്ട് വേലു നടന്നു. മുളയുടെ ഇലകൾ വീണ് അഴുകി നനഞ്ഞ ചേറുവഴിയിൽ അട്ടകളും തേളും പാമ്പും വേലുവിന് വഴി മാറി.

ചായക്കട നടത്തിയിരുന്നത് അനിയൻകുഞ്ഞ് ആണെങ്കിലും അടുക്കളയുടെ ഭരണം മൊത്തം ഭാര്യ സുഭദ്ര ആയിരുന്നു. സുഭദ്രയുടെ പാചകകലയുടെയും കൈപ്പുണ്യത്തിന്റെയും രുചി അറിയാത്തവരായി ആ നാട്ടിൽ ആരും ഇല്ലായിരുന്നു. മല കേറി വരുന്ന വേലുവിന്റെ പ്രാതൽ സുഭദ്ര കൊടുക്കുന്ന മൂന്നു ദോശയും ചമ്മന്തിയും ഒരു ചായയും എന്നുമുള്ള പതിവാണ്. അല്പം കനമുള്ള കുഴികൾ നിറഞ്ഞ ചൂടുള്ള ദോശ രണ്ട് വട്ടയിലകൾ ചേർത്തിട്ട് ചമ്മന്തി തുളുമ്പിയൊഴിച്ച് ചൂടോടെ വേലു അകത്താക്കും. മേമ്പൊടിയായി ഒരു ചൂടു ചായ കുടിക്കും. ചൂടു ദോശ വട്ടയിലയിൽ ഇടുമ്പോൾ കട മൊത്തം ഒരു മണം പരക്കും. കടയിൽ വരുന്നവർക്ക് ഈ മണം വിശപ്പിന്റെ ലഹരിയാണ്.

‘‘നീ അറിഞ്ഞില്ലേ വേലു... പ്രകാശൻ വന്നിട്ടുണ്ട്. നിന്നെ തിരക്കിയിരുന്നു’’ സുഭദ്ര പറഞ്ഞു.

വട്ടയിലയിലെ ദോശയിൽനിന്ന് തലപൊക്കി ഒന്ന് നോക്കിയെങ്കിലും വേലു മറുപടി ഒന്നും പറഞ്ഞില്ല. ദോശ തിന്നു കഴിഞ്ഞാൽ വേലു കടയിലേക്ക് ആവശ്യമുള്ള വിറക് കീറിക്കൊടുക്കും. ബലിഷ്ഠമായ കൈകൾ കൊണ്ട് കോടാലി പൊക്കി വിറകിലേക്ക് ആഞ്ഞു കൊത്തുമ്പോൾ ഉച്ചത്തിലുള്ള ഒരു ശീൽക്കാര ശബ്ദം ഓരോ വെട്ടിന്റെയും കൂടെ പിൻഗമിക്കും. പക്ഷേ, ഇന്ന് വിറക് കീറാൻ വേലു നിന്നില്ല. നെഞ്ചുവിരിച്ച് വടക്കോട്ട് നടന്നു. ഒരു കിലോമീറ്റർ വടക്കോട്ട് നടന്ന് പുഴയുടെ മുകളിലൂടെയുള്ള ചെറിയ പാലം നടന്നു കയറി അക്കര എത്തി വേണം പ്രകാശന്റെ വീട്ടിലെത്താൻ. പ്രകാശന്റെ വീട് ഒരുകാലത്ത് വേലുവിന്റെ വീടുതന്നെ ആയിരുന്നു.

ആരെയും വിളിക്കാതെ, വന്നതറിയിക്കാതെ വീടിനു ചുറ്റും വേലു നടന്നു. ആ നാട്ടിലെ മിക്കവാറും എല്ലാ വീടുകളിലും കടന്നുചെല്ലാൻ വേലുവിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വാഴകളെല്ലാം മണ്ണുകൂട്ടി അടുപ്പിക്കാതെയും വലിച്ച് കെട്ടാതെയും ഒടിഞ്ഞു വീണിരിക്കുന്നു. ഉണങ്ങിയ ഓലകൾ തൂങ്ങിനിൽക്കുന്ന തെങ്ങുകളിൽ കായ്ഫലം കുറഞ്ഞു കണ്ടു. കരീലവീണ് നിറഞ്ഞ പറമ്പ് വൃത്തിയാക്കിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു.

‘‘വേലുവേട്ടനെ ഞാൻ കടയിൽ തിരക്കിയിരുന്നു...’’ -പ്രകാശൻ പറഞ്ഞു

‘‘നീ എന്നു വന്നു’’

‘‘മൂന്നു ദിവസമായി ഇനി തിരികെ പോകുന്നില്ല’’

‘‘നന്നായി.. അമ്മയെ നോക്കി ഇവിടെങ്ങാനും ഇരിക്ക്.. നിനക്ക് തിന്നാനും കുടിക്കാനും ഉള്ള വക ഈ പറമ്പിൽനിന്ന് കിട്ടും’’ -വേലു പറഞ്ഞു.

പ്രകാശൻ തിരികെ മാലിയിലെ അധ്യാപക ജോലിയിലേക്ക് പോകുന്നില്ലെന്ന് അറിഞ്ഞതോടെ വേലുവിന് സന്തോഷമായി. പ്രകാശന്റെ അച്ഛൻ നാരായണൻ നായർ ഉള്ള സമയത്ത് വേലു ആയിരുന്നു പ്രധാന കൈയാൾ. 15 ഏക്കറോളം പരന്നുകിടക്കുന്ന വസ്തുക്കളിലെല്ലാം വേലുവിന്റെ മേൽനോട്ടം ഉണ്ടായിരുന്നു. തോർത്ത് തലയിൽ വീതിക്ക് ചുറ്റിക്കെട്ടി മുറുക്കി ചുവപ്പിച്ചു വരുന്ന വേലുവിനെ കാണുമ്പോൾ തന്നെ നാരായണൻ നായർക്ക് സമാധാനമാകും. ഇനി കഞ്ഞികുടിച്ച് ചാരുകസേരയിൽ മലർന്നു കിടന്നു ഒന്ന് മുറുക്കാം. പറമ്പിലെ കാര്യങ്ങൾ എല്ലാം അവൻ നോക്കിക്കോളും. കാർത്യായനിയമ്മ വേലുവിനെ വിളിച്ചു കഞ്ഞിയും പുഴുക്കും കൊടുക്കുന്നതുവരെ വേലുവിന്റെ അധികാരശരങ്ങൾ പറമ്പിലെ മരങ്ങളെയും ചെടികളെയും പിടിച്ചുലയ്ക്കും. അവ വേലുവിന് വഴങ്ങും.

വീടും വീട്ടുകാരും ഇല്ലാത്ത വേലു എവിടെനിന്നാണ് വരുന്നതെന്ന് ആർക്കും അറിയില്ല. എവിടാണ് അയാൾ കിടന്നുറങ്ങിയത്? എവിടെനിന്നാണ് അയാൾ വരുന്നത്... ആരും ഒന്നും തിരക്കിയും ഇല്ല. കറുത്തുമെലിഞ്ഞ നല്ല പൊക്കമുള്ള നീലാണ്ടന്റെ കൈപിടിച്ച് വേലു നടക്കുന്നത് നാട്ടുകാർക്ക് ഇപ്പോഴും ഓർമയുണ്ട്. നീലാണ്ടന്റെ മരണശേഷം വേലു ഒറ്റപ്പെട്ടു. കൂര നനഞ്ഞൊലിച്ച് ചെങ്കല്ലുകൾ ദ്രവിച്ചു വീണു. അതോടെ പുറമ്പോക്കിലെ താമസവും വേലു മതിയാക്കി.

‘‘ഇലകൊഴിഞ്ഞ മരത്തിന്റടിയിലാ അവൻ നിൽക്കുന്നെ. ചൂടേൽക്കാതെ നോക്കേണ്ടത് ഇനി നമ്മളൊക്കെയാ" -നീലാണ്ടൻ മരിച്ചു കിടന്നപ്പോൾ നാരായണൻ നായർ പറഞ്ഞു.

പിന്നീട് നായരുടെ വീട്ടിലെ വടക്കുഭാഗത്തുള്ള ചായ്‌പ്പിൽ കിടന്നുറങ്ങാൻ വേലുവിന് അനുവാദം കിട്ടി. വേലുവിന് അധികാരസ്ഥാനങ്ങൾ കല്പിച്ചു നൽകിയിരുന്ന വീടുകളിലെ തൊഴുത്തിലോ ചായ്‌പിലോ വരാന്തയിലോ അയാൾ കിടന്നുറങ്ങും. വീട്ടുകാർ ഉണരുന്നതിനു മുമ്പേ വേലു ഉണർന്നു പോയിരിക്കും. ഇങ്ങനെ സ്വന്തം വീടുപോലെ വേലു കണ്ടിരുന്ന പത്തോളം വീടുകൾ ആ നാട്ടിലുണ്ടായിരുന്നു. അവിടെയുള്ള പുരുഷന്മാർ എല്ലാം വേലുവിന് സഹോദരന്മാരും സ്ത്രീകളെല്ലാം സ്വന്തം അമ്മമാരും ആയിരുന്നു.

‘‘നീ ഇപ്പം കരിനെച്ചിയുടെ ഇല എനിക്ക് കൊണ്ട് തരാറേയില്ല.’’ പരിഭവം പറഞ്ഞ് വാതം വന്ന കാല് വേച്ചുകൊണ്ട് കാർത്യായനിയമ്മ മുറ്റത്തേക്ക് വന്നു. വേലു എത്തിച്ച് കൊടുക്കുന്ന കരിനൊച്ചിയില ഇട്ട് തിളപ്പിച്ച വെള്ളം കാലിൽ ധാര കോരിയായിരുന്നു കാർത്യായനിയമ്മ വാതത്തെ ശമിപ്പിച്ചിരുന്നത്.

‘‘അമ്മ കണ്ടില്ലേ വേലുവേട്ടന്റെ കാല് പൊട്ടിയൊലിക്കുന്നത്. ഈ കാലും വെച്ചുകൊണ്ട് എവിടെപ്പോയി കൊണ്ടുവരാനാ നൊച്ചിയില’’ -പ്രകാശൻ പറഞ്ഞു.

കഴിഞ്ഞ തിരുവോണത്തലേന്ന് അമ്പലപ്പറമ്പിലെ നാടകവും കണ്ട് രാത്രി നടന്നുവരുമ്പോൾ കള്ളനാണെന്ന് കരുതി ചില ആൾക്കാർ വേലുവിനെ പൊതിരെ തല്ലിയാണ് കാല് ഈ പരുവത്തിലാക്കിയത്. ഉത്സവം കാണാൻ എത്തിയ ചില വരത്തന്മാർക്ക് വേലു ആരാണെന്നും വേലുവിന് ആ നാട്ടിലുള്ള സ്ഥാനം എന്താണെന്നും അറിയില്ലായിരുന്നു. മൂത്രമൊഴിക്കാൻ വഴിയരികിൽ കുത്തിയിരുന്ന വേലുവിനെ അവർ കമ്പും കല്ലും വെച്ച് അടിച്ചു. ‘‘ഞാൻ വേലുവാണ് ഞാൻ വേലുവാണ്’’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ അയാളുടെ കാലുകൾ രണ്ടും അവർ അടിച്ചു പൊട്ടിച്ചു. വേലുവിനെ വേണ്ടാത്തവരും അറിയാത്തവരും കണ്ടിട്ടില്ലാത്തവരും ആ നാട്ടിലുണ്ട് എന്ന സത്യം അയാൾ തിരിച്ചറിഞ്ഞു.

ഇലയിട്ട് ചോറ് വിളമ്പിത്തന്നിരുന്ന കൈകൾക്ക് ശക്തിയില്ലാതെയായി. സ്വാതന്ത്ര്യത്തോടെ കയറിക്കിടക്കാൻ പറ്റുമായിരുന്ന ഇടങ്ങൾ ദ്രവിച്ചു വീണു. പുറമ്പോക്കിൽനിന്നും രക്ഷപ്പെട്ടോടിയ വേലു വീണ്ടും അവിടേക്ക് തന്നെ പതുക്കെ തിരിച്ചു നടന്നു.

അന്ന് വൈകിട്ടുതന്നെ ഒരു പിടി കരിനൊച്ചിയിലയുമായി വേലു കാർത്യായനിയമ്മയെ കാണാൻ വന്നു.

‘‘അമ്മ വിഷമിക്കേണ്ട ഇഷ്ടം പോലെ നൊച്ചിയില മുടങ്ങാതെ ഇനി കിട്ടും.’’ കാല് പൊട്ടിയൊലിച്ച് വേച്ച് നടക്കുന്ന വേലു ഇത് പറയുമ്പോൾ അത്ഭുതത്തോടെ പ്രകാശൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി . കറുപ്പുമൂടി വാടിയ കണ്ണുകളിൽ സമൃദ്ധിയുള്ള സ്നേഹത്തിന്റെ തിളക്കം അയാൾ കണ്ടു. പ്രകാശന്റെ അച്ഛൻ മരിച്ചു കിടന്നപ്പോൾ മറ്റാരെക്കാളും വിഷമം തുളുമ്പിനിന്നത് വേലുവിന്റെ മുഖത്ത് ആയിരുന്നു. ഒരു കമ്യൂണിസ്റ്റായി ജീവിച്ചു മരിച്ച അച്ഛെൻറ മരണാനന്തര ചടങ്ങുകൾക്ക് മതമേലധ്യക്ഷന്മാർ ചുക്കാൻ പിടിക്കില്ല എന്ന് ഔദ്യോഗിക അറിയിപ്പ് തന്നിരുന്നു. കുഴിയെടുത്തതും മാവു വെട്ടിയതും ചിത ഒരുക്കിയതും എല്ലാം വേലു തന്നെയായിരുന്നു . ചിതയൊരുക്കി ശവം എടുക്കുന്നതിന് മുമ്പ് വേലു പറമ്പിലെ തെങ്ങുകളിൽ കയറി ചൂട്ടും കൊതുമ്പും പഴയ ഓലകളും വലിച്ചു താഴെയിടാൻ തുടങ്ങി.

‘‘വേലുവേട്ടാ.. ഇതൊക്കെ ഇപ്പോൾ ചെയ്യണോ?"പ്രകാശന്റെ ചോദ്യം വേലു കേട്ടില്ല.

മഴ കനത്ത മേഘം പോലെ തുടുത്തു നിന്ന മുഖത്ത് ഒഴുകുന്നത് വിയർപ്പാണോ കണ്ണുനീർ ആണോ ... അറിയില്ല . അടക്കത്തിന് തൊട്ടുമുമ്പ് പറമ്പും പരിസരവും എല്ലാം വൃത്തിയാക്കി വേലു ചിതയ്ക്കരികിലിരുന്നു. രാത്രി വൈകിയും ചിത അടങ്ങും വരെ.

ഒരു ശനിയാഴ്ച രാത്രിയാണ് അനിയൻകുഞ്ഞ് വീട്ടിൽ വന്നത്

‘‘പ്രകാശാ വേലുവിനെ രണ്ടുദിവസമായി കടയിലോട്ട് കാണുന്നില്ല. നീ അത്രയേടം വരെ ഒന്നും നോക്കണം. ഇന്നിനി വേണ്ട. രാത്രിയായി’’

പുലർച്ചെ തന്നെ പ്രകാശനും അനിയൻകുഞ്ഞും ബാർബർ ഭാർഗവനും വേലു കിടന്നുറങ്ങുന്ന പുഴക്കരയിലെ കമ്പകച്ചുവട്ടിൽ പോയി നോക്കി. പുലരിയിലെ തണുപ്പ് പുതച്ചുറങ്ങുന്ന പാറയിൽ വിരിച്ചിട്ടിരുന്ന തോർത്തിൽ നനവുണ്ടായിരുന്നില്ല. വേലു നടക്കുന്ന വഴികളിൽ എല്ലാം അവർ തിരഞ്ഞു. അടിവാരത്തിലെ ഇടവഴിയിൽനിന്ന് കിഴക്ക് മാറി കാട് വെട്ടിത്തെളിച്ച് ആരോ കരിനൊച്ചി മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത് കണ്ടു. കിഴക്കൻ വെയിൽ കിട്ടാൻ പാകത്തിന് എല്ലാ മരങ്ങളും ക്രമീകരിച്ചാണ് നട്ടിരുന്നത്. രണ്ട് അടിയിലേറെ പൊക്കം വെച്ച ചെടികളുടെ ചുവട്ടിൽ കരിയില കൂട്ടി തണുപ്പിന് പൊത ഇട്ടിരുന്നു. പ്രകാശൻ ഓരോ ചെടിയുടെയും അടുത്ത് പോയി തൊട്ടു.. വേലു പറയാൻ ബാക്കിവെച്ചതെല്ലാം ആ ചെടികൾ പ്രകാശനോട് പറഞ്ഞു.

Tags:    
News Summary - Days of Velu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.