ചിരുവിെൻറ ഒാർമയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്

ചിരുവിൻെറ ഒാർമയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ് ബംഗളൂരു: കന്നട നടൻ ചിരഞ്ജീവി സർജയുടെ അകാല വേർപാട് താങ്ങാനാകാതെ ഉള്ളുലക്കുന്ന ഒാർമക്കുറിപ്പുമായി നടിയും ഭാര്യയുമായ മേഘ്ന രാജ്. ചിരഞ്ജീവി സർജ വിടവാങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ, അതിൻെറ ആഘാതത്തിൽനിന്ന് പുറത്തുവരാനാകാത്ത മേഘ്ന, അദ്ദേഹത്തെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന ഒാർമക്കുറിപ്പാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എല്ലായ്പ്പോഴും എ‍ൻെറ ചിരു എന്ന തലക്കെട്ടോടെയുള്ള കുറിപ്പിനൊപ്പം ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രവും മേഘ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണെന്നും അവസാന ശ്വാസംവരെ ചിരു തന്നോടൊപ്പം ജീവിക്കുമെന്നും പറഞ്ഞാണ് മേഘ്നയുടെ കുറിപ്പ് അവസാനിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഈമാസം ഏഴിനാണ് ചിരഞ്ജീവി സർജ (39) അന്തരിച്ചത്. 10 വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 മേയ് രണ്ടിനാണ് മേഘ്ന രാജും ചിരഞ്ജീവി സർജയും വിവാഹതിരാകുന്നത്. ചിരഞ്ജീവി സർജ മരിക്കുമ്പോൾ മേഘ്ന രാജ് മൂന്നു മാസം ഗർഭിണിയായിരുന്നു. കുഞ്ഞിൻെറ വരവിനായുള്ള കാത്തിരിപ്പിനിടയിലാണ് ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. മേഘ്നയുടെ കുറിപ്പിൻെറ പ്രസക്ത ഭാഗങ്ങൾ- "ചിരു ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷേ, നിന്നോട് പറയാനുള്ള കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനാകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ലോകത്തെ ഒരു വാക്കിനുമാകില്ല. എ‍ൻെറ സുഹൃത്ത്, എ‍ൻെറ കാമുകൻ, എ‍ൻെറ ജീവിതപങ്കാളി, എ‍ൻെറ കുഞ്ഞ്, എ‍ൻെറ വിശ്വസ്തൻ, എ‍ൻെറ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എ‍ൻെറ ആത്മാവിൻെറ ഭാഗമാണ് ചിരു. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതിനാൽ, നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ? നീ എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനാണ് നമ്മുടെ കുഞ്ഞ്, നമ്മുടെ സ്നേഹത്തിൻെറ പ്രതീകം. അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എ‍ൻെറ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു". -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.