കല്‍പറ്റ: കുടുംബനാഥനെയും മക്കളെയും കുത്തിപ്പരിക്കേല്‍പിച്ച് കാറുമായി കടന്ന യുവാവ് അതേ കാര്‍ മറിഞ്ഞ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ല. ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ സംഭവത്തില്‍ ദുരൂഹതയുള്ളതായി പ്രചരിച്ചിരുന്നു. മീനങ്ങാടി വേങ്ങൂര്‍ കോളനിയിലെ വാഴക്കണ്ടി പരേതനായ മുകുന്ദന്‍െറ മകന്‍ വിനീതാണ് (28) മരിച്ചത്. ചൊവ്വാഴ്ച രാത്രി മുട്ടിലിനും പാറക്കലിനും ഇടയിലുള്ള ചേനംകൊല്ലി വളവില്‍ കാര്‍മറിഞ്ഞ് ഇയാള്‍ക്ക് തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാത്രി എട്ടോടെ കമ്പളക്കാടിനടുത്ത മടക്കിമല മുരണിക്കര വളവിലാണ് സംഭവങ്ങളുടെ തുടക്കം. മീനങ്ങാടി മൈലമ്പാടി മനോജ് (42), ഭാര്യ കുമാരി (38), മകന്‍ അനൂപ് (14), മകള്‍ അനുഷ (13) എന്നിവര്‍ സഞ്ചരിച്ച കാര്‍ വിനീത് തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമാരിയുടെ മടക്കിമലയിലെ വീട്ടില്‍പോയി തിരിച്ചുവരുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മീനങ്ങാടിയില്‍ ഓട്ടോഡ്രൈവറാണ് വിനീത്. വിനീതിന്‍െറ ഓട്ടോയാണ് മനോജ് സ്ഥിരമായി വിളിച്ചിരുന്നത്. ഈയടുത്ത് മനോജ് കാര്‍ വാങ്ങിയെങ്കിലും ദൂരസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ കാര്‍ ഡ്രൈവറായും വിനീതിനെയായിരുന്നു വിളിച്ചിരുന്നത്.
എന്നാല്‍, ഡ്രൈവിങ് പഠിച്ചതോടെ കാര്‍ മനോജ് തന്നെ ഓടിക്കാന്‍ തുടങ്ങി. ഈ കാറിലായിരുന്നു കുടുംബം മടക്കിമലയിലേക്ക് പോയത്. ഇതറിഞ്ഞ് ഇവിടെയത്തെിയ വിനീത് തന്നെ വിളിക്കാത്തത് എന്താണെന്ന് ചോദിച്ച് ഇവരുമായി ബഹളമുണ്ടാക്കി. ഇതിനുശേഷം കുടുംബം മനോജിന്‍െറ മീനങ്ങാടി മൈലമ്പാടിയിലെ വീട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. മുരണിക്കര വളവില്‍ വിനീത് കാര്‍ തടഞ്ഞുനിര്‍ത്തി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മനോജിനും മകന്‍ അനൂപിനും കൈക്ക് പരിക്കേറ്റു. ആളുകള്‍ ഓടിക്കൂടിയതോടെ വിനീത് കാര്‍ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. പാറക്കലിനടുത്ത ചേനംകൊല്ലയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് വിനീതിന് ഗുരുതരമായി പരിക്കേറ്റത്. കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി രാത്രി 9.30ഓടെയാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ്: പത്മിനി എന്ന കമലാക്ഷി. സഹോദരന്‍: വിനോദ്.
എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുള്ളതായി പ്രചാരണം നടന്നിരുന്നു. വിനീതിന്‍െറ സുഹൃത്തുക്കളും സംശയമുന്നയിച്ചിരുന്നു.
കത്തിക്കുത്തില്‍ പരിക്കേറ്റ മനോജ് നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. നിരവധിതവണ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. മനോജും വിനീതും തമ്മില്‍ ചൊവ്വാഴ്ച രാത്രി അടിപിടി ഉണ്ടായതായും വിനീതിന് വയറ്റില്‍ കുത്തേറ്റതായും ഈ പരിക്കുമൂലമാണ് മരിച്ചതെന്നും പ്രചരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് കല്‍പറ്റ പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വിനീതിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വാഹനാപകടത്തില്‍ തലച്ചോറിനേറ്റ മാരക പരിക്കുമൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്. ഇത്തരത്തില്‍ മറ്റൊരാള്‍ ആക്രമിച്ച് പരിക്കേല്‍പിക്കുന്ന ഒരാള്‍ക്ക് 10 മീറ്റര്‍ പോലും വാഹനം ഓടിക്കാനാവില്ലത്രെ. എന്നാല്‍, ഏഴു കിലോമീറ്റര്‍ ദൂരത്തുള്ള ചേനംകൊല്ലിയിലാണ് വിനീത് ഓടിച്ച കാര്‍ മറിയുന്നത്. പാടെ തകര്‍ന്നനിലയില്‍ ഇവിടെനിന്നാണ് കാര്‍ ക്രെയ്ന്‍ ഉപയോഗിച്ച് പൊലീസ് കല്‍പറ്റ സ്റ്റേഷന്‍ വളപ്പിലത്തെിച്ചത്.
പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ മൃതദേഹത്തില്‍ വയറില്‍ കുത്തേറ്റ പരിക്കുകളുണ്ടായിരുന്നില്ല. ഇക്കാര്യം സുഹൃത്തുക്കളെയും മറ്റും ബോധിപ്പിക്കുകയും ചെയ്തിരുന്നു.
വിനീതിന്‍െറ ബന്ധുക്കളോ മറ്റോ മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടില്ളെന്നും കല്‍പറ്റ സബ് ഇന്‍സ്പെക്ടര്‍ രാമനുണ്ണി പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.