ജില്ലയില്‍ 6,300ഓളം ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തിയായി

കല്‍പറ്റ: പ്ളാസ്റ്റിക് രഹിത വയനാടിനായി ജില്ലയിലെ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം വേണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകാപരമായ തീരുമാനമാണ് പ്ളാസ്റ്റിക് കവറുകളുടെ നിരോധം. സമൂഹത്തില്‍ നല്ളൊരു ശതമാനം ഇപ്പോള്‍തന്നെ പ്ളാസ്റ്റിക് കവറുകളുടെ ഉപയോഗത്തില്‍നിന്ന് പിന്തിരിഞ്ഞിട്ടുണ്ട്. ബോധവത്കരണം കൂടി വ്യാപിപ്പിച്ചാല്‍ ശേഷിക്കുന്ന വിഭാഗവും ഈ യജ്ഞത്തില്‍ പങ്കാളിയാവുമെന്ന് ഒ.ആര്‍. കേളു എം.എല്‍.എ പറഞ്ഞു. സന്തുലിതമായ ആവാസവ്യവസ്ഥ നിലനിന്നിരുന്ന നാടായിരുന്നു വയനാട്. ഇപ്പോള്‍ ടണ്‍ കണക്കിന് പ്ളാസ്റ്റിക് മാലിന്യങ്ങളാണ് മണ്ണിലേക്ക് അടിയുന്നത്. ഇനിയും ഇതിന് മാറ്റമുണ്ടായില്ളെങ്കില്‍ വരുംകാല വയനാടിന് ഇതൊരു കനത്ത വെല്ലുവിളിയാകുമെന്നും യോഗം വിലയിരുത്തി. ജില്ലയിലെ അരിവാള്‍ രോഗികള്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.ടി.പി പ്രോജക്ട് ഓഫിസര്‍ യോഗത്തെ അറിയിച്ചു. ആദിവാസികള്‍ക്കായി ഭൂമി വാങ്ങാന്‍ ഫണ്ടനുവദിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ലക്ഷ്യത്തിലത്തെിക്കാന്‍ കഴിയാത്തതിനെതിരെ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. ഭൂമി തെരഞ്ഞെടുപ്പിലും ഇടപാടുകളിലും ജനകീയ കമ്മിറ്റികളുടെ സുതാര്യമായ ഇടപെടലുകള്‍ ഉണ്ടാകണം. ചേകാടി പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എടുക്കണമെന്നും ആവശ്യമുയര്‍ന്നു. കബനീതീരം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയും അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ കുടിവെള്ള പ്രശ്ന പരിഹാരവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പനമരം സബ് രജിസ്ട്രാര്‍ ഓഫിസ് നിര്‍മാണത്തിന് സ്ഥലം ലഭ്യമാകാത്തതാണ് തടസ്സം. ചെറുകാട്ടൂരില്‍ സ്ഥലം നല്‍കാന്‍ വ്യക്തികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇവിടെ ഓഫിസ് നിര്‍മാണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളില്‍ വരള്‍ച്ച തടയുന്നതിനായുള്ള പദ്ധതികളും യോഗത്തില്‍ വിശദീകരിച്ചു. ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വികസന സമിതിയില്‍ അവലോകനം ചെയ്തു. ജില്ലയില്‍ 6,300ഓളം കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ അറിയിച്ചു. നാല് പഞ്ചായത്തുകള്‍ ഇതിനകം സമ്പൂര്‍ണ ഒ.ഡി.എഫ് പഞ്ചായത്തുകളായി പ്രഖ്യാപനം നടത്തി. വന്യമൃഗശല്യം തടയുന്നതിനായുള്ള വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച സൗരോര്‍ജ വൈദ്യുതി വേലിയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വനംവകുപ്പിന്‍െറ സഹകരണം തേടി. നെല്‍കൃഷി ഏറ്റെടുത്ത ആദിവാസി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിനെക്കുറിച്ചും നെല്ല് സംഭരണത്തിന്‍െറ തുക കാലതാമസം കൂാടതെ വിതരണം ചെയ്യുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ക്ഷീരകര്‍ഷകര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ എം.വി. മോഹന്‍ദാസ്, അബ്ദുല്‍ റഷീദ് എന്നിവരെ ജില്ലാ വികസന സമിതി യോഗത്തില്‍ ആദരിച്ചു. സ്ഥലംമാറിപോകുന്ന ജില്ലാ പ്ളാനിങ് ഓഫിസര്‍ എസ്.എച്ച്. സനല്‍കുമാറിന് യാത്രയയപ്പ് നല്‍കി. ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, സബ് കലക്ടര്‍ വി. സാംബശിവറാവു, എ.ഡി.എം കെ.എം. രാജു, ജില്ലാ പ്ളാനിങ് ഓഫിസര്‍ എസ്.എച്ച്. സനല്‍കുമാര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.