റിയാദ്: സൗദിയിലെ ലുലു ഗ്രൂപ് ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്നു. 'ഇന്ത്യ-സൗദി ഉത്സവ്' എന്ന പേരിൽ നടക്കുന്ന മേള റിയാദ് അവന്യൂ മാളിലെ ലുലു ഹൈപർമാർക്കറ്റിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പും ഹൈപർമാർക്കറ്റും ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിനിടയിലെ ഒരു ഉറച്ച പാലമായി നിലകൊള്ളുന്നതിൽ സന്തോഷമുണ്ടെന്ന് അംബാസഡർ പറഞ്ഞു.
ഇത് ഷോപ്പർമാർക്ക് ഇന്ത്യൻ ഉൽപന്നങ്ങളുടെ ശ്രേണിയും വൈവിധ്യവും ഉയർത്തിക്കാട്ടുന്നതിനുള്ള മികച്ച അവസരമാണ്. ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലുലു ഗ്രൂപ് സംഘടിപ്പിച്ച ഇന്ത്യ-സൗദി ഉത്സവിലൂടെ പുതിയ ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിതന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും ലുലു ഗ്രൂപ്പിനെ, പ്രത്യേകിച്ച് ലുലു ഗ്രൂപ്പിെൻറ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയെ അഭിനന്ദിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു.ലുലു സൗദി ഡയറക്ടർ ഷഹിം മുഹമ്മദ്, മറ്റ് ലുലു ഗ്രൂപ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സൗദിയിലുടനീളമുള്ള എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലും നടക്കുന്ന ഉത്സവത്തിൽ ജീവിതശൈലി ഇനങ്ങളിലും ഇലക്ട്രോണിക്സ് ഷോപ്പിങ്ങിലും ആകർഷകമായ പ്രമോഷനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിൽനിന്നുള്ള സുപ്രധാന ഭക്ഷ്യധാന്യങ്ങൾ മുതൽ ഇന്ത്യയിൽനിന്നുള്ള പുതിയ പഴങ്ങൾ, പച്ചക്കറികൾ, മാംസം, കടൽ വിഭവങ്ങൾ വരെയുള്ള ഉൽപന്നങ്ങളുടെ പ്രദർശനം മേളയിലുണ്ടാവും. ഇന്ത്യയിൽനിന്നും ഗ്രാമിയ, ന്യൂട്രിഓർഗ്, ഹ്യൂഗോ, റീറ്റ്സൽ, മിൽക്കി ഫ്രെഷ്, ബികാജി, ഡി-അലൈവ് തുടങ്ങിയ ബ്രാൻഡുകളിൽനിന്നുള്ള ഡ്രാഗൺ ഫ്രൂട്ട്സും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. ജലബിയ, അബായ ഡിസൈനുകളിൽ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഇന്ത്യൻ തുണിത്തരങ്ങൾ ലഭ്യമാക്കിക്കൊണ്ടുള്ള സൗദി വെഡിങ് എക്സ്പോയും ഉത്സവത്തിെൻറ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യ-സൗദി ഉത്സവ് ആഗസ്റ്റ് 21 വരെ നീണ്ടുനിൽക്കും.
പ്രതിവർഷം 3500 കോടി രൂപയുടെ ഇന്ത്യൻ ഉൽപന്നങ്ങൾ ലുലു ഗ്രൂപ് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വരും മാസങ്ങളിൽ ഇത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡയറക്ടർ ഷഹിം മുഹമ്മദ് പറഞ്ഞു. ഏകദേശം 29,000 ഇന്ത്യക്കാർ ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ട്. 'ഇന്ത്യ-സൗദി ഉത്സവ്' ഉപഭൂഖണ്ഡവുമായുള്ള ലുലു ഗ്രൂപ്പിെൻറ ശക്തമായ ബന്ധത്തിനുള്ള ആദരവാണ്. ഇതോടനുബന്ധിച്ചു പ്രവാസികൾക്കായി 'ഗൾഫ് മാധ്യമം' ദിനപത്രത്തിലൂടെയും സ്വദേശികൾക്കായി ലുലുവിെൻറ ഔദ്യോഗിക ട്വിറ്ററിലൂടെയും രണ്ട് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും ഷഹിം മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.