ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയിൽ എ.ഐ കാമറകൾ സ്ഥാപിച്ച് 15 ദിവസങ്ങൾക്കകം 12,000 നിയമലംഘനങ്ങൾ കണ്ടെത്തി. റോഡ് സുരക്ഷ എ.ഡി.ജി.പി അലോക് കുമാർ എക്സിൽ പോസ്റ്റ് ചെയ്തതാണിത്. പിഴ അടക്കാനുള്ള നോട്ടീസ് വാഹന ഉടമകളുടെ മൊബൈൽ ഫോണിലേക്ക് നേരിട്ടുവരും. കർണാടക ആർ.ടി.സി ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളുടെ ചിത്രങ്ങളും എ.ഡി.ജി.പി പങ്കുവെച്ചു.
രാത്രിയായാലും പകലായാലും ബംഗളൂരു-മൈസൂരു പാതയിൽ കാമറകളുടെ കണ്ണുവെട്ടിച്ച് നിയമലംഘനം നടത്താനാകില്ലെന്ന് അലോക് കുമാർ പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചതിനും ഫോൺ പിടിച്ചുകൊണ്ടിരുന്നതിനുമാണ് കൂടുതൽ കേസുകൾ. പാതയിൽ ഗതാഗത നിയമലംഘനങ്ങൾ പതിവായതിനെത്തുടർന്നാണ് 60 എ.ഐ കാമറകൾ സ്ഥാപിച്ചത്. ഇതിൽ 48 എണ്ണം ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ) സംവിധാനം ഉള്ളവയാണ്.
നിർമിതബുദ്ധി കാമറയാണ് രംഗങ്ങൾ ഒപ്പിയത്പാതയിലെ മൂന്ന് സ്ഥലങ്ങളിൽ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻ.എച്ച്.എ.ഐ) കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനങ്ങളും അപകടങ്ങളും കൂടിയതോടെ കഴിഞ്ഞ ജൂലൈയിൽ ദേശീയപാത അധികൃതർ വിദഗ്ധസമിതിയെ നിയോഗിച്ച് സുരക്ഷാപരിശോധന നടത്തിയിരുന്നു. തുടർന്നാണ് കൂടുതൽ കാമറകൾ സ്ഥാപിച്ചത്. പാതയിൽ ഓരോ രണ്ട് കിലോമീറ്ററുകൾക്കുള്ളിലും എ.ഐ കാമറകളുണ്ട്. വാഹനങ്ങളുടെ ചിത്രവും നമ്പർപ്ലേറ്റുകളും കാമറകൾ ചിത്രീകരിക്കും. ട്രാക്ക് തെറ്റിക്കുന്നതും തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്നതുമാണ് പാതയിൽ കാണുന്ന മറ്റു പ്രധാന നിയമലംഘനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.