ബംഗളൂരു: സാധാരണക്കാർക്ക് സൗജന്യനിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിര കാന്റീനുകൾ പുനരുജ്ജീവിപ്പിക്കാൻ കോൺഗ്രസ് സർക്കാറിന് പദ്ധതി. തമിഴ്നാട്ടിലെ അമ്മ കാന്റീനുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒന്നാം സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് 2017 ആഗസ്റ്റ് 15നാണ് ഇന്ദിര കാന്റീനുകൾ കർണാടകയിൽ തുറക്കുന്നത്.
മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിൽ ബംഗളൂരുവിലും മൈസൂരുവിലും തുറന്ന കാന്റീനുകളിൽ സൗജന്യ നിരക്കിൽ ഭക്ഷണം ലഭ്യമായതോടെ ഇവ ഏറെ ജനപ്രീതി നേടി. എന്നാൽ, പിന്നീട് വന്ന ബി.ജെ.പി സർക്കാർ താൽപര്യം കാണിക്കാതായതോടെ പ്രവർത്തനം താളംതെറ്റി.
സർക്കാർ അധികഫണ്ട് അനുവദിക്കാതിരുന്നതോടെ കാന്റീനുകളുടെ പ്രവർത്തനം നാമമാത്രമായി. പലയിടത്തും പ്രവർത്തനം നിർത്തി. ബംഗളൂരുവിലെ ഇന്ദിര കാന്റീൻ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനായി 300 കോടി രൂപയാണ് വേണ്ടിവരുന്നതെന്ന് ബി.ബി.എം.പി അറിയിച്ചു. അറ്റകുറ്റപണികൾക്കും പുതിയ കാന്റീനുകൾ തുടങ്ങാനുമാണിത്. കരാറുകാർക്കുള്ള കുടിശ്ശിക നൽകാനും നല്ലൊരു തുക വേണ്ടിവരും.
ഓരോ വാർഡിലും ഓരോ കാന്റീനുകൾ തുറക്കുകയാണ് കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നത്. ബി.ബി.എം.പി വാർഡുകളുടെ എണ്ണം 198ൽനിന്ന് 243 ആയി വർധിപ്പിച്ചിട്ടുണ്ട്. ഇതിനാൽ പുതിയ വാർഡുകളിലും കാന്റീനുകൾ തുറക്കേണ്ടി വരും. എന്നാൽ, കോൺഗ്രസിന്റെ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കൊപ്പം ഇന്ദിര കാന്റീനുകളും തുറക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.