മംഗളൂരു: ‘വൃക്ഷങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന പത്മശ്രീ തുളസി ഗൗഡ വിടവാങ്ങി. 80 വയസ്സായിരുന്നു. വാർധക്യ പ്രശ്നങ്ങളെ തുടർന്ന് അങ്കോള താലൂക്കിലെ ഹൊന്നല്ലി ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് ഉത്തര കന്നട ജില്ലയിലെ ഏറ്റവും പ്രമുഖ പരിസ്ഥിതി സംരക്ഷകരിൽ ഒരാളെന്ന അംഗീകാരം നേടി.
മട്ടിഘട്ട ഫോറസ്റ്റ് നഴ്സറിയിൽ ജോലി ചെയ്തിരുന്ന അവർ. വിറക് ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തി. ഹലക്കി വൊക്കലിഗ സമുദായ അംഗമായ അവർ പ്രശസ്ത നാടോടി കലാകാരി കൂടിയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് യുവതലമുറയെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ജീവിതം ചെലവഴിച്ചു.
ഹൊന്നാല്ലി ഗ്രാമത്തിലെ ഹലക്കി ഗോത്രവർഗ ദരിദ്ര കുടുംബത്തിൽ 1944ലാണ് ജനനം. രണ്ട് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. കൗമാര പ്രായമായപ്പോൾ പ്രാദേശിക നഴ്സറിയിൽ ദിവസക്കൂലിക്കാരിയായി അമ്മയോടൊപ്പം ജോലി ചെയ്യേണ്ടിവന്നു. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും വനമോ മരങ്ങളോ ഉള്ള ഭാവിയായിരുന്നു അവരുടെ പ്രതീക്ഷ.1986ൽ ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് ലഭിച്ചു.
വനവത്കരണത്തിനും തരിശുഭൂമി വികസനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ഇത്. 1999ൽ കർണാടക രാജ്യോത്സവ അവാർഡ് ലഭിച്ചു. 2020 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്. ധാർവാഡ് കാർഷിക സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.