ബംഗളൂരു: മൈസൂരു ദസറയിൽ ജംബോ സവാരി നടത്തേണ്ട ആനകളിപ്പോൾ മൈസൂരു കൊട്ടാരത്തിൽ തടി നന്നാക്കുകയാണ്. ഒക്ടോബർ മൂന്നിന് തുടങ്ങുന്ന ദസറ സമാപിക്കുന്ന 12നാണ് ആഘോഷത്തിന്റെ ഏറ്റവും ആകർഷകമായ ജംബോ സവാരി.
സവാരിയിൽ 750 കിലോഗ്രാം ഭാരമുള്ള അമ്പാരി വഹിക്കുന്ന ഗജവീരൻ അഭിമന്യു മുതൽ കൊട്ടാര വാസികളായ ഒമ്പത് ആനകളിൽ ഒന്നിന്റേയും തൂക്കം കൂടുകയല്ലാതെ ഒട്ടും കുറയരുതെന്ന കരുതലോടെയാണ് ഊട്ടുപുര സജീവമാവുന്നത്. അഭിമന്യു - 5560 കിലോഗ്രാം, ധനഞ്ജയ- 5155 കിലോ, ഭീമ -4945, ഗോപി - 4970, ഏകലവ്യ - 4730, കാഞ്ചൻ - 4515, രോഹിത് - 3625, വരലക്ഷ്മി- 3495, ലക്ഷ്മി- 2480 എന്നിങ്ങനെയാണ് ആനകളുടെ തൂക്കം.
പ്രത്യേക പോഷക സമൃദ്ധമായ 12 കിലോ ഉൾപ്പെടെ 500 കിലോ ആഹാരമാണ് ഓരോ ആനകളേയും ദിനേന ഊട്ടുന്നത്. ആഹാര സാധനങ്ങൾ മുതൽ ഉരുളകൾ വരെ വിദഗ്ധർ ജാഗ്രതയോടെ പരിശോധിക്കുന്നുണ്ട്.
ഗജാരോഗ്യ പരിപാലനത്തിന് ഏർപ്പെടുത്തിയ സംവിധാനം എല്ലാ ദിവസവും വന്യജീവി ഡിവിഷൻ വനം ഡെപ്യൂട്ടി കൺസർവേറ്റർ ഡോ. എൽ.ബി. പ്രഭു ഗൗഡയുടെ മേൽനോട്ടത്തിൽ പരിശോധിക്കുന്നു. തൂക്കം നോക്കുന്നതിനിടെ അനുഭവപ്പെട്ട കാഞ്ചൻ എന്ന ആനയുടെ കാൽവേദന ഭേദമായി വരുകയാണെന്ന് ഗൗഡ പറഞ്ഞു. ആനകളുടെ അടുത്ത സംഘം അടുത്ത മാസം അഞ്ചിനോ ആറിനോ മൈസൂരു കൊട്ടാരത്തിൽ എത്തും. പ്രശാന്ത്, മഹേന്ദ്ര, സുഗ്രീവ, ലക്ഷ്മി, ഹിരണ്യ എന്നിവയാണ് സംഘത്തിൽ ഉണ്ടാവുക. ഇതോടെ ജംബോ സവാരിയിൽ എഴുന്നള്ളേണ്ട 14 ആനകളും കൊട്ടാരത്തിൽ അതിഥികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.