ബംഗളൂരു: നാഗസാന്ദ്ര-മാധവാര മെട്രോ ഗ്രീൻ ലൈനിൽ സർവിസ് ആരംഭിച്ച വ്യാഴാഴ്ച മൂന്ന് സ്റ്റേഷനുകളിൽ നിന്നായി വൈകീട്ട് ഏഴുവരെ 6,032 പേർ യാത്ര ചെയ്തതായി ബി.എം.ആർ.സി.എൽ അറിയിച്ചു.
മൊത്തം 5,061 പേർ മൂന്ന് സ്റ്റേഷനുകളിലും ഇറങ്ങി. പുതുതായി തുറന്ന മാധവാര സ്റ്റേഷനിൽനിന്ന് ബംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനിലൂടെ (തെക്ക്-വടക്ക് ഇടനാഴി) ആദ്യ യാത്ര വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്കാണ് പുറപ്പെട്ടത്. നാഗസാന്ദ്രയിൽ നിന്ന് മാധവാര വരെ നിർമിച്ച പുതിയ 3.14 കിലോമീറ്റർ മെട്രോ പാതയുടെ വാണിജ്യ സർവിസിന്റെ തുടക്കമാണിത്. നാഗസാന്ദ്രക്കും മാധവാരക്കുമിടയിൽ മഞ്ജുനാഥ നഗർ, ചിക്കബിദരകല്ലു എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.
പുതിയ മെട്രോ പാത തുറന്നതോടെ നഗരത്തിലെ തിരക്കേറിയ തുമകൂരു റോഡിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഈ റോഡ് വഴി വാഹനങ്ങളിൽ പോകുന്ന ഒട്ടേറെപ്പേർ മെട്രോ യാത്ര തിരഞ്ഞെടുക്കുന്നതോടെ കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ വഴിതുറക്കും.മാധവാരയിലെ ബംഗളൂരു ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലേക്ക് (ബി.ഐ.ഇ.സി) യാത്ര എളുപ്പമാകാനും വഴിതെളിയും. പ്രധാനപ്പെട്ട സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും സംബന്ധിക്കാൻ നിരവധിയാളുകൾ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിലെത്താറുണ്ട്. ദിവസം 44,000 യാത്രക്കാർക്ക് പുതിയ പാത പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
രാത്രി 11 മണിവരെയാണ് ബംഗളൂരു മെട്രോ സർവിസുള്ളത്. 3.14 കിലോമീറ്റർ പാത 1168 കോടി രൂപ ചെലവിലാണ് നിർമിച്ചത്. ഇതോടെ ബംഗളൂരു മെട്രോയുടെ ആകെ ദൈർഘ്യം 76.96 കിലോ മീറ്ററും മൊത്തം 69 സ്റ്റേഷനുകളുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.