ബംഗളൂരു: നഗരത്തിൽ എ.ടി.എമ്മിനുമുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പെട്ടികൾ പൊലീസിനെ മണിക്കൂറുകൾ വട്ടം കറക്കി. ഒടുവിൽ പെട്ടികൾ ശൂന്യമാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് എ.ടി.എമ്മിൽ ഇരിക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തിറങ്ങിയപ്പോഴാണ് എ.ടി.എമ്മിന് സമീപം പെട്ടികൾ കണ്ടത്.
എ.ടി.എമ്മിനുള്ളിൽ പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണിവ. സ്വന്തം എ.ടി.എമ്മിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയശേഷം സുരക്ഷ ജീവനക്കാരൻ മിനർവ സർക്കിളിൽ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ലോക്കൽ പൊലീസിൽ അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ ഇല്ലെന്ന് കണ്ടെത്തി. പെട്ടികൾ കാലിയായതിനാൽ എ.ടി.എമ്മിനുള്ളിൽ ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, മൂന്ന് പെട്ടികൾ എ.ടി.എമ്മിന് പുറത്ത് സൂക്ഷിച്ച ശേഷം യാചകൻ സ്ഥലം വിടുന്ന ദൃശ്യം കണ്ടെത്തി. പെട്ടികൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.