മംഗളൂരു: ഉഡുപ്പി ജില്ലയിലെ കൊട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതികളെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി.ബ്രഹ്മാവർ സലിഗ്രാമയിലെ ജി.ആശ(38),കെ.സുജാത(40) എന്നിവരാണ് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.ആശ അജ്ജർകാട്ടെ ജീല്ലആശുപത്രിയിൽ ചികിത്സയിലാണ്.ജോലി ചെയ്ത വീടിന്റെ ഉടമ സ്വർണാഭരണം കാണാതായത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് പൊലീസ് അതിരുവിട്ട് പെരുമാറിയത്. എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങിനെ: നൂജി ഗ്രാമത്തിലെ കിരൺ കുമാർ ഷെട്ടിയുടെ വീട്ടിൽ ഈ മാസം രണ്ടിന് രണ്ടു പേരും ജോലികൾ ചെയ്തിരുന്നു.ഉച്ച 1.30ന് സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
അന്ന് വൈകുന്നേരം ആറരയോടെ കൊട സബ് ഇൻസ്പെക്ടർ സുധർ പ്രഭു ആശയുടെ മൊബൈൽ ഫോണിൽ വിളിച്ച് ഉടൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.സ്വർണ വള നഷ്ടപ്പെട്ടതായി പരാതി നൽകിയതായും അറിയിച്ചു.സ്റ്റേഷനിൽ ചെന്നപ്പോൾ എസ്.ഐ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് സംസാരിക്കുകയും പിസ്റ്റൾ നെറ്റിയിലേക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കുടിക്കാൻ വെള്ളം നൽകുകയോ ശുചി-കുളി മുറിയിൽ പോവാൻ അനുവദിക്കുകയോ ചെയ്തില്ല.മണിക്കൂറുകൾ കഴിഞ്ഞാണ് വീട്ടിൽ പോവാൻ അനുവദിച്ചത്.എസ്.ഐ ആവശ്യപ്പെട്ടതനുസരിച്ച് പിറ്റേന്ന് രാവിലെ 10.30ന് വീണ്ടും പൊലീസ് സ്റ്റേഷനിൽ ഹാജരായി.സുജാതയും എത്തിയിരുന്നു.
എസ്.ഐയെ കൂടാതെ വീട്ടുടമ കിരൺ കുമാർ ഷെട്ടി, വനിത കോൺസ്റ്റബിൾ രേവതി എന്നിവർ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു.വയറ്റത്ത് ഇടിയേറ്റ് വീണുപോയ ആശയുടെ ചുമലിൽ എല്ലാവരും ചേർന്ന് ചവിട്ടി.നിലത്ത് മയങ്ങിപ്പോയ ആശയെ വൈകുന്നേരം 7.45നാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു പോവാൻ അനുവദിച്ചത്.സുജാതയെ ബലം പ്രയോഗിച്ച് കൊണ്ടുപോവുന്നതിനിടെ ഷെട്ടി അവരുടെ മുഖത്ത് അടിച്ചു. സ്റ്റേഷനിൽ മർദ്ദനം ഉണ്ടായില്ല, ചോദ്യം ചെയ്ത് വിട്ടയക്കുക മാത്രമാണുണ്ടായതെന്ന് ഇരുവരും പറയുന്ന വീഡിയോ എടുത്ത ശേഷമാണ് പൊലീസ് വിട്ടയച്ചതെന്ന് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.