ബംഗളൂരു: കോളജ് പരിപാടിക്കിടെ അവതരിപ്പിച്ച സ്കിറ്റിൽ ജാത്യാധിക്ഷേപം നടത്തുകയും ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായൺ നിർദേശം നൽകി.
സംഭവം നിർഭാഗ്യകരമായെന്നും ലോകം ആദരിക്കുന്ന അംബേദ്കറെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരു ജെയിൻ കൽപിത സർവകലാശാലയിലെ സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. ദിനേശ് നീൽകാന്ത്, പ്രോഗ്രാം കോഓഡിനേറ്റർ പ്രതീക് എന്നിവരും ഏഴ് വിദ്യാർഥികളും അറസ്റ്റിലായിട്ടുണ്ട്.
പട്ടിക ജാതി-വർഗ അതിക്രമങ്ങൾ തടയാനുള്ള നിയമപ്രകാരം ബംഗളൂരു സിദ്ധാപുര പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കർണാടക സാമൂഹികക്ഷേമ വകുപ്പ് അസി. ഡയറക്ടർ കെ.എൻ. മധുസൂദനയുടെ പരാതിയിൽ ബംഗളൂരു സിദ്ധാപുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാദ സ്കിറ്റ് ദലിത് സമുദായത്തെ മാത്രം പ്രകോപിപ്പിക്കുന്നതല്ലെന്നും സാമൂഹിക സൗഹാർദം തകർക്കാൻ ഇടയാക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ വഞ്ചിത് ബഹുജൻ യുവ ആഘാഡി സംസ്ഥാന കമ്മിറ്റിയംഗം അക്ഷയ് ബൻസോദെ നന്ദേഡ് എസ്.പിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. കോളജ് ഫെസ്റ്റിൽ, സാങ്കൽപിക ഉൽപന്നത്തെ കുറിച്ച് ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ‘മാഡ് -ആഡ്സ്’ എന്ന വിഭാഗത്തിൽ വിദ്യാർഥികളുടെ സംഘമായ ‘ദ ഡെൽറോയ്സ് ബോയ്സ്’ അവതരിപ്പിച്ച സ്കിറ്റാണ് വിവാദമായത്.
താഴ്ന്ന ജാതിയിൽപെട്ട യുവാവ് ഉന്നത ജാതിയിൽപെട്ട യുവതിയുമായി ഡേറ്റിങ്ങിന് ശ്രമിക്കുന്നതാണ് ഉള്ളടക്കം. ബി.ആർ. അംബേദ്കർ എന്നത് ‘ബീർ അംബേദ്കർ’ എന്നാക്കിയതടക്കമുള്ള വിവാദ പരാമർശങ്ങളാണ് സ്കിറ്റിലുള്ളത്. വിദ്യാർഥികളിലാരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സംഭവം വിവാദമാവുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ ‘ദ ഡെൽറോയ്സ് ബോയ്സ്’ ഇൻസ്റ്റഗ്രാം പേജിൽ ക്ഷമാപണം നടത്തിയിരുന്നു. സംഭവത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ച ജെയിൻ കൽപിത സർവകലാശാല, സ്കിറ്റിൽ അഭിനയിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.