ബംഗളൂരു: ബംഗളൂരു റൂറൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചന്നപട്ടണയിൽ അമിത് ഷാ റോഡ് ഷോ നടത്തുന്നത് ബി.ജെ.പി- ജെ.ഡി-എസ് സഖ്യത്തിലുള്ള ഭിന്നിപ്പ് തീർക്കാനാണെന്ന വിമർശനവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ അവിടെ ഒരുമയില്ല. പകലും രാത്രിയും അവിടെ തമ്മിൽതല്ലാണ്.
തദ്ദേശതെരഞ്ഞെടുപ്പിൽപോലും അവർ ഒന്നിച്ചു പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടാണ് അമിത് ഷാ അവിടെനിന്ന് കാമ്പയിൻ ആരംഭിക്കുന്നത്. എന്തുകൊണ്ടാണ് ബി.ജെ.പിയും ജെ.ഡി-എസും പ്രവർത്തകരുടെ സംയുക്ത കൺവെൻഷൻ വിളിക്കാത്തതെന്ന് ചോദിച്ച ശിവകുമാർ, നേതാക്കൾ മാത്രം ഒന്നിച്ചിരുന്നതുകൊണ്ട് ഇരുപാർട്ടികളിലെയും പ്രവർത്തകർ ഒന്നിക്കണമെന്നില്ലെന്നും കുറ്റപ്പെടുത്തി.
2018ൽ ജെ.ഡി-എസിന് വെറും 38 എം.എൽ.എമാർ മാത്രമുണ്ടായിരുന്നപ്പോൾ കുമാരസ്വാമിയെ ഞങ്ങൾ സഖ്യസർക്കാറിൽ മുഖ്യമന്ത്രിയാക്കി. എല്ലാ പ്രതിസന്ധിക്കിടയിലും സർക്കാറിനെ സ്ഥിരപ്പെടുത്താൻ ഞാൻ കഠിനമായി ശ്രമിച്ചു.
ഞാനെന്താണ് ചെയ്തതെന്ന് ജെ.ഡി-എസിന്റെ പ്രവർത്തകർക്കറിയാം; കുമാരസ്വാമി അതു മറന്നാലും. കുമാരസ്വാമി ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. അദ്ദേഹം ഓരോ ബി.ജെ.പി നേതാക്കളുടെയും വാതിലിൽ പോയി മുട്ടുകയാണ്. കുമാരസ്വാമി നയിച്ച സർക്കാറിനെ വീഴ്ത്തിയവരുടെ വാതിലിലാണ് അദ്ദേഹം ഇപ്പോൾ വീണ്ടും ചെന്നുമുട്ടുന്നത്. എന്താണ് വേണ്ടതെന്ന് ജനം തീരുമാനിക്കും -ശിവകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.