മംഗളൂരു: രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത കർണാടകയിൽ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഡുപ്പി സ്വദേശിയായ വയോധികന് കോവിഡ് സ്ഥിരീകരിച്ചു. 82 കാരനായ ഇദ്ദേഹത്തിന് മംഗളൂരു സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകുന്നു.
ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർ എം.പി.മുള്ളൈ മുഹിളൻ വ്യാഴാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കോവിഡ് പ്രതിരോധ, ചികിത്സ കാര്യങ്ങൾ ചർച്ച ചെയ്തു. ജില്ലയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിൽ പ്രതിദിനം ശരാശരി രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഡി.എം.ഒ ഡോ.തിമ്മയ്യ യോഗത്തിൽ പറഞ്ഞു.ബുധനാഴ്ച വരെ കാസർകോട് ജില്ലയിൽ 27 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 25 പേരും ഗാർഹിക ഐസൊലേഷനിലൂടെ സുഖം പ്രാപിച്ചു എന്നും അറിയിച്ചു.
കേരളത്തിൽ നിന്ന് ജില്ലയിൽ എത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്ന നടപടി വിപുലീകരിച്ചു.തലപ്പാടി, സാറഡുക്ക, സുള്ള്യപദവ്,സ്വർഗ,ജാൽസൂർ എന്നീ ചെക്ക് പോസ്റ്റുകളിലാണ് പരിശോധനകൾ നടത്തുന്നത്.ഈ ചെക്ക് പോസ്റ്റുകളിൽ ആരോഗ്യ പ്രവർത്തകർ കൊവിഡ് ബോധവത്കരണവും നടത്തുന്നു.യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയിലും ജില്ലയിലെ എട്ട് സ്വകാര്യ മെഡിക്കൽ കോളജുകളിലും ആർടി-പി.സി.ആർ പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലക്ക് വ്യാഴാഴ്ച 1000 വി.ടി.എം(വൈറൽ ട്രാൻസ്പോർട്ട് മീഡിയ) കിറ്റുകൾ ലഭ്യമായി. ജില്ലയിലെ ആശുപത്രികൾക്ക് 10,986 കിടക്ക ശേഷിയുണ്ട്.ഇതിൽ 1376 എണ്ണം ഓക്സിജൻ നൽകുന്നതിന് സൗകര്യമുള്ളവയാണ്.722 എണ്ണമുണ്ട് ഐ.സി.യു.വെന്റിലേറ്റർ-336. ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ആനന്ദ് യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.