അനന്ത് കുമാർ ഹെഗ്ഡെ,ജഗദീഷ് ഷെട്ടാർ

അനന്ത് കുമാർ ഹെഗ്ഡെക്ക് സീറ്റില്ല; ജഗദീഷ് ഷെട്ടാർ ബെളഗാവിയിൽ

ബംഗളൂരു/മംഗളൂരു: കർണാടകയിൽ ബാക്കിയുള്ള നാലു മണ്ഡലങ്ങളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ഉത്തര കന്നട, ചിക്കബല്ലാപുര, ബെളഗാവി, റായ്ച്ചൂർ സീറ്റുകളിലാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. വിദ്വേഷ, വിവാദ പ്രസ്താവനകൾകൊണ്ട് കുപ്രസിദ്ധനായ അനന്ത് കുമാർ ഹെഗ്ഡെക്ക് സീറ്റ് നിഷേധിച്ചതാണ് പ്രധാനം. മുൻ സ്പീക്കർ വിശ്വേശ്വര ഹെഗ്ഡെ കാഗേരിക്കാണ് പകരം നിയോഗം. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ തിരിച്ചെത്തിയ ജഗദീഷ് ഷെട്ടാറിന് ബെളഗാവി നൽകിയപ്പോൾ ചിക്കബല്ലാപുരിൽ മുൻ മന്ത്രി ഡോ. കെ. സുധാകറിനെ നിർത്തി. റായ്ച്ചുരിൽ രാജാ അമരേശ്വര നായ്ക്കിനെ സ്ഥാനാർഥിയാക്കി.

സിറ്റിങ് എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെയെ പാർട്ടി തഴഞ്ഞു. രാഷ്ട്രത്തിന്റെ ഭരണഘടന ഹിന്ദുമത താൽപര്യങ്ങൾക്കനുസരിച്ച് മാറ്റാൻ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റുകളിൽ വിജയിക്കേണ്ടതുണ്ടെന്ന അനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസംഗമാണ് ഏറ്റവും ഒടുവിൽ വിവാദമായത്. തന്റെ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതൃത്വം വിശദീകരണം തേടും എന്ന് പറഞ്ഞിരുന്നു.

ജനുവരി മുതൽ വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധ നേടുകയായിരുന്നു മണ്ഡലത്തിൽ പാർട്ടി അണികളുടെ പരസ്യപ്രതിരോധം നേരിടുന്ന അനന്ത്കുമാർ ഹെഗ്ഡെ എം.പി. അയോധ്യയിൽ 1992 ഡിസംബറിൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് സമാനമായ വിധിയാണ് ഉത്തര കന്നട ജില്ലയിലെ ഭട്കൽ മസ്ജിദിനെയും കാത്തിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രികൂടിയായ ഹെഗ്ഡെ കഴിഞ്ഞ ജനുവരിയിൽ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഉത്തര കന്നട ജില്ലയിലെ കുംട പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നടത്തിയ വ്യക്തിപരമായ ആക്ഷേപങ്ങളും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നത് കർഷകരല്ല ഖാലിസ്താനികളാണെന്ന പ്രസ്താവനയും കഴിഞ്ഞ മാസം വിവാദമായി.

ഡിസംബറിൽ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ഭാഗമായി സംഘടിപ്പിച്ച കൺവെൻഷനിൽ മണ്ഡലം തിരിഞ്ഞുനോക്കാത്ത എം.പി എന്ന ആക്ഷേപം നേരിട്ട അനന്ത്കുമാർ ഹെഗ്ഡെക്കെതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യമായി പ്രതികരിച്ചിരുന്നു. അഞ്ചു വർഷം ഉറങ്ങി ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രംഗത്തുവന്ന അനന്ത് കുമാർ ഹെഗ്ഡെ പാർലമെന്ററി രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി നേതാവും കർണാടക ക്ഷത്രിയ മറാത്ത ഐക്യവേദി പ്രസിഡന്റുമായ വി.എസ്. ശ്യാംസുന്ദർ ഗെയ്ക്‍വാദ് ഭട്കലിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്തു.

Tags:    
News Summary - Ananth Kumar Hegde has no seat; Jagadish Shettar in Belagavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.