ബംഗളൂരു: എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ ദേശീയ പുരസ്കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജിൽനിന്ന് ഏറ്റുവാങ്ങി. പൊതുപ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ മാതൃകപരമായി നടത്തുന്നവർക്കായുള്ള അവാർഡാണിത്. ശാസ്ത്ര മേഖലകളിൽ മികവുറ്റ പ്രവർത്തനം നടത്തിയ ഐ.എസ്.ആർ.ഒ എൽ.പി.എ.സി ഡയറക്ടർ ഡോ. വി. നാരായണനും പുരസ്കാരം ഏറ്റുവാങ്ങി.
മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്മയിലൂടെ എട്ടായിരത്തോളം ഭവനരഹിതർക്ക് വീടുകൾ ഒരുക്കാൻ നൽകിയ നേതൃപരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തിയപ്രവർത്തനങ്ങളുമാണ് തങ്ങളെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അരക്ഷിതാവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടാതെ സുരക്ഷിതമായ കാവൽ ഒരുക്കാൻ തങ്ങൾ കുടുംബം കാണിക്കുന്ന ജാഗ്രത നാടിന്റെ ശ്രദ്ധ നേടിയതാണെന്നും സാദിഖലി തങ്ങളെ കർണാടക തലസ്ഥാനത്ത് ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യഭാഷണം നടത്തിയ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ് എം.എൽ.സി സംസാരിച്ചു. വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു. കുന്നത്തൂർ ജെ. പ്രകാശ് സ്വാഗതവും പൂവച്ചൽ നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.