നിയമസഭ സീറ്റ്: കോഴ വാങ്ങി വഞ്ചിച്ചെന്ന പരാതിയുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ബസവരാജ് ബൊമ്മൈ

മംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ ബൈന്തൂർ മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായി ഗോവിന്ദ് ബാബു പൂജാരിയിൽ നിന്ന് കോടികൾ കോഴ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം ആരംഭിച്ചതല്ലേയുള്ളൂ, കുറ്റക്കാരുടെ പേരുകൾ പുറത്തുവരട്ടെ. പങ്കാളികളായവർ ശിക്ഷിക്കപ്പെടണം. പാർട്ടിയുടെ സൽപ്പേര് തകർക്കുന്നവരുടെ കാര്യം ഗൗരവമായി കാണുമെന്നും ബൊമ്മൈ വ്യക്തമാക്കി.

പരാതിയിൽ അറസ്റ്റിലായ സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര, കോഴക്ക് പിന്നിൽ ഉന്നതരുണ്ടെന്ന് ഇന്ന് ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. രാവിലെ റിലീഫ് സെന്ററിൽ നിന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ബംഗളൂരു ഡിവിഷൻ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടു പോവുന്നതിനിടെയായിരുന്നു ചൈത്രയുടെ പ്രതികരണം.

"ആ സ്വാമിജി അറസ്റ്റിലായാൽ എല്ലാ സത്യങ്ങളും പുറത്ത് വരും. നിരവധി വൻതോക്കുകൾ ഈ കേസിന് പിന്നിൽ ഉണ്ട്" എന്നാണ് വാഹനത്തിൽ നിന്നിറങ്ങി ഡിവിഷൻ ഓഫീസിൽ കയറുന്നതിനിടയിൽ ചൈത്ര വിളിച്ചു പറഞ്ഞത്. എന്തുകൊണ്ട് ചൈത്ര മുഖ്യ പ്രതിയായി എന്ന ചോദ്യത്തിന് "ഇന്ദിര കാന്‍റീൻ നടത്തിയതിന്റെ വൻ ബിൽ കുടിശ്ശികയുണ്ട്, അതാവാം കാരണം" എന്നായിരുന്നു പ്രതികരണം. എല്ലാ സത്യങ്ങളും പുറത്തു വരുമെന്നും ചൈത്ര വ്യക്തമാക്കി.

ചൈത്ര കുന്താപുര അടക്കം കേസിലെ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ ഹൂവിനഹദഗളി മഠാധിപതി അഭിനവ് ഹരിശ്രീ സ്വാമി ഒളിവിലാണ്. പരാതിക്കാരനിൽ നിന്ന് സ്വാമി ഒന്നര കോടി രൂപ കൈപ്പറ്റി എന്നാണ് ആരോപണം. മഠത്തിൽ സ്വാമിയെ സന്ദർശിച്ച ശേഷം ആവശ്യപ്പെട്ട തുക ജയനഗർ ബ്രാഞ്ച് ഓഫീസിൽ നിന്ന് കൈമാറി എന്നാണ് പരാതിയിലുള്ളത്.

Tags:    
News Summary - Assembly seat: Basavaraj Bommai says BJP has nothing to do with complaint of bribery and cheating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.