ബംഗളൂരു: ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ ഡെപ്യൂട്ടി കമീഷണറുടെ വസതിക്കുമുന്നിൽ പ്രതിഷേധിച്ചതിന്റെ പേരിൽ പട്ടികജാതി-വർഗ വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന് പുറത്താക്കി.
കഴിഞ്ഞദിവസം രാത്രി ബെള്ളാരി ഡെപ്യൂട്ടി കമീഷണർ പവൻകുമാറിന്റെ വസതിക്കുമുന്നിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. കർണാടക സർക്കാറിന്റെ കീഴിലുള്ള ബെള്ളാരിയിലെ പട്ടികജാതി-വർഗ ഹോസ്റ്റലിലെ ഭക്ഷണത്തെപ്പറ്റിയാണ് പരാതിയുയർന്നത്. ഹോസ്റ്റലിൽ വിളമ്പുന്ന കോഴിക്കറി മോശമാണെന്നാണ് വിദ്യാർഥികളുടെ പരാതി. ഇത് പതിവായതോടെ ഡെപ്യൂട്ടി കമീഷണറുടെ വസതിയിലേക്ക് മാർച്ച് നടത്താൻ വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി കോഴിക്കറിയുടെ പാത്രവും പിടിച്ച് വിദ്യാർഥികൾ ഡെപ്യൂട്ടി കമീഷണറുടെ വസതിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെയാണ് 25 വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ഡെപ്യൂട്ടി കമീഷണർ വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയത്. ഇതിനെതിരെ വിദ്യാർഥികൾ ബംഗളൂരുവിൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.
വിദ്യാർഥികൾക്ക് ഡെപ്യൂട്ടി കമീഷണറുടെ വസതിയിലേക്ക് മാർച്ച് നടത്തുകയല്ല, പരാതി അറിയിക്കുകയാണ് വേണ്ടതെന്ന് മന്ത്രി ബി. ശ്രീരാമുലു പറഞ്ഞിരുന്നു. പ്രതിഷേധിച്ച വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന് പുറത്താക്കാൻ നിർദേശിച്ച ഡെപ്യൂട്ടി കമീഷണറെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.