ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സമയം ഈ മാസം 11 മുതൽ മാറുന്നു. നിലവിൽ ഉച്ച 1.40ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയക്രമം അനുസരിച്ച് 2.20നാണ് പുറപ്പെടുക. കോയമ്പത്തൂരിൽനിന്ന് പുലർച്ച അഞ്ചിന് പുറപ്പെട്ടിരുന്ന ട്രെയിൻ 7.25നാണ് ഇനി പുറപ്പെടുക.
ഡിസംബർ അവസാനം സർവിസ് തുടങ്ങിയ ഈ ട്രെയിൻ പല ദിവസങ്ങളിലും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. വന്ദേഭാരതിന് മുമ്പ് ബംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ വേഗമേറിയ ഉദയ് എക്സ്പ്രസ് അരമണിക്കൂർ വ്യത്യാസത്തിലാണ് പുറപ്പെടുന്നത്.
വന്ദേഭാരത് ദൂരം കുറഞ്ഞ ഹൊസൂർ വഴിയാണെങ്കിൽ ഉദയ് എക്സ്പ്രസ് ബംഗാർപേട്ട്, കുപ്പം വഴിയാണ് സർവിസ് നടത്തുന്നത്. 377 കിലോമീറ്റർ ദൂരം ആറു മണിക്കൂർ 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് എത്തുമ്പോൾ 432 കിലോമീറ്റർ ദൂരം പിന്നിടാൻ ആറ് മണിക്കൂർ 45 മിനിറ്റാണ് ഉദയ് എക്സ്പ്രസിന് വേണ്ടിവരുന്നത്.
നിലവിൽ ബുധൻ ഒഴികെ ഓടുന്ന ബംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് (22666/ 22665) ഈ മാസം അഞ്ച് മുതൽ എല്ലാ ദിവസവും സർവിസ് നടത്തും. ഉച്ച 2.15ന് പുറപ്പെടുന്ന ട്രെയിൻ രാത്രി ഒമ്പതിന് കോയമ്പത്തൂരിലെത്തും. കെ.ആർ പുരം, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോയമ്പത്തൂർ-കെ.എസ്.ആർ ബംഗളൂരു ഉദയ് എക്സ്പ്രസ് (22666) രാവിലെ 5.45ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് ഉച്ച 12.30ന് ബംഗളൂരുവിലെത്തും.
പുതുക്കിയ സമയമനുസരിച്ച് ബംഗളൂരു കന്റോൺമെന്റ് - കോയമ്പത്തൂർ വന്ദേഭാരത് (20641) വ്യാഴം ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് 2.20ന് പുറപ്പെട്ട് ഹൊസൂർ (3.10), ധർമപുരി (4.42), സേലം (5.57), ഈറോഡ് (6.47), തിരുപ്പൂർ (7.31) വഴി രാത്രി 8.45ന് കോയമ്പത്തൂർ ജങ്ഷനിലെത്തും.
കോയമ്പത്തൂർ- ബംഗളൂരു കന്റോൺമെന്റ് വന്ദേഭാരത് (20642) കോയമ്പത്തൂരിൽനിന്ന് രാവിലെ 7.25ന് പുറപ്പെട്ട് തിരുപ്പൂർ (8.03), ഈറോഡ് (8.42), സേലം (9.32), ധർമപുരി (10.51), ഹൊസൂർ (12.03) വഴി ഉച്ചക്ക് 1.50ന് കന്റോൺമെന്റിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.