ബംഗളൂരു: പുതുവത്സര ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയൊരുക്കി പൊലീസ്. ഇതിന്റെ ഭാഗമായി 11,830 പൊലീസുകാരെയാണ് ബംഗളൂരുവിൽ നിയോഗിച്ചിരിക്കുന്നത്. നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. എയർപോർട്ടിലേക്കുള്ളതല്ലാത്ത എല്ലാ മേൽപാലങ്ങളും രാത്രി 11ന് ശേഷം അടച്ചിടും.
എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, റെസ്റ്റ് ഹൗസ് റോഡ് എന്നിവിടങ്ങളിൽ രാത്രി എട്ട് മുതൽ പുലർച്ച രണ്ടുവരെ എല്ലാ വാഹനങ്ങളെയും നിയന്ത്രിക്കും. വൈകീട്ട് നാലിനുശേഷം ഈ റോഡുകളിലെവിടെയും വാഹനം പാർക്ക് ചെയ്യാൻ പാടില്ല. ഇന്ദിര നഗറിൽ ഓൾഡ് മദ്രാസ് ജങ്ഷൻമുതൽ ദൊംലൂർ ജങ്ഷൻവരെയും മഹാദേവപുര ഐ.ടി.പി.എൽ മെയിൻ റോഡ്, ഹൂഡി മെട്രോ സ്റ്റേഷൻ മുതൽ ഗ്രാഫൈറ്റ് ഇന്ത്യ ജങ്ഷൻവരെയും ഗരുഡാചർ പാളയ ഡെക്കാത്തലൺ എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
കോറമംഗല നാഷനൽ ഗെയിംസ് വില്ലേജ് മുതൽ യൂക്കോ ബാങ്ക് ജങ്ഷൻ, സുഖസാഗർ ജങ്ഷൻമുതൽ മൈക്രോ ലാൻഡ് ജങ്ഷൻ എന്നിവിടങ്ങളിലും രാത്രി 11 മുതൽ രണ്ടുവരെ ഗതാഗതവും പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. ബൈട്രരായന സർവിസ് റോഡ് മുതൽ മാൾ ഓഫ് എഷ്യ, കൊഡിഗെഹള്ളി സിഗ്നൽമുതൽ അല്ല സാന്ദ്ര ജങ്ഷൻ, സോപ്പ് ഫാക്ടറി എന്നിവിടങ്ങളിലും ഗതാഗതവും പാർക്കിങും നിരോധിച്ചിട്ടുണ്ട്. എം.ജി റോഡ് ഭാഗത്ത് ഈ സമയങ്ങളിൽ ഹാലസുരു ഭാഗത്തുനിന്ന് വരുന്നവർ അനിൽ കുംബ്ലെ സർക്ൾ, സെൻട്രൽ സ്ട്രീറ്റ്, ബി.ആർ.വി ജങ്ഷൻ വഴി കബ്ബൺ പാർക്കിലെത്തണം.
കന്റോൺമെന്റിലേക്കുള്ള വാഹനങ്ങൾ ട്രിനിറ്റി സർക്ൾ, ഹാലസുരു റോഡ്, ഡിക്കൻസൺ റോഡ് വഴി കബ്ബൺ റോഡിലെത്താം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെതുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി മൈസൂരു പാലസിലെ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കിയിരുന്നു. സംസ്ഥാനത്ത് ജനുവരി ഒന്നുവരെ നടക്കാനുള്ള എല്ലാ പൊതു വിനോദപരിപാടികളും റദ്ദാക്കാൻ സംസ്ഥാന സർക്കാറിന്റെ നിർദേശമുണ്ട്. ആഘോഷങ്ങളുടെ പേരിൽ ആരും നിയമലംഘനങ്ങൾക്ക് മുതിരരുതെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.