ബംഗളൂരു: കർണാടകയിൽ ഡിസംബർ 15ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നതായും എന്നാൽ, ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ബംഗളൂരു മല്ലികെ ആശുപത്രിയിൽ ചാമരാജ്പേട്ട് സ്വദേശിയായ 64കാരനാണ് മരിച്ചത്. ഇദ്ദേഹം കോവിഡ് 19ന്റെ വകഭേദമായ ജെ.എൻ1 ബാധിതനായിരുന്നോ എന്നകാര്യം വ്യക്തമല്ല. കോവിഡ് സ്ഥിരീകരിച്ച രോഗിക്ക് ക്ഷയം, രക്തസമ്മർദം, ശ്വാസകോശ രോഗം തുടങ്ങിയവയുമുണ്ടായിരുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വരുംദിവസങ്ങളിൽ സാഹചര്യം വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളും.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് കർണാടകയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1000ത്തിലേറെ ടെസ്റ്റുകളാണ് ദിനേന നടത്തുന്നത്. വരുംദിവസങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. ശനിയാഴ്ച 5,000 ടെസ്റ്റുകൾ നടത്താനാണ് തീരുമാനം. വെന്റിലേറ്ററുകളുടെ ചെലവ് ഭീമമാണെന്നും ഇക്കാര്യത്തിൽ കേരളത്തിൽനിന്നുള്ള മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നും കേന്ദ്രസർക്കാറിനോട് സഹായം തേടിയിട്ടുണ്ടെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഐസൊലേഷൻ സംവിധാനങ്ങൾക്കായി നടപടി സ്വീകരിക്കാൻ ബി.ബി.എം.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. 60 വയസ്സ് പിന്നിട്ടവരും ഹൃദയസംബന്ധമായ അസുഖമുള്ളവരും വൃക്ക സംബന്ധമായ അസുഖമുള്ളവരും ശ്വാസംമുട്ടൽ, പനി തുടങ്ങിയ അസുഖങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിർദേശം.
മംഗളൂരുവിൽ പ്രത്യേക കോവിഡ് കേന്ദ്രം
മംഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നട ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മംഗളൂരു ഗവ.വെന്റ് ലോക് ആശുപത്രിയിൽ പ്രത്യേക കേന്ദ്രം സജ്ജീകരിച്ചു. 19 കിടക്കകളുള്ള വാർഡ് കോവിഡ് ബാധിതകർക്കായി പ്രത്യേകം സജ്ജമാണ്. മറ്റൊരു വാർഡിൽ ഏഴ് കിടക്കകളും മാറ്റിവെച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. തിമ്മയ്യ അറിയിച്ചു.
ആർ.ടി.പി.സി.ആർ ലബോറട്ടറിയിൽ മൈക്രോബയോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്. ദിനേന ശരാശരി 331 പരിശോധനകൾ നടക്കുന്നു. ബുധനാഴ്ച വൈകീട്ടുവരെ നടന്ന എല്ലാ പരിശോധന ഫലങ്ങളും നെഗറ്റിവ് ആണ്. ജില്ല, താലൂക്ക് തല ആരോഗ്യ ഓഫിസർമാരുടെ യോഗം ബുധനാഴ്ച ചേർന്ന് ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച് ചർച്ചചെയ്തു. കിറ്റുകൾ താലൂക്ക് ആശുപത്രികളിൽ എത്തിക്കാൻ നടപടിയായതായി ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.