ബംഗളൂരു: അപകടം തുടർക്കഥയാവുന്ന ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേയിൽ കർണാടക ആർ.ടി.സി ബസ് അപകടത്തിൽപെട്ടു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ബസ് കണ്ടക്ടർ ബി. രമേശ് മരിച്ചു. ബുധനാഴ്ച രാമനഗര ജയപുര ഗേറ്റിന് സമീപമാണ് അപകടം. ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. നിയന്ത്രണംവിട്ട ബസ് ഡിവൈഡർ ചാടിക്കടന്ന് സർവിസ് റോഡിലെത്തി ഒരു ചരക്കു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവർക്കും കാര്യമായ പരിക്കുണ്ട്. മൈസൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. 15 യാത്രക്കാരുണ്ടായിരുന്നെങ്കിലും ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാമനഗര പൊലീസ് അപകടസ്ഥലം സന്ദർശിച്ചു.
ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ദിനേന അപകടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ചൊവ്വാഴ്ച ട്രാഫിക് ആൻഡ് റോഡ് സുരക്ഷ വിഭാഗം എ.ഡി.ജി.പി അലോക് കുമാർ ദേശീയപാത അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം പാത സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുത്ത പാതയിൽ ഇതുവരെ 91 അപകടങ്ങളാണുണ്ടായത്. പല വാഹനങ്ങളും അമിത വേഗത്തിലാണ് പാതയിലൂടെ സഞ്ചരിക്കുന്നതെന്നാണ് വിവരം. ഇതു നിരീക്ഷിക്കാൻ പാതയോരത്ത് ഇന്റർസെപ്റ്റർ വാഹനങ്ങൾ നിയോഗിക്കാനാണ് ട്രാഫിക് പൊലീസിന്റെ തീരുമാനം. 100 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽനിന്ന് പിഴയീടാക്കിയേക്കുമെന്നാണ് വിവരം. എക്സ്പ്രസ് വേയായി വിഭാവനംചെയ്ത റോഡിൽ അശാസ്ത്രീയമായാണ് ഗതാഗതം അനുവദിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ബൈക്കുകളും ഓട്ടോകളും ട്രാക്ടറുകളുമടക്കം യഥേഷ്ടം സഞ്ചരിക്കുന്നതും ദിശതെറ്റി വാഹനങ്ങൾ വരുന്നതും അപകടങ്ങൾക്ക് വഴിവെക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.