മംഗളൂരു: കണ്ണൂരിൽനിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്കുള്ള ട്രെയിൻ (16511) സർവിസ് വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു. തിരിച്ചുള്ള ട്രെയിനും (16512) സർവിസ് നടത്തും. കഴിഞ്ഞ മാസം 26ന് മംഗളൂരു-ബംഗളൂരു റൂട്ടിൽ എടകുമേരിക്കും കഡഗരവാലിക്കുമിടയിൽ റെയിൽപാളത്തിൽ മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് മുടങ്ങിയ ബംഗളൂരു-മംഗളൂരു ട്രെയിൻ സർവിസ് പതിനാലാം ദിവസമായ വ്യാഴാഴ്ച ഭാഗികമായി പുനരാരംഭിച്ചു. യശ്വന്ത്പൂർ-മംഗളൂരു ജങ്ഷൻ ഗോമാതേശ്വര എക്സ്പ്രസാണ് (16575) ആദ്യമായി കടന്നുപോയത്. മണ്ണിടിഞ്ഞ മേഖലയിൽ വേഗം മണിക്കൂറിൽ 15 കിലോമീറ്ററായി ക്രമീകരിച്ചിട്ടുണ്ടെന്ന് ദക്ഷിണ -പശ്ചിമ റെയിൽവേ ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു. കണ്ണൂരിലേക്കുള്ളത് ഉൾപ്പെടെ 12 ട്രെയിനുകളാണ് മുടങ്ങിക്കിടന്നത്.
ടൺ കണക്കിന് മണ്ണിനൊപ്പമുള്ള മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ പാളവും അനുബന്ധ സംവിധാനങ്ങളും പുനഃസ്ഥാപിക്കുന്ന പ്രവൃത്തികൾ ഏറെ ശ്രമകരമായാണ് പൂർത്തിയാക്കിയത്. 430 റെയിൽവേ ജീവനക്കാർ മണ്ണിടിഞ്ഞ ദിവസം മുതൽ മൂന്ന് ഷിഫ്റ്റുകളിലായി മണ്ണുനീക്കൽ ജോലിയിലായിരുന്നു. 200 പേർ പകലും 120 പേർ രാത്രിയും 110 പേർ അത്യാവശ്യ ഘട്ടത്തിലുമായാണ് ജോലിയിലേർപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.