ബംഗളൂരു-മൈസൂരു അതിവേഗ പാത

ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഒന്നാംഘട്ട ടോൾ പിരിവ് 15 മുതൽ

ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ (ദേശീയപാത 275) ഒന്നാം ഘട്ട ടോൾ പിരിവ് ഫെബ്രുവരി 15 മുതൽ ആരംഭിക്കും. 118 കിലോമീറ്റർ വരുന്ന 10 വരി പാതിയിൽ ബംഗളൂരു മുതൽ മാണ്ഡ്യ മദ്ദൂരിലെ നിതഘട്ട വരെയുള്ള യാത്രക്കാണ് ടോൾ പിരിവ് ആരംഭിക്കുന്നത്.

ഒന്നാം ഘട്ട പാക്കേജിൽ ഉൾപ്പെടുന്നതാണ് 56 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ പാത. നിത ഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്ററാണ് രണ്ടാം ഘട്ട പ്രവൃത്തിയിലുള്ളത്. ഈ ഭാഗം ചിലയിടങ്ങളിൽ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. എക്സ്പ്രസ് വേയുടെ ആദ്യഘട്ടത്തിൽ ദേശീയപാത അധികൃതർ ഫെബ്രുവരി 15 മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ പറഞ്ഞു. രണ്ടാം ഘട്ട പാതയിൽ പിന്നീടാണ് ടോൾ ഏർപ്പെടുത്തുക.

ടോൾ പിരിവിന് മുന്നോടിയായി ബംഗളൂരു-നിത ഘട്ട പാതയിൽ മുന്നറിയിപ്പ് ബോർഡുകളും ദിശാ ബോർഡുകളും മറ്റും സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ശ്രീരംഗ പട്ടണ പിന്നിട്ട് കെ. ഷെട്ടിഹള്ളിക്ക് സമീപം ഗണഗുരുവിലാണ് ആദ്യ ടോൾ പ്ലാസ. രണ്ടാമത്തെ ടോൾ പ്ലാസ ബിഡദി കുമ്പളഗോഡ് കണിമിണികെയിലും സ്ഥാപിച്ചിട്ടുണ്ട്.

ഈ പാതയിൽ ഇരുദിശയിലും ടോൾ ഈടാക്കും. കണിമിണികെയിൽ രണ്ട് ടോൾ പ്ലാസകളാണുള്ളത്. ബംഗളൂരു-നിത ഘട്ട പാതയിൽ മൂന്ന് ടോൾ പ്ലാസകളുണ്ടാവുമെങ്കിലും രണ്ടെണ്ണത്തിൽ മാത്രമേ ആദ്യഘട്ടത്തിൽ ടോൾ പിരിക്കുകയുള്ളൂവെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.

വാഹനങ്ങൾ ടോൾ ബൂത്തിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ ഓരോ ടോൾ പ്ലാസയിലും 11 ഗേറ്റുകൾ വീതമുണ്ടാകും. ഹൈടെക് സാ​ങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുമായിരിക്കും ടോൾ പിരിക്കുക.

നിലവിൽ ടോൾ പ്ലാസകളിൽ ടോൾ ബോർഡുകളും മറ്റു സൈൻ ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു. ബോർഡിൽ ടോൾ നിരക്ക് നിലവിൽ സൂചിപ്പിച്ചി​ട്ടില്ലെന്ന് ഈ റൂട്ടിലെ പതിവുയാത്രക്കാർ പറഞ്ഞു.

മൊത്തം പ്രവൃത്തി ചെലവും ശരാശരി ഒരു ദിനം കടന്നു​പോകുന്ന വാഹനങ്ങളുടെ എണ്ണവും പരിഗണിച്ചാണ് ടോൾ നിരക്ക് നിശ്ചയിക്കുകയെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഓരോ 60 കിലോമീറ്ററിലും ടോൾ ബൂത്തുണ്ടാവും. ടോൾ നിരക്ക് നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്.

കിലോമീറ്ററിന് ഒന്നര രൂപ മുതൽ രണ്ടു രൂപ വരെയാണ് ശരാശരി ടോൾ നിരക്ക്.

എത്രവരി പാതയാണ്, എത്ര പാലങ്ങൾ പാതയിലുണ്ട്, എത്ര അടിപ്പാതകളുണ്ട് തുടങ്ങിയവയും ടോൾ നിരക്ക് നിശ്ചയിക്കുന്നതിന് പരിഗണിക്കും.

ഒമ്പത് വലിയ പാലങ്ങളും 42 ചെറിയ പാലങ്ങളും 64 അടിപ്പാതകളും 11 ഓവർപാസുകളും നാല് റോഡ് ഓവർ ബ്രിഡ്ജുകളും (ആർ.ഒ.ബി) അഞ്ച് ബൈപാസുകളും ഈ പാതയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയപാത അധികൃതർ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Bengaluru-Mysuru Expressway Phase 1 toll collection from 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.