ബംഗളൂരു: വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്ഓഫ് ചെയ്ത ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നൽകുന്നത് മികച്ച യാത്രാസൗകര്യം. ശനിയാഴ്ച രാവിലെയാണ് യാത്രക്കാർക്കായുള്ള പതിവ് സർവിസ് തുടങ്ങുന്നത്.
അതിവേഗവും രണ്ട് സ്റ്റോപ് മാത്രമുള്ളതുമായതിനാൽ യാത്രാസമയം വളരെ കുറവായിരിക്കും. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസാണ് ചെന്നൈ-മൈസൂരു റൂട്ടിൽ സർവിസ് ആരംഭിച്ചത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്) ട്രെയിൻ നിർമിച്ചത്.
ബുധനാഴ്ച ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവുമാണ് മൈസൂരു-ബംഗളൂരു-ചെന്നൈ വന്ദേഭാരത് ഓടുക. ചെന്നൈയിൽനിന്ന് പുറപ്പെട്ടാൽ കാട്പാടിയിലും ബംഗളൂരുവിലും മാത്രമാണ് സ്റ്റോപ്. പുലർച്ച 5.50ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (20607) രാവിലെ 10.20ന് ബംഗളൂരുവിലെത്തും. ഉച്ചക്ക് 12.20ന് മൈസൂരുവിലെത്തും.
ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് 6.30 മണിക്കൂറാണ് യാത്രാസമയം. തിരിച്ച് 20608ാം നമ്പർ ട്രെയിൻ മൈസൂരുവിൽനിന്ന് ഉച്ചക്ക് 1.05ന് പുറപ്പെട്ട് 2.55ന് ബംഗളൂരുവിലും രാത്രി 7.30ന് ചെന്നൈയിലുമെത്തും. യാത്രാസമയം 6.35 മണിക്കൂർ. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകൾ, ജി.പി.എസ് അധിഷ്ഠിതമായ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും. എക്സിക്യൂട്ടിവ് ക്ലാസിൽ കറങ്ങുന്ന കസേരയാണുള്ളത്.
എക്സിക്യൂട്ടിവ് ചെയർ കാറിലെ സീറ്റുകൾ 180 ഡിഗ്രി വരെ തിരിക്കാൻ സാധിക്കും. സ്റ്റോപ്പുകൾ അറിയാൻ ജി.പി.എസ് അധിഷ്ഠിത എൽ.ഇ.ഡി ബോർഡുകളുണ്ട്. ഇതിൽ സ്റ്റോപ്പുകൾ സംബന്ധിച്ച വിവരങ്ങൾ തെളിയും. കോച്ചുകൾക്കുള്ളിൽ സ്വയം പ്രവർത്തിക്കുന്ന സെൻസർ അധിഷ്ഠിത സ്ലൈഡിങ് ഡോറുകളുണ്ട്.
പുറത്തേക്കുള്ള വാതിൽ മെട്രോ കോച്ചുകളുടെ മാതൃകയിൽ ലോക്കോ പൈലറ്റിന് മാത്രമേ പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ. പ്ലാറ്റ്ഫോമിലും ട്രാക്കിലേക്കും വീണുള്ള അപകടങ്ങൾ ഇതിലൂടെ ഒഴിവാക്കാം. തീപിടിത്തം തടയുന്നതിനുള്ള ഓട്ടോമാറ്റിക് ഫയർ സെൻസറുകളുണ്ട്. സുരക്ഷക്ക് സി.സി.ടി.വി കാമറകളുമുണ്ട്. വിശാലമായ ഗ്ലാസ് ജനലുകളിലൂടെ പുറംകാഴ്ചകൾ ആസ്വദിക്കാം. വിമാനങ്ങളിലെ മാതൃകയിലുള്ള മോഡ്യുലാർ ബയോ ശുചിമുറികളാണ് വന്ദേഭാരത് ട്രെയിനിലുള്ളത്. രണ്ട് കമ്പാർട്മെന്റുകൾക്കിടയിൽ പാൻട്രി സൗകര്യമുണ്ട്.
ഓവൻ, ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫയർ എന്നിവ ഇതിലുണ്ട്. യാത്രക്കാർക്ക് കുടിക്കാൻ ചൂടുവെള്ളമടക്കം കിട്ടും. കോച്ചുകളിലെ വായു ശുദ്ധീകരണത്തിനായി റൂഫ് മൗണ്ടഡ് എയർ പ്യൂരിഫിക്കേഷൻ സംവിധാനവും പ്രത്യേകതയാണ്.
യാത്രക്കാർക്ക് ലോക്കോ പൈലറ്റുമായി സംസാരിക്കാൻ കഴിയുന്ന ടോക്ക് ബാക്ക് ബട്ടൺ സംവിധാനം ട്രെയിനിന്റെ വലിയ പ്രത്യേകതയാണ്. അടിയന്തര ഘട്ടങ്ങളിൽ ട്രെയിൻ നിർത്താൻ അപായച്ചങ്ങലക്ക് പകരം യാത്രക്കാർക്ക് ലോക്കോ പൈലറ്റുമായി സംസാരിക്കാൻ ഇതിലൂടെ കഴിയും. മറ്റ് ട്രെയിനുകൾ പോലെ വന്ദേഭാരതിന് എൻജിനില്ല.
മെട്രോ ട്രെയിനുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് മൾട്ടിപ്പിൾ യൂനിറ്റ് (ഇ.എം.യു) സാങ്കേതിക വിദ്യയിലാണ് വന്ദേഭാരത് ഓടുന്നത്. ഒന്നിടവിട്ട കോച്ചുകളുടെ അടിയിൽ 250 കിലോവാട്ട് ശേഷിയുള്ള നാല് മോട്ടോറുകളുണ്ട്. ട്രെയിനിലെ എ.സി, ലൈറ്റുകൾ എന്നിവക്ക് വേണ്ട വൈദ്യുതിയും ഇതിൽനിന്ന് ലഭിക്കും.
52 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കും. അപകടങ്ങൾ തടയാൻ കോച്ചുകൾ ഓട്ടോമാറ്റിക് ആന്റി കൊളീഷൻ സംവിധാനം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. കൂട്ടിയിടിച്ചാൽ ആഘാതം കുറക്കാനായി ഫൈബർ റൈൻ ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) ഉപയോഗിച്ചാണ് മുൻഭാഗത്തെ ക്യാബിൻ നിർമിച്ചിരിക്കുന്നത്. 16 എസി കോച്ചുകളാണുള്ളത്. രണ്ട് കോച്ചുകൾ എക്സിക്യൂട്ടിവ് ചെയർ കാറും മറ്റുള്ളവ എ.സി ചെയർ കാറുകളുമാണ്.
വിനോദസഞ്ചാര മേഖലക്കും ട്രെയിൻ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ചെന്നൈയിൽനിന്ന് ബംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്സ്പ്രസ് സർവിസ് നടത്തുക. ചെന്നൈയിൽനിന്ന് ബംഗളൂരുവിലേക്ക് നാലര മണിക്കൂർകൊണ്ടും ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് രണ്ടു മണിക്കൂർകൊണ്ടും എത്താനാകും.
ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തിലാണ് ഗണ്യമായ കുറവുണ്ടാകുന്നത്. ബംഗളൂരുവിൽ നിന്നുള്ള യാത്രാസമയം കുറയുന്നത് മൈസൂരു, കുടക്, കബനി എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലക്ക് ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.