ബംഗളൂരു: ഡിസംബർ പിറന്നതോടെ പ്രവാസി മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷത്തിരക്ക്. നഗരത്തിലെ ഷോപ്പിങ് മാളുകളും കടകളും ഹോട്ടലുകളുമെല്ലാം ക്രിസ്മസ് അലങ്കാരങ്ങളൊരുക്കി. ക്രിസ്മസ് നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയുമെല്ലാം കടകളിൽ വിൽപനക്കെത്തിയിട്ടുണ്ട്. ഞായറാഴ്ച ബംഗളൂരുവിലെയും മൈസൂരുവിലെയും വിവിധ സംഘടനകളുടെയും ചർച്ചുകളുടെയും ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. കരോൾ മത്സരങ്ങളും അരങ്ങേറും.
വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ച്
ബംഗളൂരു: വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘കൊറൽ ക്രഷൻഡോ’ സീസൺ- 2 ക്രിസ്മസ് കരോൾ ഗാനമത്സരത്തിന് ശനിയാഴ്ച തുടക്കമായി. വൈറ്റ്ഫീൽഡ് എക്യുമെനിക്കൽ ക്രിസ്ത്യൻ കാമ്പസ് സെന്ററിൽ വൈകീട്ട് മൂന്നിന് ആരംഭിച്ച പരിപാടിയിൽ സംഗീത സംവിധായകൻ ജെറി അമൽദേവ്, സംഗീതജ്ഞൻ ഫാ. പോൾ പൂവത്തിങ്കൽ, ഗായിക മെറിൻ ഗ്രിഗറി എന്നിവർ വിധികർത്താക്കളായി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം അരലക്ഷം രൂപ, കാൽ ലക്ഷം രൂപ, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ബെന്നി ബഹനാൻ എം.പി, പി.സി. മോഹൻ എം.പി, മാണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, മുൻ എം.എൽ.എ ഐവാൻ നിഗ്ലി തുടങ്ങിയവർ പങ്കെടുത്തു.
ധർമാരാം സെന്റ് തോമസ് പള്ളി
ബംഗളൂരു: ധർമാരാം സെന്റ് തോമസ് പള്ളിയിലെ മെഗാ കരോൾ ഞായറാഴ്ച നടക്കും. വൈകീട്ട് 5.45ന് ധർമാരാം കോളജ് റെക്ടർ. ഫാ. വർഗീസ് വിതയത്തിൽ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, മുൻ എം.എൽ.എയും മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമായ സൗമ്യ റെഡ്ഡി തുടങ്ങിയവർ ചേർന്ന് കാരളിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. മണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ആന്റോ കാഞ്ഞിരത്തിങ്ങൽ, ഫാ. നിബിൻ മുണ്ടുനടക്കൽ, ഫാ. ജെറി കൈലാത്ത്, അഡ്വ. ജോർജ് ജോസഫ്, സി.ജി. ജോൺ, ജോയി വർഗീസ്, പോൾ ടോം, അനിൽ ജോയി, വി.കെ. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ കലാപരിപാടികളും അരങ്ങേറും.
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ്
ബംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും ഞായറാഴ്ച നടക്കും. രാവിലെ 10.30ന് ജിയോ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷതവഹിക്കും. എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് മുഖ്യപ്രഭാഷണം നടത്തും. സാഹിത്യസംവാദം ഡോ. മാത്യു മണിമല ഉദ്ഘാടനം ചെയ്യും. അനിയൻ പെരുംതുരുത്തി രചിച്ച ‘മാളികപ്പുറത്തു മത്തായി’ എന്ന നോവലിന്റെ പ്രകാശനം ചടങ്ങിൽ നടക്കും.
അനഘൽപുര ഇമ്മനുവേൽ മലയാളം സി.എസ്.ഐ സഭ
ബംഗളൂരു: അനഘൽപുര ഇമ്മനുവേൽ മലയാളം സി.എസ്.ഐ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ സന്ധ്യ ആഘോഷവും സ്നേഹവിരുന്നും ഞായറാഴ്ച നടക്കും. വൈകുന്നേരം 5.30 ന് പള്ളിയിൽ നടക്കുന്ന ചടങ്ങിൽ സി.എസ്.ഐ മധ്യ കേരള ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു ചെറിയാൻ മുഖ്യാഥിതിയായി ക്രിസ്മസ് സന്ദേശം നൽകും. ഇടവക വികാരി റവ. തെന്നപ്പള്ളി എലിയാസ് ജെയിൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വൈദിക ശ്രേഷ്ഠർ പങ്കെടുക്കും.
മൈസൂരു കാത്തലിക് അസോ.
ബംഗളൂരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ ഗാനമത്സരം ഞായറാഴ്ച നടക്കും. 12 വിഭാഗങ്ങളിലായി നൂറിലേറെ ടീമുകൾ പങ്കെടുക്കും. മൈസൂരു മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തിൽ രാവിലെ 8.30ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രഫ. ജോസഫ് മാത്യു അധ്യക്ഷതവഹിക്കും. മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ മുഖ്യാതിഥിയാവും. മൈസൂരു രൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ റവ.ഡോ. ബെർണാഡ്മോറസ് സന്ദേശം നൽകും. ഫാ. റിജോ തോമസ്, ജോസഫ് ഫ്രാൻസിസ് എന്നിവർ വിശിഷ്ടാതിഥികളാവും.
വൈകീട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പൊലീസ് അക്കാദമി ഡയറക്ടർ ചന്ന ബസവണ്ണ മുഖ്യാതിഥിയാവും. മാണ്ഡ്യ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ക്രിസ്മസ് സന്ദേശം നൽകും. ഫാ. അഗസ്റ്റിൻ പയ്യമ്പള്ളി, പി. മൊയ്തീൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.