ബംഗളൂരു: ബജറ്റിൽ തീരദേശജില്ലകൾക്ക് അവഗണന മാത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവും മംഗളൂരു എം.എൽ.എയുമായ യു.ടി. ഖാദർ ആരോപിച്ചു. മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീമമായ കടക്കെണിയിൽ ജനങ്ങളെ മുക്കിയിരിക്കുകയാണ് ബി.ജെ.പി സർക്കാർ. ദക്ഷിണ കന്നട, ഉഡുപ്പി തീരദേശ ജില്ലകളിൽ ബി.ജെ.പിക്ക് 12 എം.എൽ.എമാരും മന്ത്രിമാരുമുണ്ട്. അതിന്റെ ഒരു പ്രയോജനവും ഈ മേഖലയിൽ ഉണ്ടായില്ല. 1947 മുതൽ 2018 വരെ 2,42,000 കോടിയാണ് സംസ്ഥാനത്തിന്റെ കടം. എന്നാൽ, 2018 മുതൽ 2023വരെ കടം 5,64,814 കോടിയായി. അഞ്ചു വർഷത്തിലുണ്ടായ കടബാധ്യത മൂന്ന് ലക്ഷം കോടിയാണ്. ബി.ജെ.പി സർക്കാർ രണ്ടു വർഷത്തിനുള്ളിൽ 2,84,000 കോടിയാണ് കടമെടുത്തത്.
വികസന പ്രവർത്തനങ്ങൾക്ക് ഇനിയും വായ്പയെടുക്കുമെന്നാണ് പറയുന്നത്. സമ്പന്നരുടെ കടങ്ങൾ എഴുതിത്തള്ളുകയും നികുതികൾ ചുമത്തി പാവങ്ങളുടെ നടുവൊടിക്കുകയുമാണ് ബി.ജെ.പി സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കായി. ടിപ്പുസുൽത്താൻ, താലിബാൻ, പാകിസ്താൻ എന്നീ പ്രചാരണങ്ങളുടെ ഗുണഭോക്താക്കളാണ് ബി.ജെ.പി. ബി.ജെ.പിയുടെ ജീവവായുവാണ് ഇത്തരം പ്രചാരണങ്ങൾ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ടിപ്പുവും സവർക്കറും തമ്മിലാവും മത്സരമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കാട്ടീലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഖാദർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.