ബംഗളൂരു: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമ നാളെ റിലീസ് ചെയ്യുമ്പോൾ കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ, ബംഗളൂരുവിൽ കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്. രണ്ട് വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷം എത്തുന്ന സ്റ്റൈൽ മന്നന്റെ ബിഗ് സ്ക്രീനിലെ പകർന്നാട്ടം കാണാൻ റിലീസ് ദിനമായ ആഗസ്റ്റ് 10ന് ബംഗളൂരുവിലെ നിരവധി ഓഫിസുകൾക്ക് അവധി പ്രഖ്യാപിച്ചു. പല കമ്പനികളും സൗജന്യ ടിക്കറ്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോലിക്ക് വരേണ്ടെന്നും സിനിമ കാണൂ എന്നുമാണ് ജീവനക്കാർക്കുള്ള കത്തിൽ കമ്പനികൾ പറയുന്നത്. 2016 ജൂലൈ 22ന് രജനി ചിത്രം ‘കബാലി’ റിലീസ് ചെയ്തപ്പോഴും സമാനരീതിയിൽ പല കമ്പനികളും അവധി പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ ചില കമ്പനികളും സമാനമായ അവധി ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.
ലോകമെങ്ങുമുള്ള രജനി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 2023ൽ ഏറ്റവും കൂടുതൽ വിദേശ സ്ക്രീനുകളിൽ എത്തുന്ന ഇന്ത്യൻ ചിത്രമെന്ന നേട്ടം ജയിലറിന് സ്വന്തമാകും. വിദേശത്തുനിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 10 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, തമന്ന ഭാട്ടിയ, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.