ബംഗളൂരു: പ്രജ്വൽ രേവണ്ണ എം.പിക്കും തനിക്കുമെതിരെ പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിക്ക് തെളിവില്ലെന്ന് എച്ച്.ഡി.രേവണ്ണ എം.എൽ.എ. തെളിവില്ലാതെ എസ്.ഐ.ടി നടത്തിയ അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഞായറാഴ്ച ലേഡി കുർസൺ ആശുപത്രി പരിസരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കൊളമംഗള മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും മുമ്പ് വൈദ്യപരിശോധനക്ക് എത്തിച്ച വേളയിലാണ് മുൻ മന്ത്രി കൂടിയായ എം.എൽ.എയുടെ പ്രതികരണം. ‘‘മേയ് രണ്ടിന് നൽകിയ ആ പരാതി വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. തനിക്കെതിരെ കെട്ടിച്ചമച്ചതാണത്’’ -രേവണ്ണ പറഞ്ഞു.
ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയും ലൈംഗിക അതിക്രമം കാണിച്ചുവെന്ന് പരാതി നൽകിയ സ്ത്രീയെ രേവണ്ണ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു സ്ത്രീയുടെ മകൻ എച്ച്.ഡി.രാജു(20) മൈസൂരു ജില്ലയിലെ കെ.ആർ.നഗർ പൊലീസിൽ നൽകിയ പരാതി. ശനിയാഴ്ച രേവണ്ണ അറസ്റ്റിലായതിനെത്തുടർന്ന് എം.എൽ.എയുടെ പി.എ രാജശേഖറിന്റെ ഫാം ഹൗസിൽ നിന്ന് സ്ത്രീയെ കണ്ടെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.