ബം​ഗ​ളൂ​രു ചാ​മ​രാ​ജ് പേ​ട്ട് ഈ​ദ്ഗാ​ഹ് മൈ​താ​ന​ത്തി​ന് പൊ​ലീ​സ് കാ​വ​ലൊ​രു​ക്കി​യ​പ്പോ​ൾ

ഗണേശോത്സവത്തിന് ഈദ്ഗാഹ് മൈതാനം; സർക്കാറിന് തീരുമാനിക്കാമെന്ന് ഹൈകോടതി

ബംഗളൂരു: ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്തിൽ ഗണേശോത്സവത്തിന് അനുമതി നൽകണമോ എന്ന കാര്യത്തിൽ സംസ്ഥാനസർക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈകോടതി. മുസ്ലിംകൾക്ക് ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും പ്രാർഥനക്ക് മാത്രം മൈതാനം ഉപയോഗിക്കണമെന്നും ഇത്തരത്തിൽ നിലവിലെ അവസ്ഥ തുടരണമെന്നുമുള്ള ആഗസ്റ്റ് 25ലെ ഇടക്കാല ഉത്തരവിൽ മാറ്റംവരുത്തുകയാണ് പുതിയ ഉത്തരവിലൂടെ കോടതി ചെയ്തിരിക്കുന്നത്.

ഇടക്കാല ഉത്തരവിനെതിരായ സർക്കാറിന്‍റെ ഹരജി പരിഗണിച്ചാണിത്. വഖഫ് ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള മൈതാനം ഗണേശോത്സവത്തിന് വിട്ടുനൽകണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ഹിന്ദുത്വസംഘടനകൾ രംഗത്തുവന്നിരുന്നു.മതപരവും സാംസ്കാരികവുമായി പരിപാടികൾ മൈതാനത്ത് നടത്താൻ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകളിൽ സർക്കാറിന് ഉചിതമായ നടപടി എടുക്കാമെന്നും ഇതിന് ആവശ്യമായ ഉത്തരവ് സർക്കാറിന് ഇറക്കാമെന്നുമാണ് ഹൈകോടതി പുതിയ വിധിയിൽ പറയുന്നത്.

പരിപാടികൾ നടത്താനുള്ള അനുമതി ആഗസ്റ്റ് 31 മുതലുള്ള നിശ്ചിതകാലത്തേക്ക് ആയിരിക്കണം. ഇന്ത്യൻ സമൂഹം മതപരവും ഭാഷാപരവും പ്രാദേശികവുമായ വൈജാത്യങ്ങൾ നിറഞ്ഞവയാണ്. ഇന്ത്യൻ സംസ്കാരത്തിന്‍റെ അടിസ്ഥാനമെന്നത് മതപരമായ സഹിഷ്ണുതയാണ്. ഇതിനാൽ കേസിെന്‍റ പ്രത്യേകത കണക്കിലെടുത്ത് കഴിഞ്ഞദിവസം നൽകിയ ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തുകയാണെന്നും കോടതി പറഞ്ഞു. കോടതി വിധി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വാഗതം ചെയ്തു. റവന്യൂ മന്ത്രിയുമായും അഡ്വക്കറ്റ് ജനറലുമായും ആേലാചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഏക്കറിലധികം വരുന്ന ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനം വഖഫ് ബോർഡിന്‍റേതാണ്.സെൻട്രൽ മുസ്‍ലിം അസോസിയേഷൻ (സി.എം.എ) ആണ് ഇതിന്‍റെ പരിപാലകർ. ഭൂമി വഖഫിന്‍റേതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗസറ്റ് വിജ്ഞാപനം 1965 ജൂൺ ഏഴിനാണ് വന്നത്. വസ്തുവിന്മേൽ അവകാശമുന്നയിച്ച അന്നത്തെ ബാംഗ്ലൂർ സിറ്റി കോർപറേഷന്‍റെ ഹരജി സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് തള്ളിയിരുന്നു. അതിനുശേഷം ഒരു വർഷം കഴിഞ്ഞാണ് വഖഫ് ബോർഡിന്‍റെ വിജ്ഞാപനം ഉണ്ടായിരിക്കുന്നത്.

ഈദ്ഗാഹ് മൈതാനം പൊതുസ്ഥലമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതോടെയാണ് വിഷയം നിലവിൽ സജീവ ചർച്ചയായത്. തുടർന്ന് അധികൃതർ മൈതാനത്ത് പൊലീസിനെ നിയോഗിക്കുകയും സി.സി ടി.വി കാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. മൈതാനം റവന്യൂവകുപ്പിന് കൈമാറുമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് വഖഫ് ബോർഡ് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നത്. ഇതിലാണ് മൈതാനത്തിന്‍റെ നിലവിലെ അവസ്ഥ തുടരണമെന്ന ഹൈകോടതിയുടെ വിധി വന്നിരുന്നത്.

Tags:    
News Summary - Eidgah Maidan for Ganesh festival; The High Court said that the government can decide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.