ബംഗളൂരു: മൈസൂരു ഹുൻസൂർ വീരനഹൊസഹള്ളി വനമേഖലയിൽ മദഗനുരു ഹൊസകട്ടയ്ക്ക് സമീപം കാട്ടാന റെയിൽ ബാരിക്കേഡിൽ കുടുങ്ങി. ഞായറാഴ്ച പുലർച്ചയാണ് സംഭവം. വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച റെയിൽ ബാരിക്കേഡിലാണ് 45 വയസ്സ് മതിക്കുന്ന കൊമ്പനാന അഞ്ചു മണിക്കൂറോളം കുടുങ്ങിയത്. ആനയെ വനംവകുപ്പ് എക്സ്കവേറ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.
ജലാശയമുള്ള സ്ഥലങ്ങളിലാണ് സിമന്റ് കട്ടകളോടുകൂടിയ ഇത്തരം റെയിൽവേ ബാരിക്കേഡുകൾ നിർമിക്കുന്നത്. രണ്ടു വർഷം മുമ്പ് ഇതേ ആനയെ റേഡിയോ കോളർ ചെയ്ത് കർണാടക-കേരള അതിർത്തിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആന അതിന്റെ ആവാസവ്യവസ്ഥയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. രണ്ടാഴ്ചയായി സമീപ ഗ്രാമങ്ങളിലെ നെല്ല്, റാഗി വിളകൾ ആന നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ആന കാട്ടിൽനിന്ന് ഭക്ഷണം തേടി ഹൊസക്കാട്ടെ ഗ്രാമത്തിലേക്ക് ഇറങ്ങിയത്. ഞായറാഴ്ച പുലർച്ച അഞ്ചോടെ തടാകത്തിന് സമീപമുള്ള വനത്തിലേക്ക് തിരികെ കടക്കാൻ ശ്രമിക്കുന്നതിനിടെ ബാരിക്കേഡിൽ കുടുങ്ങുകയായിരുന്നു. ആനയുടെ ഉച്ചത്തിലുള്ള ചിന്നംവിളി കേട്ടെത്തിയ ഗ്രാമവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചു. വെറ്ററിനറി ഡോക്ടർ രമേശിന്റെ നേതൃത്വത്തിലെ രക്ഷാസംഘം ആനയെ രക്ഷപ്പെടുത്തി. ആന കാട്ടിലേക്ക് കയറിപ്പോയതോടെ രാവിലെ 7.30ന് ഓപറേഷൻ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.