ബംഗളൂരു: എത്ര രക്തം ചിന്തിയാലും മനഃസാക്ഷിക്കുത്തില്ലാതെ അതുതന്നെ തുടരണമെന്ന അന്ധതയുടെ പേരാണ് ഫാഷിസമെന്ന് നോവലിസ്റ്റും നാടകപ്രവർത്തകനും പ്രഭാഷകനുമായ അഡ്വ. ബിലഹരി പറഞ്ഞു. യാഥാസ്ഥിതികതയുടെ മൂത്ത പുത്രനാണ് ഫാഷിസം എന്നുപറയാറുണ്ട്. പൂർവകാല സൗഭാഗ്യങ്ങളെക്കുറിച്ചുള്ള ചിന്തകളും പ്രഭാഷണങ്ങളും വഴി രോമാഞ്ചമുണ്ടാക്കുന്ന ഭൂതകാലം തിരിച്ചുകൊണ്ടുവരാനുള്ള തീവ്ര ശ്രമമാണ് നടത്തുന്നത്. നിറപ്പകിട്ടാർന്ന ഒരു ഭൂതകാലത്തെ അതിനുവേണ്ടി വ്യാജമായി സൃഷ്ടിച്ചെടുക്കുകയാണ് ഇതിനായി ചെയ്യുന്നത്. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ‘ഫാഷിസം മായക്കാഴ്ചകളും യാഥാർഥ്യങ്ങളും’ സാംസ്കാരിക ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫാഷിസം കൊടികുത്തിവാഴുന്ന രാജ്യം ജർമനിയോ ഇറ്റലിയോ അല്ലെന്നും നമ്മൾ ജീവിക്കുന്ന സാക്ഷാൽ ഭാരതമാണെന്നും അദ്ദേഹം പറഞ്ഞു. മാനവികതയെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന അവസരങ്ങളിൽ മാത്രമേ ഫാഷിസത്തിന്റെ കടന്നുകയറ്റത്തിനെ കുറച്ചെങ്കിലും ഒഴിവാക്കാൻ കഴിയൂ. ജനങ്ങൾക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിവ് നൽകിക്കൊണ്ടല്ലാതെ ഫാഷിസത്തിൽനിന്ന് മോചനം സാധ്യമാവുകയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മണിപ്പൂരിന്റെ തെരുവുകൾ സമാനതകളില്ലാത്ത ക്രൂരതകളാൽ ലോകത്തിനു മുന്നിൽ രാജ്യത്തെ നാണംകെടുത്തുകയാണെന്നും ഇന്നലെ ഗുജറാത്ത് ആണെങ്കിൽ ഇന്നത് മണിപ്പൂർ ആണെന്നും നാളെ എവിടെയാണെന്നേ കണ്ടറിയാനുള്ളൂ എന്നും ചർച്ചയിൽ ആശങ്കകൾ ഉയർന്നു. പു.ക.സ സെക്രട്ടറി സുദേവ് പുത്തൻചിറ ചർച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കെ.ആർ. കിഷോർ, അഡ്വ. സി.എ. പാർവതി, ആർ.വി. ആചാരി, ഡെന്നീസ് പോൾ, അനീസ് സി.സി.ഒ, സലാം യാങ്കൻ, കെ. ചന്ദ്രശേഖരൻ, രവികുമാർ തിരുമല, രമേശ് മാണിക്കോത്ത്, കുഞ്ഞപ്പൻ, പി.പി. പ്രദീപ്, ഖാദർ മൊയ്തീൻ, സി.ഡി. തോമസ്, തങ്കച്ചൻ പന്തളം, എം.ബി. മോഹൻദാസ്, ശാന്തകുമാർ എലപ്പുള്ളി, മുഹമ്മദ് കുനിങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.