ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ വർഷത്തിൽ 52,000 കോടി ചെലവഴിക്കും. ധന വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച 2023-24 ബജറ്റിലാണ് പ്രഖ്യാപനം. എല്ലാ വീടുകൾക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), കുടുംബനാഥകളായ സ്ത്രീകൾക്ക് മാസം 2000 രൂപ (ഗൃഹലക്ഷ്മി), ബി.പി.എൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി (അന്നഭാഗ്യ), തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3,000 രൂപ, ഡിപ്ലോമക്കാർക്ക് മാസം 1500 രൂപ (യുവനിധി), സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര (ശക്തി) എന്നീ പദ്ധതികളായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കില്ല. ഭരണഘടനയെയും ജനാധിപത്യത്തെയും ദുർബലമാക്കുന്നതാണ് എൻ.ഇ.പി. ഇന്ത്യ പോലുള്ള വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്തിന് ഏകീകൃതമായ വിദ്യാഭ്യാസനയം യോജിച്ചതല്ല. സാമൂഹിക-സാംസ്കാരിക സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ചുള്ള വിദ്യാഭ്യാസ നയം സംസ്ഥാന സർക്കാർ സ്വന്തമായി രൂപവത്കരിക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മുൻ ബി.ജെ.പി സർക്കാർ എൻ.ഇ.പി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. സദാചാര പൊലീസ് ചമഞ്ഞ് അക്രമം നടത്തുന്നവരെയും സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് സാമുദായിക സൗഹാർദം തകർക്കുന്നവരെയും കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്സൈസ് നികുതി 20 ശതമാനവും ബിയറിന്റേത് 10 ശതമാനവുമായി കൂട്ടിയിട്ടുണ്ട്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് ബജറ്റിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. സ്വിഗ്ഗി, സൊമാറ്റോ, ആമസോൺ തുടങ്ങിയ ഇ-കോമേഴ്സ് സ്ഥാപനങ്ങളിലെ ഡെലിവറി ജീവനക്കാരാണ് ഗുണഭോക്താക്കൾ. രണ്ട് ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസ്, രണ്ട് ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് എന്നിവയടക്കമുള്ള ആകെ നാലുലക്ഷത്തിന്റെ പരിരക്ഷയാണ് ലഭിക്കുക.
ഇതിനുള്ള പ്രീമിയം തുക സർക്കാർ വഹിക്കും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ബംഗളൂരുവിലെ ഡെലിവറി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇൻഷുറൻസ്. മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി) നിയമ ഭേദഗതികൾ പിൻവലിക്കുമെന്നും ബജറ്റിൽ പറയുന്നു. കർഷകരെ സ്വകാര്യമേഖലയിലെ വൻകിടക്കാർ ചൂഷണം ചെയ്യാൻ ഇടയാക്കുന്നതായിരുന്നു ഭേദഗതി. ഇതോടെ 14 ബജറ്റുകൾ അവതരിപ്പിച്ച റെക്കോഡ് സിദ്ധരാമയ്യക്ക് സ്വന്തമായി. അന്തരിച്ച മുൻ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡേയാണ് തൊട്ടുപിന്നിൽ, 13ബജറ്റുകളാണ് ഇദ്ദേഹം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.