ബംഗളൂരു: സി.പി.എം കർഷകസംഘം നേതാവും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കുറ്റിപ്പുറം നടുവട്ടം കണ്ണത്ത് രാമചന്ദ്രൻ നായരെ (75) ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി.
കർഷക സമരത്തിൽ പങ്കെടുക്കാൻ ഈ മാസം ആദ്യവാരം ഡൽഹിയിലേക്ക് പോയ അദ്ദേഹം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിരിച്ചുവരുമ്പോൾ കഴിഞ്ഞ 12ന് ബംഗളൂരുവിൽ എത്തിയ വിവരം ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. പിറ്റേന്ന് 13ന് നാട്ടിലേക്ക് വണ്ടി കയറാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് വിവരം ലഭിച്ചില്ല. കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി, മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു വീട്ടുകാർ.
ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ബംഗളൂരു പൊലീസിൽ പരാതി നൽകാനെത്തി.
ബൈട്രായന പുര പൊലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കൾക്ക് അടുത്തിടെ കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളുടെ ഫോട്ടോ കാണിച്ചു. തുടർന്ന് ഗവ. വിക്ടോറിയ ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹം ബന്ധുക്കൾ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുമൂന്നു പ്രാവശ്യം കർഷക സമരത്തിൽ പങ്കെടുക്കാൻ ഇദ്ദേഹം ഡൽഹിയിലേക്ക് പോയെന്നും വൈകിയാണെങ്കിലും സുരക്ഷിതമായി വീട്ടിലെത്താറുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ 15നാണ് ബന്നാർഘട്ട റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സത്യലീല. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: ഗ്രീഷ്മ, സനൂപ്. എ.ഐ.കെ.എം.സി.സി പ്രവർത്തകർ വിക്ടോറിയ ആശുപത്രിയിലെത്തി തുടർ നടപടിക്രമങ്ങൾക്ക് സഹായം നൽകി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.