ബംഗളൂരു: അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു ഹിതരക്ഷണ വേദികെയുടെ ബാനറിൽ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ കർണാടകയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു.
ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. ആർ.എസ്.എസ്, വി.എച്ച്.പി, ബജ്റങ്ദൾ, ഹിന്ദു ജാഗരൺ വേദികെ, എ.ബി.വി.പി, ഭാരതീയ കിസാൻ സംഘ് തുടങ്ങിയ സംഘടനകൾ പിന്തുണയേകി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ താവർചന്ദ് ഗഹ് ലോട്ടിന് പ്രതിഷേധക്കാർ നിവേദനം കൈമാറി. സാമൂഹിക പ്രവർത്തകരായ ഡോ. ഗിരിധർ ഉപാധ്യായ, ഉദയ് ഭട്ട്, കാത്തലിക് ക്രിസ്ത്യൻ അസോസിയേഷൻ സംസ്ഥാന കൺവീനർ ശാന്തകുമാർ, ഹിന്ദു ജാഗരൺവേദികെ സംസ്ഥാന കൺവീനർ കേശവമൂർത്തി, കുറുബ നേതാവ് മുക്കുദപ്പ, മാതാ അമൃതാനന്ദമയി മഠത്തിലെ ആത്മനിരത ചൈതന്യസ്വാമി, മേൽമരവത്തൂർ ആദിപരാശക്തി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് രക്ഷിത് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ബെല്ലാരിയിൽ ദേശ്ഭക്ത് നാഗരിക വേദികെയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കടകൾ അടച്ചിട്ടു. പ്രതിഷേധക്കാർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. റായ്ച്ചൂരിൽ വിദ്യാർഥികളടക്കമുള്ളവർ പ്രതിഷേധത്തിൽ അണിനിരന്നു. മാണ്ഡ്യയിൽ ഡി.സി ഓഫിസിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. രാമനഗര ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിലേക്ക് ‘ജനാന്ദോളന യാത്ര’ പ്രതിഷേധക്കാർ സംഘടിപ്പിച്ചു. ചിത്രദുർഗയിൽ ഒനക്ക ഒബവ്വ സർക്കിളിലും കോലാറിൽ ബംഗാർപേട്ട് സർക്കിളിലുമായിരുന്നു പ്രതിഷേധം.
ദക്ഷിണ കന്നട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗളൂരു നഗരത്തിൽ അംബേദ്കർ സർക്കിളിൽനിന്ന് ആരംഭിച്ച മാർച്ച് ഹംബൻകട്ട മിനി വിടാൻ സൗധ പരിസരത്ത് സമാപിച്ചു. സമാപന പൊതുയോഗം അവസാനിക്കും വരെ തിരക്കേറിയ നഗരപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് കാഴ്ചക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.