ഹിറ മോറൽ സ്കൂൾ ആഗോള വിദ്യാർഥി സംഗമം നാളെ

ബംഗളൂരു: ധാർമിക വിദ്യാഭ്യാസരംഗത്ത് പുതുവഴിതീർത്ത ഹിറാ മോറൽ സ്കൂൾ (എച്ച്.എം.എസ്) വിദ്യാർഥികളുടെ ആഗോള സംഗമം ശനിയാഴ്ച നടക്കും. കോഴിക്കോട് അൽഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ രാവിലെ 10 മുതൽ നടക്കുന്ന സംഗമത്തിൽ 22 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വിവിധ കലാകായിക മത്സരങ്ങളിൽ മാറ്റുരക്കും.

ബംഗളൂരു ആസ്ഥാനമായി 22 വർഷമായി സേവനപാതയിലുള്ള എച്ച്.എം.എസ് ആദ്യമായാണ് ഇത്തരമൊരു ആഗോളസംഗമം ഒരുക്കുന്നത്. ക്വിൽ ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ കെ.കെ. സുഹൈൽ ഉദ്ഘാടനം ചെയ്യും. ഡോ. സുലൈമാൻ മേൽപത്തൂർ മുഖ്യപ്രഭാഷണം നടത്തും. അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഇ.എം. സഫിയ, എച്ച്.എം.എസ് സെക്രട്ടറി ഷംസീർ വടകര, പ്രിൻസിപ്പൽ ഷബീർ മുഹ്‌സിൻ എന്നിവർ പങ്കെടുക്കും.

കലാകായിക പരിപാടികൾക്കുപുറമെ, മോട്ടിവേഷനൽ ക്ലാസുകൾ, വിദ്യാർഥികളുടെ എക്സിബിഷൻ, സുവനീർ പ്രദർശനം, പുസ്തക സ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയുണ്ടാകും. അക്കാദമിക് എക്സലൻസ് അവാർഡും പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം കൺവീനർ അഡ്വ. നൗഫൽ മാമ്പറ്റ അറിയിച്ചു.

ഏകാധ്യാപക വിദ്യാലയമായി വെറും ഏഴു വിദ്യാർഥികളുമായി 2000 ജൂണിൽ ബംഗളൂരു കോറമംഗലയിൽ ആരംഭിച്ച സംരംഭത്തിൽ ഇന്ന് മജ്ലിസ് ബോർഡിന്റെ അഫിലിയേഷനോടെ ഓൺലൈനിലും ഓഫ്ലൈനിലുമായി അഞ്ച് ടൈം സോണുകളിലായി 22ൽ പരം രാജ്യങ്ങളിൽ നിന്നുമുള്ള ആയിരത്തിലേറെ വിദ്യാർഥികളാണുള്ളത്.

ക്ലാസ് മുറിക്ക് പുറത്ത് ധാർമിക വിദ്യാഭ്യാസത്തിന്റെ അനുഭവ പാഠങ്ങൾ പകർന്നു നൽകുന്ന പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന എച്ച്.എം.എസിന് കീഴിൽ വരുംവർഷങ്ങളിൽ രക്ഷിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ, വിദേശ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ആലോചനയിലുണ്ടെന്ന് സെക്രട്ടറി ഷംസീർ വടകര അറിയിച്ചു.

Tags:    
News Summary - Hira Moral School global student meeting tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.