ബംഗളൂരു: തന്റെ മകൻ തെറ്റുകാരനെങ്കിൽ തൂക്കിക്കൊന്നോളൂ എന്ന് തൊഴുകൈകളോടെ മനോരഞ്ജന്റെ പിതാവ് ദേവരാജ ഗൗഡ. പാർലമെന്റിന്റെ നടുത്തളത്തിൽ അതിക്രമിച്ചുകടന്ന് മനോരഞ്ജനും സുഹൃത്തും സ്മോക്ക് ഗൺ പ്രയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതികരണം തേടി, മൈസൂരു വിജയനഗർ സെക്കൻഡ് സ്റ്റേജിലെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ കർഷക കുടുംബത്തിൽനിന്നുള്ളവരാണ്. എന്റെ മകൻ നല്ലവനാണ്. സത്യസന്ധനും വിശ്വസ്തനുമാണ്. സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യണമെന്നും ത്യാഗം ചെയ്യണമെന്നും മാത്രമായിരുന്നു അവന്റെ ആഗ്രഹം. ക്രിമിനൽ പശ്ചാത്തലമൊന്നുമില്ല. നന്നായി പുസ്തകങ്ങൾ വായിക്കുന്ന കൂട്ടത്തിലാണ്. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ പതിവായി വായിക്കാറുണ്ടായിരുന്നു. ഈ പുസ്തകങ്ങൾ വായിച്ചാണ് അവന് ഇത്തരം ചിന്ത രൂപപ്പെട്ടതെന്ന് ഞാൻ സംശയിക്കുന്നു. ഇപ്പോഴവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അവൻ നല്ലതാണ് ചെയ്തതെങ്കിൽ അത് അംഗീകരിക്കാം. എന്നാൽ, തെറ്റാണ് ചെയ്തതെങ്കിൽ അവനെ തൂക്കിക്കൊന്നോളൂ. തെറ്റുകാരനാണെങ്കിൽ അവനെന്റെ മകനല്ല. നമ്മളുടേതാണ് പാർലമെന്റ്. ജനങ്ങളാണത് നിർമിച്ചത്. മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെയാണ് അതിനായി അത്യധ്വാനം ചെയ്തത്. പാർലമെന്റിലെ അതിക്രമം ആരു ചെയ്താലും അപലപനീയമാണ്; അംഗീകരിക്കാനാവില്ല.’ -ദേവരാജ ഗൗഡ പറഞ്ഞു.
കർണാടക ഹാസൻ അർക്കലഗുഡ് മല്ലാപുര സ്വദേശികളായ ദേവരാജ ഗൗഡയും കുടുംബവും മക്കളുടെ മികച്ച വിദ്യാഭ്യാസത്തിന് വേണ്ടിയാണ് 17 വർഷം മുമ്പ് മൈസൂരുവിലേക്ക് താമസം മാറിയത്. മൈസൂരുവിൽ സെന്റ് ജോസഫ്സ് സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് 2016ൽ കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദവും പൂർത്തിയാക്കിയ ഡി. മനോരഞ്ജൻ (35) പിന്നീട് കൃഷി നോക്കിനടത്തുകയായിരുന്നു. ബംഗളൂരുവിലും ഡൽഹിയിലും ചില സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നതായും പിതാവ് ദേവരാജ ഗൗഡ വെളിപ്പെടുത്തി. പാർലമെന്റ് സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കർണാടക പൊലീസ് മൈസൂരുവിൽ മനോരഞ്ജന്റെ വസതിയിലെത്തി വീട്ടുകാരിൽനിന്ന് വിവരം ശേഖരിച്ചു. മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ നൽകിയ പാസ് ഉപയോഗിച്ചാണ് മനോരഞ്ജനും സുഹൃത്ത് സാഗർ ശർമയും പാർലമെന്റിൽ കടന്നത്. ഈ പാസ് സംഘടിപ്പിക്കാനായി മനോരഞ്ജൻ മൂന്നുമാസമായി പലതവണ മൈസൂരുവിലെ എം.പി ഓഫിസുമായി ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇവർക്കുപുറമെ, മൂന്നാമതൊരാൾക്കുകൂടി എം.പിയുടെ പാസ് നൽകിയിരുന്നു. കുട്ടിയുമായെത്തിയ വനിതക്കാണ് പാസ് നൽകിയത്. എന്നാൽ, പാസിൽ ഇവരുടെ പേരില്ലാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാർ പാർലമെന്റിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇവർക്ക് മറ്റു രണ്ടുപേരുമായി ബന്ധമില്ലെന്നാണ് വിവരം. അതിനിടെ, മൈസൂരുവിൽ പ്രതാപ് സിംഹ എം.പിയുടെ ഓഫിസിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.