ബംഗളൂരു: രാജ്യത്ത് ആദ്യമായി കർണാടകയിൽ ട്രാൻസ്ജെൻഡർമാരെ സർക്കാർ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കുന്നു. സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി വകുപ്പ് സർക്കാർ സ്കൂളുകളിൽ അധ്യാപകരാകാൻ തെരഞ്ഞെടുത്തവരുടെ താൽക്കാലിക പട്ടിക പുറത്തുവിട്ടിരുന്നു. 13,363 പേരാണ് ഇതിൽ ഉള്ളത്. ഇവരിൽ മൂന്നുപേർ ട്രാൻസ്ജെൻഡർമാരാണ്. സുരേഷ് ബാബു, വൈ.ആർ. രവികുമാർ, അശ്വത്ഥാമ എന്നിവരാണിവർ. ഇതിൽ ബാബു ഇംഗ്ലീഷും കുമാറും അശ്വത്ഥാമും സാമൂഹികശാസ്ത്രവുമാണ് പഠിപ്പിക്കുക.
15,000 ഒഴിവുകളിലേക്കുള്ള നിയമനനടപടികൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ഒരു ശതമാനം ഒഴിവുകൾ (150 തസ്തികകൾ) ട്രാൻസ്ജെൻഡർമാർക്കായി സംവരണം ചെയ്തിരുന്നു. ഈ വിഭാഗത്തിൽനിന്ന് ആകെ പത്തുപേരാണ് പരീക്ഷയെഴുതിയത്. ഇതിൽ വിജയിച്ച മൂന്നുപേരെയാണ് നിയമിക്കുന്നത്.
പവിത്ര എന്നറിയപ്പെടാനാണ് 44 വയസ്സുള്ള ബാബുവിന്‍റെ ആഗ്രഹം. അധ്യാപകനാവുക എന്നത് തന്‍റെ വലിയ ആഗ്രഹമായിരുന്നുവെന്നും ഏറെ ത്യാഗം സഹിച്ചാണ് നേട്ടത്തിൽ എത്തിയതെന്നും ബാബു പറഞ്ഞു. ബി.എ, ബി.എഡ് ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും ആണ് ബാബുവിന്‍റെ യോഗ്യത. നിരവധി സ്വകാര്യ സ്കൂളുകളിൽ അപേക്ഷിച്ചുവെങ്കിലും ട്രാൻസ്ജെൻഡർ ആയതിനാൽ അവസരം നിഷേധിക്കപ്പെട്ടിരുന്നു. അവസരം തന്ന കർണാടക സർക്കാറിന് നന്ദി പറയുകയാണെന്നും ബാബു എന്ന പവിത്ര പറഞ്ഞു. നേരത്തേ സ്വകാര്യ ട്യൂഷൻ സെന്‍ററുകളിൽ പഠിപ്പിച്ച പരിചയം സർക്കാർ സ്കൂളിൽ തനിക്ക് ഗുണകരമാവുമെന്നും ബാബു പറഞ്ഞു. അപേക്ഷിച്ച ആകെ 1.16 ലക്ഷം ഉദ്യോഗാർഥികളിൽ 68,849 പേരാണ് പരീക്ഷയെഴുതിയത്. 51098 പേരാണ് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.