ബംഗളൂരു: ഇന്ത്യയിലെ വിവിധ ഭാഷ, സംസ്കാരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ സ്ഥാപിച്ച 'ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷ'ന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച ബംഗളൂരുവിൽ നടക്കും. ആദ്യഘട്ടത്തിൽ കേരളവും മലയാളികളുമായി ബന്ധപ്പെട്ട രേഖകളും പിന്നീട് മറ്റു ഭാഷ-സംസ്കാര രേഖകളും ഡിജിറ്റലൈസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഒരു ദശാബ്ദത്തിലേറെ കാലമായി കേരളവുമായി ബന്ധപ്പെട്ട രേഖകളുടെ വിലമതിക്കാനാവാത്ത ഡിജിറ്റൽ ശേഖരം ഒരുക്കിയ ബംഗളൂരു മലയാളിയും പാലക്കാട് സ്വദേശിയുമായ ഷിജു അലക്സാണ് ഇതിന്റെ പ്രാരംഭ സംരംഭത്തിന് തുടക്കമിട്ടത്.
സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി 2009 മുതൽ 2021 വരെയുള്ള കാലയളവിൽ 2000ത്തിലേറെ അപൂർവ രേഖകളാണ് 'ഗ്രന്ഥപ്പുര' എന്ന പേരിൽ ഡിജിറ്റലൈസ് ചെയ്തത്. വിപുലമായ തലത്തിലേക്ക് ഈ സംരംഭത്തെ എത്തിക്കാനുള്ള ശ്രമത്തെ തുടർന്നാണ് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെ പിറവി. ഷിജു അലക്സിനെ കൂടാതെ ബംഗളൂരു മലയാളിയും കണ്ണൂർ സ്വദേശിയുമായ ജിസോ ജോസ്, കോഴിക്കോട് സ്വദേശി കൈലാഷ് നാഥ് എന്നിവരാണ് സ്ഥാപക പ്രവർത്തകർ. കഴിഞ്ഞ ജൂൺ 14ന് പാലക്കാട് മണ്ണാർക്കാട് കേന്ദ്രമായി ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു.
കേരളവുമായി ബന്ധപ്പെട്ട് മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, സുറിയാനി, സുറിയാനി-മലയാളം, അറബി മലയാളം, ലത്തീൻ, പോർചുഗീസ്, ജർമൻ തുടങ്ങി വിവിധ ഭാഷകളിലും ലിപികളിലുമുള്ള രേഖകൾ ക്രോഡീകരിച്ച് പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാകുന്ന വിധത്തിൽ സജ്ജീകരിക്കുകയാണ് ഫൗണ്ടേഷന്റെ കേരള ഡിജിറ്റൽ ആർക്കൈവ് എന്ന ബൃഹദ് പദ്ധതി. അച്ചടിച്ച പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും താളിയോല, ചിത്രങ്ങൾ തുടങ്ങിയവയും ഓഡിയോ വിഡിയോ രൂപത്തിലുള്ളവയും തുടങ്ങി ലഭ്യമായ എല്ലാ പൊതുരേഖകളും ഡിജിറ്റലൈസ് ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മലയാള ലിപി ചിത്രമായിട്ട് അച്ചടിച്ച ആദ്യത്തെ പുസ്തകമായ 1678ലെ 'ഹോർത്തൂസ് മലബാറിക്കസ്', അച്ചുവാർത്ത് മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകമായ 1772ലെ 'ആൽഫബെത്തും ഗ്രാൻഡോണിക്കൊ മലബാറിക്കം', അച്ചിൽവാർത്ത് മലയാള ലിപി അച്ചടിച്ച ആദ്യത്തെ സമ്പൂർണ മലയാള പുസ്തകമായ 1772 ലെ 'സംക്ഷേപ വൈദാർത്ഥം', ഇന്ത്യയിൽ അച്ചടിച്ച ആദ്യ മലയാള പുസ്തകമായ 1811ലെ 'റമ്പാൻ ബൈബിൾ', കേരളത്തിൽ മലയാള ലിപിയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമായ 1824ലെ 'ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംക്ലീശിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' തുടങ്ങിയ അപൂർവ ചരിത്രരേഖകൾ ഇദ്ദേഹം ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
ജർമനിയിലെ ട്യുബിങ്ങൻ സർവകലാശാലയുമായി സഹകരിച്ച് 2012-18 കാലഘട്ടത്തിൽ 'ഗുണ്ടർട്ട് ലെഗസി' എന്ന ബൃഹദ് പദ്ധതിയിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഈ നിസ്വാർഥ സേവനത്തെ മാനിച്ച് ലോകോത്തര സർവകലാശാലകളുടെ അംഗീകാരവും ഷിജുവിനെ തേടിയെത്തിയിരുന്നു. ലോകചരിത്ര പഠനത്തിൽ പ്രാധാന്യമുള്ള ഡിജിറ്റൽ ശേഖരങ്ങളുടെ പട്ടികയിൽ ഷിജുവിന്റെ ശേഖരത്തെ ഓക്സ്ഫഡ് സർവകലാശാല ഉൾപ്പെടുത്തി. ചരിത്ര ഗവേഷണത്തിന് ഉപകരിക്കുന്ന ഓൺലൈൻ ഉറവിടങ്ങളുടെ പട്ടികയിൽ ഷിജുവിന്റെ ഉദ്യമത്തെ കേരള ചരിത്രശേഖരം എന്ന പേരിൽ ഹാർവാഡ് സർവകലാശാല ഉൾപ്പെടുത്തിയപ്പോൾ, ടെക്സാസ് സർവകലാശാലയിലെ ഏഷ്യൻ പഠന വിഭാഗവും ഇത് ലിസ്റ്റ് ചെയ്തു.
കേരളവും മലയാളവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ ഈ മേഖലയിലെ ഗവേഷകരും വിദ്യാർഥികളുമടക്കമുള്ളവർ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് പ്രാഥമിക ഉറവിടമായ രേഖകൾ ഏതു സമയത്തും എവിടെനിന്നും പരിശോധിക്കാവുന്ന വിധത്തിൽ ഡിജിറ്റലൈസ് ചെയ്യുന്നത്. ഇത് ഭാഷ-സംസ്കാര രംഗത്തെ ഗവേഷണത്തിന് വൻ കുതിപ്പേകുമെന്നാണ് ഫൗണ്ടേഷൻ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 2.30ന് ഹൊസൂർ റോഡിലെ ക്രൈസ്റ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മലയാളം റിസർച്ച് ജേണൽ ചീഫ് എഡിറ്റർ ഡോ. ബാബു ചെറിയാൻ, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി പ്രോ. വി.സി ഫാ. ഡോ. ജോസ് സി.സി., സാഹിത്യ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ, മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.