ബംഗളൂരു: 59 പേരുമായി മൂന്നാം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ച ജെ.ഡി-എസ് ഏഴു സീറ്റുകളിൽ മറ്റു പാർട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. സി.പി.എമ്മിനും റിപ്പബ്ലിക്കൻ പാർട്ടിക്കും മൂന്നു സീറ്റുകളിൽ വീതവും കോൺഗ്രസിന് ഒരു സീറ്റിലും പിന്തുണ നൽകും. നേരത്തേ പുറത്തിറക്കിയ പട്ടികയിൽ 12 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റി പ്രഖ്യാപിക്കുകയും ചെയ്തു.
എം.എൽ.സി സ്ഥാനം രാജിവെച്ച് കഴിഞ്ഞ ദിവസം ജെ.ഡി-എസിലെത്തിയ ബി.ജെ.പി നേതാവ് ആയന്നൂർ മഞ്ജുനാഥിന് ശിവമൊഗ്ഗ സിറ്റി മണ്ഡലം നൽകി. മുൻ കോൺഗ്രസ് എം.എൽ.സി രഘു ആചാറിന് ചിത്രദുർഗയും മുൻ ബി.ജെ.പി നേതാവും യെദിയൂരപ്പയുടെ മരുമകനുമായ എൻ.ആർ. സന്തോഷിന് അരസിക്കരെയും മുൻ കോൺഗ്രസ് എം.എൽ.എ അനിൽ ലാഡിന് ബെള്ളാരി സിറ്റിയും മണ്ഡലമായി നൽകി. മുൻ ബി.ജെ.പി എം.എൽ.എ എം.പി. കുമാരസ്വാമിക്ക് മുദിഗരെ സീറ്റ് നൽകി.
സി.പി.എമ്മിന് പ്രതീക്ഷയുള്ള ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയിൽ ജെ.ഡി-എസ് പിന്തുണ ലഭിക്കും. മുമ്പ് സി.പി.എം മൂന്ന് തവണ വിജയിച്ച മണ്ഡലമാണിത്. ഇത്തവണ ചിക്കബല്ലാപുര ജില്ല സെക്രട്ടേറിയറ്റംഗം ഡോ. അനിൽകുമാറാണ് സി.പി.എം സ്ഥാനാർഥി. കലബുറഗി റൂറൽ, കെ.ആർ. പുരം എന്നീ മണ്ഡലങ്ങളിലും സി.പി.എമ്മിന് ജെ.ഡി-എസ് പിന്തുണ കിട്ടും. സി.വി. രാമൻ നഗർ, വിജയനഗര, മഹാദേവപുര എന്നിവിടങ്ങളിൽ ജെ.ഡി-എസ് റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കും. നഞ്ചൻകോടിൽ കോൺഗ്രസ് സ്ഥാനാർഥി ദർശൻ ധ്രുവനാരായണനെ പിന്തുണക്കാൻ തീരുമാനിച്ചു.
ദർശന്റെ പിതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായിരുന്ന ധ്രുവനാരായണൻ കഴിഞ്ഞ മാർച്ച് മൂന്നിനും മാതാവ് വീണ ഏപ്രിൽ ഏഴിനും മരണപ്പെട്ടിരുന്നു. ധ്രുവനാരായണനോടുള്ള ആദര സൂചകമായാണ് ജെ.ഡി-എസ് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് തീരുമാനിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.